(ബിലാത്തി മലയാളി ജൂലൈ 2008)
അടുത്ത കാലത്ത് ഗോസിപ്പ് ചാനലിലൂടെ ചാനലിലൂടെ കടല്‍ കടന്നു വന്ന ഒരു വാര്‍ത്ത. കഥാ(സംഭവ)പാത്രങ്ങളെ നമുക്കു പലര്‍ക്കും പരിചയമുള്ളതുകൊണ്ട് അവരുടെ യഥാര്‍ത്ഥ പേരുകള്‍ വെളിപ്പെടുത്തുന്നില്ല.
തോമസ് ജേക്കബ് എന്ന ടോമി ചേട്ടനാണ് ഇതിലെ നായകന്‍. നമ്മുടെ ചേട്ടന്‍ ആളൊരു പശു, അഥവാ, നിരുപദ്രവ ജീവിയാണെന്നാണ് പൊതുവേയുള്ള ഇംപ്രഷന്‍. ആരോടും അടുപ്പമോ സ്നേഹമോ ഇല്ലാതെ, സ്വന്തം കാര്യം സിന്ദാബാദായി നടക്കുന്ന അസംഖ്യം ഗള്‍ഫ് മലയാളി കോടീശ്വരന്മാരില്‍ ഒരാള്‍. ഒരു കുവൈത്തി സ്ളാംഗ് ഉപയോഗിച്ചാല്‍ "വാങ്ക് വിളിക്കു മുന്നേ എത്തിയ ആളാണ്'' ചേട്ടന്‍ കുവൈത്തില്‍ എത്തിയിട്ട് കാലം കുറെയായി എന്നര്‍ത്ഥം. കുവൈത്തി ദീനാറിന്റെ മൂല്യം അറിയാനും, ഭക്ഷണം കഴിക്കാനുമല്ലാതെ പുള്ളിക്കാരന്‍ വായ് തുറക്കാറില്ലെന്ന് ജനസംസാരം.
മാന്യദേഹം കാലത്തെണീക്കും. അര മണിക്കൂര്‍ നടക്കാന്‍ പോകും. തിരിച്ചു വന്ന് മിസസ്സ് വിമലാ തോമസ് ചൂടാറാതെ ടേബിളില്‍ എടുത്തു വച്ച നാല് ഇഡ്ഢലിയോ, ഒരു കുറ്റി പുട്ടോ അകത്താക്കും. വടി പോലെ തേച്ച ഷര്‍ട്ടും, പാന്റ്സും ടൈയും അണിഞ്ഞ് കൃത്യ സമയത്ത് കാറില്‍ കയറി ഓഫീസില്‍ പോകും. വൈകിട്ടു കുറെ നേരം ടി.വി. കാണും. പിന്നെ, രണ്ടു ചപ്പാത്തിയും, കുടമ്പുളിയിട്ടു വച്ച മീന്‍ കറിയും കഴിച്ച് നേരെ കിടക്കാന്‍ പോകും. പ്രോഗ്രാം ചെയ്ത റോബോട്ട് പോലെ ഒരു ജീവിതം.
'കറി കുറച്ചു കൂടി വേണോ?' 'സ്കൂള്‍ ഫീസ് കൊടുക്കാന്‍ സമയമായി' തുടങ്ങിയ ഡയലോഗുകള്‍ക്ക് (സോറി മോണലോഗ്) മുതല്‍ 'കൊച്ചിന് പനിയാണ്, ഹോസ്പിറ്റലില്‍ പോവണം' എന്ന എമര്‍ജന്‍സി കോളിനു വരെ ഒരു മൂളലായിരിക്കും മറുപടി. കുറ്റം പറയരുതല്ലോ. ഭക്ഷണത്തിനോ മറ്റ് ലക്ഷ്വറികള്‍ക്കോ ഭാര്യയ്ക്കും മക്കള്‍ക്കും യാതൊരു പഞ്ഞവുമില്ല. "നീ ഉണ്ടില്ലെങ്കിലും....'' എന്ന് 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്യാണ സമയത്ത് അച്ചനും കര്‍ത്താവിനും നല്‍കിയ വാക്ക് തെറ്റാതെ പാലിക്കുന്നുമുണ്ട്. അതിനുപരി സ്നേഹം, വാത്സല്യം തുടങ്ങിയ വികാര പ്രകടനങ്ങളൊന്നും ടോമിച്ചേട്ടന്‍ ചെറുപ്പത്തിലേ കണ്ടു ശീലിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇനി അതൊക്കെ ഒന്നു പരീക്ഷിച്ചു കളയാമെന്ന് ആഗ്രഹവുമില്ല. ഭക്ഷണവും വസ്ത്രവും കൊടുക്കാമെന്നല്ലേ ദൈവത്തോടുള്ള കരാറിലും പറയുന്നുള്ളൂ.
