പൊടിപ്പും തൊങ്ങലും ബിലാത്തി മലയാളീ നവംബര്‍ 2009
മറ്റുള്ളവര്‍ പറഞ്ഞു കേട്ടതും, വായിച്ച്ചരിഞ്ഞതും വച്ച് നമ്മള്‍ പലപ്പോഴും പാശ്ചാത്യരെ ഹൃദയമില്ലാത്തവരായോ, ഹൃദയം ശരിക്കുമുള്ള സ്ഥലത്തില്ലാത്തവരായോ ഒക്കെ ചിത്രീകരിക്കാറുണ്ട്.
അച്ഛനമ്മമാരേ വൃദ്ധസദനത്തിലേക്ക് തള്ളിവിടുന്ന വില്ലന്മാര്‍ ആരാ?
പാശ്ചാത്യര്‍.
കുട്ടികളേക്കാള്‍ പട്ടികളെ സ്നേഹിക്കുന്നവര്‍ ആരാ?
പാശ്ചാത്യര്‍.
ലോകത്തിലെ സകല ദുര്‍ഗുണങ്ങള്‍ക്കും (മലയാളികള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ശീലങ്ങള്‍ക്കും ചിന്താരീതികള്‍ക്കും വിപരീതമായി ചിന്തിക്കുന്ന എല്ലാവരും ഈ കൂട്ടത്തില്‍പെടും) കാരണഭൂതര്‍ ആരാ?
പാശ്ചാത്യര്‍.
വിദേശ സംസ്കാരത്തിന്റെ കടന്നുകയറ്റത്തിനെപറ്റിയും അതിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും ഇനി വരുന്ന തലമുറയെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേള്‍ക്കാത്ത മാതാപിതാക്കള്‍ ചുരുങ്ങും.
അമേരിക്കയും ബ്രിട്ടനും ഗള്‍ഫും നമുക്ക് ആവശ്യമാണ്. പൈസ ഉണ്ടാക്കാനും കേരളത്തിനേക്കാള്‍ മികച്ച സാഹചര്യങ്ങളില്‍ ജീവിക്കുവാനും. അവരുടെ സ്കൂളുകളും ആശുപത്രികളും നമുക്ക് ദേവാലയങ്ങളാണ്. പക്ഷേ, അവരുടെ ജീവിത രീതിയും ഭക്ഷണവും വസ്ത്രധാരണ രീതികളുമോ? ഛേയ്, അതു പാടില്ല, അതെല്ലാം വൈദേശികം. അനുകരിക്കാന്‍ പാടില്ലാത്തത്. കാരണം? സഭ്യമില്ലായ്മ. അപ്പോള്‍, സ്കുളില്‍ പോകുന്ന കൊച്ചു കുഞ്ഞങ്ങളെ വരെ തുറിച്ചു നോക്കുന്ന നമ്മുടെ സംസ്കാരമാണോ സഭ്യതയുള്ളത്?
ഇങ്ങനെയുള്ള കുറെ പ്രൊപ്പഗാന്റായുടെ ഭാഗമായി വിദേശ സംസ്കാരത്തിലുള്ള ചില നല്ലരീതികളെ നമ്മള്‍ കാണാതെ പോവുന്നുണ്ടോ? പറഞ്ഞു വരുന്നത് "ഗ്രാനി ഫ്ലാറ്റി" ന്റെ കാര്യമാണ്. വീടിന്റെ ഭാഗമായി, എന്നാല്‍ ഒരു ഔട്ട്-ഹൗസിന്റെ സൗകര്യത്തോടെ ഒരുക്കിയ ഒരു ഗ്രാനി ഫ്ലാറ്റ് എനിക്കു കാണിച്ചു തന്നത് എന്റെ വര്‍ക്ക്-മേറ്റ് പൗളിന്‍ ആണ്.
