പൊടിപ്പും തൊങ്ങലും(ബിലാത്തി മലയാളീ ഫെബ്രുവരി 2010)
'കേരള കഫെ'യില്‍ ദിലീപിന്റെ ഒരു കഥാപാത്രമുണ്ട് - സണ്ണിക്കുട്ടി എന്നോ, ശിവന്‍കുട്ടി എന്നോ, ഉസ്മാന്‍കുട്ടി എന്നോ വിളിക്കാവുന്ന, 'നൊസ്റ്റാള്‍ജിയ' എന്ന ഒറ്റ മതം മാത്രമുള്ള പ്രവാസി. മകരമഞ്ഞും, ചിങ്ങക്കാറ്റും, ഓണത്തുമ്പിയുമൊക്കെ മനസ്സില്‍ കൊണ്ടു നടക്കുന്ന, വയല്‍വരമ്പിലെ ദാവണിയിട്ട നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളില്‍ കാതരമാവുന്ന ഈ മറുനാടന്‍ മലയാളിയെ കേരളത്തിലെ പ്രേക്ഷകനേക്കാളും മറുനാട്ടുകാര്‍ക്കാവും പരിചയം. നാട്ടിലെത്തിയാല്‍ കരയ്ക്കിട്ട മീനിനെപ്പോലെ പിടയുന്ന, നാട്ടിലെ സകലതിനും കുറ്റം കാണുന്ന, എന്നാല്‍ തിരിച്ചെത്തിയാലുടന്‍ ഏസിയുടെ തണുപ്പിലും വിസ്ക്കിയുടെ ചൂടിലുമിരുന്നു ഗൃഹാതുരത്വം ഒരു ഫാഷനാക്കുന്ന ഒരു മിഡില്‍ ക്ലാസ് മലയാളിയെ ദിലീപ് അഭിനയിച്ച് കുളമാക്കിയിട്ടുണ്ടെങ്കിലും നമ്മള്‍ ഓര്‍ത്തിരിക്കും. കാരണം അത് ഓരോ പ്രവാസിയുടെയും രേഖാചിത്രമാണ്.
ഓരോ മനുഷ്യനും വളരെ പേഴ്സണല്‍ ആയ കാര്യമാണ് നൊസ്റ്റാള്‍ജിയ അഥവാ ഗൃഹാതുരത്വം. ബാല്യത്തില്‍ കണ്ടു പരിചയിച്ച നാട്, ബന്ധുക്കള്‍, ഭക്ഷണം, പ്രകൃതി, തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള ഓര്‍മ്മകള്‍ നൊസ്റ്റാള്‍ജിയയെ ട്രിഗ്ഗര്‍ ചെയ്യുന്നു. ഭൂതകാലത്തെ പറ്റി കുറച്ചൊക്കെ ഐഡിയലൈസ് ചെയ്യപ്പെട്ട ഓര്‍മ്മകളും, അക്കാലത്തേക്ക് തിരിച്ചു പോവാനുള്ള അദമ്യമായ ആഗ്രഹവുമാണ് നൊസ്റ്റാള്‍ജിയ എന്നു നിര്‍വ്വചനം. കാലവും ദേശവും അകലും തോറും സന്തോഷകരമായ ബാല്യകാലസ്മൃതികള്‍ ശക്തമാകുന്നു. കുട്ടിക്കാലത്തു കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോള്‍ കിട്ടുന്നില്ലെന്നു പരാതിപ്പെടുന്നവരും, "അന്നത്തെ കാലമായിരുന്നു കാലം" എന്നു നെടുവീര്‍പ്പിടുന്നവരും ഈ പ്രോസസ്സിലൂടെ കടന്നു പോവുന്നവരാണ്. എന്നിരുന്നാലും ഇവിടെയൊക്കെയുള്ള ഒരു വസ്തുത നമുക്കൊക്കെ ഓര്‍ക്കാനും നെടുവീര്‍പ്പിടാനും ഒരു കുട്ടിക്കാലവും അതിന്റെ കുറെ നല്ല ഓര്‍മ്മകളും ഉണ്ടെന്നതാണ്.