ഈ നിര്‍വികാരത കണ്ട് ആദ്യമൊക്കെ കണ്ണു നനക്കാറുള്ള വിമലച്ചേട്ടത്തി പിന്നെ പിന്നെ "ഉള്ളില്‍ സ്നേഹമില്ലാതിരിക്കുമോ'' എന്നു തന്നോടുതന്നെ പറഞ്ഞു സമാധാനിച്ചു. വല്ലാതെ സഹികെടുമ്പോള്‍ അതിയാന്റെ തലയാണെന്നു സങ്കല്പിച്ച് കണ്ണാടിപാത്രങ്ങള്‍ എറിഞ്ഞുടച്ചും, ഉളളിയും സബോളയും മൂര്‍ച്ചയുളള കത്തി വച്ച് കുനുകുനെ വെട്ടിയരിഞ്ഞും പുള്ളിക്കാരി ദേഷ്യത്തിന് അടുക്കളയില്‍ ഒരു ഔട്ട്ലെറ്റ് തുറന്നു.
അങ്ങനെ ടോമി ചേട്ടനും വിമല ചേടത്തിയും തങ്ങളുടേതായ ഓരോ മധുര, മനോജ്ഞ, സുരഭില ലോകത്തില്‍ ജീവിക്കുന്ന കാലത്താണ് ഈ സംഭവം. ചേടത്തി ഡ്രൈവറുടെയോ, പോസ്റ്മാന്റെയോ കൂടെ ഒളിച്ചോടി പോയിട്ടുണ്ടാവും എന്ന ഒരു സ്വാഭാവിക ക്ളൈമാക്സ് പ്രതീക്ഷിക്കുന്ന വായനക്കാര്‍ക്ക് തെറ്റി.
നാട്ടില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന മൂത്ത മകന് പ്രോജക്ട് വര്‍ക്ക് ചെയ്യാന്‍ വാങ്ങി ഇപ്പോള്‍ പൊടി പിടിച്ചിരിക്കുന്ന കംപ്യൂട്ടര്‍ ടോമി ചേട്ടന്റെ ഓഫീസിലേക്ക് പ്രമോഷനോടു കൂടി സ്ഥലം മാറിപ്പോയത് അക്കാലത്താണ് 'ദീപിക' പേപ്പര്‍ വായിക്കാതെ ഉറക്കം വരാത്ത ഇദ്ദേഹം പത്രം വരുത്തുന്നതു നിര്‍ത്തി അല്പം മോഡേണ്‍ ആയി ഇന്റര്‍നെറ്റ് എഡിഷന്‍ വായിക്കാന്‍ ആരംഭിച്ചു. വാര്‍ത്ത ചൂടാറാതെ വായിക്കുകയുമാവാം. ഒപ്പം പത്രത്തിനു കൊടുക്കുന്ന പൈസയും ലാഭം എന്ന ഒരു സാദാ അച്ചായന്‍സ് സെന്‍സ് ആന്റ് സെന്‍സിബിലിറ്റി മാത്രമേ ടോമി ചേട്ടന് തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളൂ.മിഡില്‍ ഈസ്റിലെ കടുത്ത ഐറ്റി സെന്‍സര്‍ഷിപ്പുകള്‍ക്കിടയിലും ഒളിഞ്ഞും, തെളിഞ്ഞും. മാടി വിളിക്കുന്ന ചാറ്റ് സുന്ദരികള്‍ പതിയെ പതിയെ ടോമി ചേട്ടനെയും സൈബര്‍വലയില്‍ വീഴ്ത്തി. അങ്ങനെ ഒരു ദിവസം എപ്പോളോ ആണ് റഷ്യന്‍ സുന്ദരി (പുള്ളിക്കാരിയുടെ പേര് എനിക്കറിയില്ല ടോള്‍സ്റോയിയോട് ക്ഷമ ചോദിച്ചു കൊണ്ട് തല്‍ക്കാലം നമുക്ക് അവളെ അന്ന എന്നു വിളിക്കാം) അന്ന ടോമി ചേട്ടന്റെ ചാറ്റ്മേറ്റ് ആകുന്നത്. അന്നക്കുട്ടിയുടെ പഞ്ചാരകൊഞ്ചലുകള്‍ ടോമി ചേട്ടന്റെ മനസ്സില്‍ കയറി കൂടിയതും മണി എക്സ്ചേഞ്ച് വഴി കുവൈറ്റി ദിനാറുകള്‍ റഷ്യയിലേക്കു പറക്കുന്നതും പതിവിലുമേറെ നേരം ടിയാന്‍ കംപ്യൂട്ടറിനു മുന്നില്‍ തപസ്സിരിക്കുന്നതും ചുണ്ടത്തു മൂളിപ്പാട്ടും. കണ്ണുകളില്‍ തിളക്കവുമായി തേരാപാരാ നടക്കുന്നതും എന്തുകൊണ്ടോ വിമല ചേടത്തി അറിയാതെ പോയി.