75 വയസ്സില്‍ വിധവയായ അമ്മായിഅമ്മയാണ് പൗളിന്റെ ഗ്രാനി ഫ്ലാറ്റിന്റെ ഉടമസ്ഥ. ആരോഗ്യപരമായി യാതൊരു പ്രശ്നങ്ങളുമില്ലാത്തവരാണ് മിസ്സിസ് പ്രൈസ്. വീടിനോടു ചേര്‍ന്ന്, ഗാരേജിനു മുകളില്‍ ഒരു ചെറിയ സിറ്റിംഗ്‌റൂമും, ബെഡ്‌റൂമും, ബാത്‌റൂമും മിസ്സിസ് പ്രൈസിന്റെ ഇഷ്ടപ്പെട്ട ഇളംവയലറ്റ് നിറത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ആവശ്യം വരുമ്പോള്‍ വീടിന്റെ മുഖ്യ അടുക്കളയിലേക്ക് ഇറങ്ങിവരാതെ തന്നെ ഒരു ചായ കുടിക്കാനോ, ടോസ്റ്റ് കഴിക്കാനോ സൗകര്യത്തിനു കെറ്റിലും സ്റ്റൗവും, ഫ്രിഡ്ജും അടങ്ങിയ ഒരു കിച്ചനെറ്റ് സ്വന്തമായുണ്ട് ആ ഗ്രാനി ഫ്ലാറ്റില്‍.
ഇതു ഞങ്ങളുടെ നാട്ടിലെ ജോയിന്റ് ഫാമിലി സമ്പ്രദായം പോലെയെന്ന് ഞാന്‍ അത്ഭുതംകൂറി. സ്വന്തം വീട്ടില്‍ തന്നെ ഒരുമുറി ഒരുക്കാത്തതിന് കാരണം പൗളിന്‍ വിശദീകരിച്ചു തന്നപ്പോള്‍ "ഇതു കൊള്ളാമല്ലോ" എന്നാണ് എനിക്കു തോന്നിയത്. പതിനാലും പതിനാറും വയസ്സുള്ള കുരങ്ങ?ാര്‍ തോറ്റു പോവുന്ന സ്വഭാവത്തോടുകൂടിയ രണ്ട് ആണ്‍പിളേളരും ജൂലിയാ റോബര്‍ട്ട്സിനും, നയോമി കാംപെല്ലിനും പഠിക്കുന്ന ഒരു ടീനേജ് പെണ്‍കുട്ടിയുമാണ് ഭര്‍ത്താവിനെ കൂടാതെ പൗളിന്റെ വീട്ടില്‍ അന്തേവാസികള്‍. പിള്ളേരും അവരുടെ കൂട്ടുകാരും സ്വാഭാവികമായും ഉണ്ടാക്കുന്ന ബഹളങ്ങളും വീടൊരു "മിനി ഗെയിം പാര്‍ക്ക്" ആണെന്നു പൗളിന്‍. ഈ തിരക്കില്‍ നിന്നും മാറി കുറച്ചു നേരം സ്വസ്ഥമായി വിശ്രമിക്കാനും, പ്രാര്‍ത്ഥിക്കാനും, കൂട്ടുകാരിയുമായി ചീട്ടുകളിക്കാനുമൊക്കെ അവര്‍ തന്നെ തിരഞ്ഞെടുത്തതാണ് ഗ്രാനി ഫ്ലാറ്റ്. വീട്ടിലെ മറ്റംഗങ്ങള്‍ ജോലിക്കും സ്കൂളിലേക്കുമായി പുറത്തു പോവുമ്പോള്‍, വലിയൊരു വീട്ടില്‍ ഒറ്റപ്പെട്ടെന്നുള്ള തോന്നല്‍ ഉണ്ടാകുന്നില്ലെന്ന് മിസ്സിസ് പ്രൈസ്. ഒപ്പം ഇത്ര വലിയൊരു വീടിന്റെ ചുമതലകള്‍ തന്നെ ഒട്ടും ബാധിക്കുന്നില്ല എന്ന തികഞ്ഞ സന്തോഷവും. വലിയൊരു കുടുംബത്തിനുവേണ്ടി അലക്കിയും ഭക്ഷണം പാകം ചെയ്തും ഇനി മരുമകള്‍ കഷ്ടപ്പെടട്ടെ എന്ന ദുഷിച്ച ചിന്താഗതിയാണ് തനിക്കെന്ന് പൗളിന്റെ തോളില്‍ ചെറുതായടിച്ച്, കണ്ണിറുക്കി മിസ്സിസ് പ്രൈസ് പറഞ്ഞു നിര്‍ത്തി. വയസ്സായ അമ്മായി അമ്മക്ക് എന്തെഗിലും സംഭവിച്ചാലോ, അസുഖം വന്നാലോ കുടുംബാംഗങ്ങള്‍ അടുത്തുന്ടെന്ന ആശ്വാസം വലുതാണെന്ന് പൌളിന്‍ .