എന്നാല്‍ ഇന്നത്തെ ഇളംതലമുറയ്ക്ക് വയസ്സുകാലത്ത് ഓര്‍ത്തു സന്തോഷിക്കാന്‍ എന്ത് ഓര്‍മ്മകളാണ് ഉണ്ടാവുന്നത്? അവരുടെ ചെറുപ്പത്തിലെ മധുരാനുഭവങ്ങള്‍ എന്തൊക്കെയാണ്?
മൂവാണ്ടന്‍ മാങ്ങയുടെ ചുനയുള്ള വേനല്‍ക്കാലവും ഇടവപ്പാതിയുടെ തണുത്ത കാറ്റും ഒന്നും പ്രവാസി കുട്ടികള്‍ക്കായി ഒരുക്കാന്‍ പറ്റില്ലെങ്കിലും ഓരോ രാജ്യത്തിന്റെ പ്രകൃതിക്കനുസരിച്ചുള്ള അനുഭവങ്ങള്‍ അവര്‍ക്കു നാം കൊടുക്കേണ്ടേ? ഈ ചിന്ത വന്നത് മഴപോലെ പെയ്യുന്ന മഞ്ഞില്‍ ഇവിടെ, ഇംഗ്ലണ്ടിലിരുന്ന് തണുത്തു വിറച്ചപ്പോഴാണ്. സ്ലെഡ്ജില്‍ മഞ്ഞിലൂടെ വഴുതിയിറങ്ങിയും സ്നോമാന്‍ ഉണ്ടാക്കിയും, സ്നോബോളുകള്‍ പരസ്പരമെറിഞ്ഞും ആര്‍ത്തുല്ലസിക്കുന്ന ഇവിടത്തെ കുട്ടികളെ കണ്ടു നില്‍ക്കുന്നതിനിടയിലാണ് ശ്രദ്ധിച്ചത്. മഞ്ഞില്‍ കളിക്കാന്‍ ഒറ്റ ഏഷ്യന്‍ കുട്ടിയുമില്ല. ഒന്നു രണ്ടു അമ്മമാരെ വിളിച്ച് അവരുടെ മക്കള്‍ എവിടെയാണെന്നു അന്വേഷിച്ചപ്പോള്‍ കാര്യം മനസ്സിലായി - മഞ്ഞില്‍ കളിച്ച് ജലദോഷം പിടിക്കുകയോ, വീണു പരിക്കു പറ്റുകയോ ചെയ്താലോ എന്നു പേടിച്ച് എല്ലാവരും മക്കളെ സ്വറ്ററും ഇടുവിച്ച് റ്റി.വിയ്ക്കു മുന്‍പില്‍ ഇരുത്തിയിരിക്കുന്നു. പൊട്ട?ാര്‍ സായിപ്പുമാര്‍, അവര്‍ക്ക് നോക്കാന്‍ നേരമില്ലാത്തതിനാല്‍ അവരുടെ പിള്ളേര് സ്നോയില്‍ തലകുത്തി മറിഞ്ഞ് കളിച്ചു രസിക്കുന്നു. നമ്മള്‍ വിവരമുള്ളവര്‍ പിള്ളേര്‍ക്ക് ആ നേരത്ത് ഏഷ്യാനെറ്റ് ചാനല്‍ വച്ചു കൊടുക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗള്‍ഫിലും കണ്ടിരുന്നു ഈ കാഴ്ച. പുറത്തു കളിക്കാന്‍ പോവാന്‍ അനുവാദമില്ലാതെ അമ്മയുറങ്ങുന്ന ഉച്ചനേരങ്ങളില്‍ ഫ്ലാറ്റിന്റെ കോറിഡോറ് കളിക്കളമാക്കുന്ന ഭാവി സച്ചിന്‍ തെണ്ടുല്‍ക്കര്‍മാരെ.