പിള്ളേരെ കാണാന്‍ നാട്ടില്‍ പോയി ചെമ്മീന്‍ അച്ചാറും, കരിമീന്‍ ഫ്രൈയുമായി തിരിച്ചെത്തിയ ചേടത്തി ഫ്ളാറ്റിന്റെ വാതില്‍ തുറന്നപ്പോള്‍ സോഫായില്‍ നിറഞ്ഞിരിക്കുന്ന ഒരു സര്‍വ്വാംഗ സുന്ദരി കുവൈറ്റിലെ അധിനിവേശത്തിനും, കൂട്ടക്കൊലക്കും ശേഷം ധാരാളം പ്രേതങ്ങള്‍ ജാതി, മത, ദേശ വ്യത്യാസങ്ങളില്ലാതെ പലരേയും സന്ദര്‍ശിക്കാറുണ്ടെന്നു കേട്ടിട്ടുള്ളതുകൊണ്ട് താലിയില്‍ കോര്‍ത്തിട്ടിരിക്കുന്ന കുരിശു പൊക്കി കാണിക്കുകയാണ് വിമല ചേടത്തി ആദ്യം ചെയ്തത്. കുരിശു കണ്ടിട്ടും ഈ കുരിശ് പോകുന്നില്ലെന്നു കണ്ടപ്പോളാണ് ചേടത്തിക്ക് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടിയത്.
ടോമി ചേട്ടന്‍ പതിവു നിര്‍വികാരതയോടെ നയം വ്യക്തമാക്കി. "എനിക്കിനി അന്നക്കുട്ടി മതി. നീ നാട്ടില്‍ പൊയ്ക്കോ. നിനക്കും പിള്ളേര്‍ക്കുമുള്ളത് ഞാന്‍ നാട്ടിലേക്ക് അയച്ചു തരാം.''
വൈകി വന്ന വസന്തത്തിനെ വന്ന വഴിയെ തിരിച്ചയക്കാന്‍ നാട്ടുകാരും കൂട്ടുകാരും, എന്തിന് പള്ളീലച്ചനും വരെ ശ്രമിച്ചിട്ടും ടോമി ചേട്ടന്‍ സമ്മതിച്ചില്ലാത്രേ.അന്നക്കുട്ടിയും ടോമി ചേട്ടനും ഫ്ളാറ്റില്‍ സസുഖം വാഴുന്നു എന്നാണ് ലേറ്റസ്റ് റിപ്പോര്‍ട്ട്. വിമല ചേട്ടത്തിക്കും പിള്ളേര്‍ക്കും എന്തു പറ്റിയെന്നറിയില്ല. നല്ല കാലത്ത് കാരണവരും, പിന്നെ ടോമി ചേട്ടനും ധാരാളം സമ്പാദിച്ചിട്ടുള്ളതിനാല്‍ പൈസയ്ക്കു ബുദ്ധിമുട്ടുണ്ടാവില്ലെന്ന് നമുക്കാശ്വസിക്കാം.
ടോമി ചേട്ടന്‍ പണ്ടേ ആളു പിശകാണെന്നും, വിമല ചേടത്തി വഴക്കാളിയാണെന്നും അന്നക്കുട്ടി ടോമി ചേട്ടനെ ബ്ളാക്ക്മെയ്ല്‍ ചെയ്തെന്നുമൊക്കെ പല അനുബന്ധ അനാലിസിസുകളും നമ്മുടെ അമച്വര്‍ മനഃശാസ്ത്രജ്ഞര്‍ നടത്തുന്നുണ്ട്. സത്യം എന്താണെന്ന് ഏതായാലും എനിക്കറിയില്ല.
ഒന്നു രണ്ടു മാസം മുന്‍പ് ഒരു കൊച്ചു മിടുക്കി പ്രതിശ്രുത വരന്‍ സൊള്ളാനായി സമ്മാനിച്ച മൊബൈലില്‍ കൂടി മറ്റൊരാളെ ലൈനടിച്ചതും ഓടി പോയി കല്യാണം കഴിച്ചതുമൊക്കെ കേട്ട് ഷോക്കടിച്ച പുരുഷ പ്രജകള്‍ ഇപ്പോള്‍ 'ഉരുളക്കുപ്പേരി' എന്നു പറഞ്ഞു സന്തോഷിക്കുന്നുണ്ടാവും.
ചതിയിലും ഒരു ആണ്‍-പെണ്‍ സമത്വം വേണമല്ലോ.