നാട്ടിലും സ്ഥിതി മറിച്ചല്ല. മഴക്കാലമായാല്‍ മഴകൊണ്ടു പനിപിടിക്കുമെന്നു പേടിപ്പിച്ചും, വേനല്‍ക്കാലത്ത് വെയില്‍കൊണ്ടു പനി പിടിക്കുമെന്നു പേടിപ്പിച്ചും വീട്ടില്‍ അടച്ചിടപ്പെടുന്ന കുരുന്നുകള്‍. വില്ല?ാരുടെ ലിസ്റ്റ് ഇവിടെയും തീരുന്നില്ല. പൊടി, കാറ്റ്, മഞ്ഞ്, എന്നിങ്ങനെ കുഞ്ഞുങ്ങളുടെ ശത്രുക്കള്‍ എല്ലായിടത്തും പരുന്തുകളായി പതിയിരിക്കുന്നു, അമ്മക്കോഴിയുടെ ചിറകില്‍ നിന്നു പുറത്തു വരുന്ന കുഞ്ഞിനെ റാഞ്ചാന്‍!
പ്രകൃതിയെന്നാല്‍ അകറ്റി നിര്‍ത്തേണ്ട ഒന്നാണെന്നാണോ നമ്മള്‍ അടുത്ത തലമുറയെ പഠിപ്പിക്കേണ്ടത്? തുലാമഴ കൊണ്ടാലൊരു പനി പിടിക്കുന്നതിനുപരി നമുക്കെന്താണ് പറ്റിയിട്ടുള്ളത്? വെയിലു കൊണ്ടു വിയര്‍ത്താലോ, സ്നോയില്‍ ഓടിക്കളിച്ചാലോ ഒരു കുട്ടിക്കും മാറാരോഗമൊന്നും പിടിക്കില്ലെന്ന് ഡോക്ടര്‍മാര്‍ തറപ്പിച്ചു പറയുന്നു. കഴിയുന്നത്ര പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് ശിശുരോഗവിദഗ്ദ?ാര്‍ പറയുമെങ്കിലും നമ്മള്‍ പലപ്പോഴും നമ്മുടെ സൗകര്യങ്ങള്‍ക്ക് കുട്ടികളുടെ സന്തോഷത്തേക്കാളും ന?യെക്കാളും വിലയിടുന്നു. കുട്ടിക്കൊരു ജലദോഷം വന്നാല്‍ നമുക്കുണ്ടാവുന്ന അസൗകര്യത്തെ ലീവ്, റ്റാര്‍ഗെറ്റ്, പ്രൊജക്ട്, എന്നു തുടങ്ങി പല വാക്കുകളില്‍ വിശദീകരിച്ച് നമ്മള്‍ അവരെ കുട്ടിക്കൂട്ടിലെ തടവുകാരാക്കുന്നു. അവരുടെ ബാല്യത്തേക്കാള്‍ ഭാവിയ്ക്ക് പ്രാധാന്യം കൊടുക്കുന്നു.
അടുത്ത കാലത്തൊന്നും ഈ സ്ഥിതിക്ക് വലിയ മാറ്റമൊന്നും വരുമെന്നു പ്രതീക്ഷയില്ലാത്തതിനാല്‍ മഞ്ഞും, മഴയും, വെയിലും, കാറ്റും, സൂര്യനും, ചന്ദ്രനും ഇല്ലാത്ത ഒരു സമയമുണ്ടാവട്ടെ, നമ്മുടെ കുരുന്നുകള്‍ക്ക് പുറത്തിറങ്ങി കളിക്കാന്‍ എന്നാഗ്രഹിക്കാം. അതുവരെ ഭാവി വാഗ്ദാനങ്ങള്‍ വല്ല വീഡിയോ ഗെയിമുകള്‍ കളിച്ചോ, കണ്ണീര്‍ ചാനലുകളിലെ പുതിയ (അണ്‍) റിയാലിറ്റി ഷോസ് കണ്ടോ 'മധുരസ്മരണകള്‍' ഉണ്ടാക്കട്ടെ!