അടുക്കളയുടെ ഭരണാവകാശത്തിനായി തവിയും ചട്ടുകവും മുറുക്കി അമ്മായിയമ്മയും മരുമകളും രംഗത്തിറങ്ങുന്ന നമ്മുടെ കേരളത്തില്‍ ഇതെത്രമാത്രം പ്രാവര്‍ത്തികമാണെന്ന് എനിക്കറിയില്ല. പക്ഷേ, വൃദ്ധസദനങ്ങളേക്കാള്‍ എന്തുകൊണ്ടും നമുക്കനുകരിക്കാവുന്ന മാതൃക ഗ്രാനി ഫ്ലാറ്റുകള്‍ തന്നെയാണെന്നു തോന്നുന്നു.
14 comments:
ഈ മാസം ബിലാത്തിമലയാളി കണ്ടില്ലല്ലോ..?
ഈ രചന കഴിഞ്ഞമാസം ഞാൻ വായിച്ചിരുന്നു
നന്നായിരുന്നു ശീമാട്ടി...
ഒപ്പം കുടുംബത്തിൽ എല്ലാര്‍ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !
നല്ല ആശയമാണിത്, നമുക്ക് തീര്‍ച്ചയായും
അനുകരിക്കാവുന്ന മാര്‍ഗം. പക്ഷെ നമ്മള്‍
മലയാളികള്‍ക്ക് മറ്റുള്ളവരുടെ കുറ്റങ്ങളും,
കുറവുകളും പറഞ്ഞു നടക്കനല്ലേ നേരമുള്ളൂ.
താങ്കള്‍ മോഹന്‍ലാലിന്റെ ബ്ലോഗ് സന്ദര്‍ശിക്കുവാന്‍
ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വൃദ്ധസദനം എന്നാ വിഷയത്തെ
അധികരിച്ച് അദ്ദേഹം ഒരു നല്ല ബ്ലോഗ് എഴിതിയിട്ടുണ്ട്.
അതിലേക്കുള്ള ലിങ്ക് :
http://www.thecompleteactor.com/articles2/2009/12/loneliness/#comments
വളരെ നല്ല ആശയം. പിന്നെ പുറത്ത് കുറ്റം പറയുന്നുണ്ടെങ്കിലും മലയാളികൾ ജീവിക്കുന്നത് മറുനാട്ടുകാരെ നോക്കിയാണ്.
കൊള്ളാമല്ലോ ഈ പരിപാടി. അവരുടെ പ്രൈവസിയും സൌകര്യങ്ങളുമൊക്കെയുണ്ട്, എന്നാല്‍ തന്നെയല്ല താനും. ഇവിടേയും ഇതൊന്നു ശ്രമിച്ചുനോക്കാവുന്നതാണ്.
ഇത്തിരി വൈകിയാണെങ്കിലും പുതുവത്സരാശംസകള്‍.
ഗ്രാനി ഫ്ലാറ്റ് പരിചയപ്പെടുത്തിയതിനു നന്ദി...ഒരു ഫോട്ടോ കൂടി ആകാമായിരുന്നോ എന്ന് സംശയം ;-)
നല്ല ആശയം, വൃദ്ധസധനതിനേക്കാള്‍ ഭേദം.
ബിലാത്തി പട്ടണം, റഹ്മൻ, മിനി, എഴുത്തുകാരി ചേച്ചി, വിഷ്ണു, തെച്ചിക്കോടൻ: നന്ദി.
മലയാളികളെ അടച്ചാക്ഷേപിക്കുന്ന് ഒരു പോസ്റ്റ് ആയിപ്പോയൊ ഇത് എന്നൊരു സംശയം..
എല്ലാ സംസകാരങ്ങളേക്കാളും മനോഹരമായ സംസ്കാരം ആര്‍ഷ ഭാരത സംസ്കാരം തന്നെ ആണെന്ന് ഞാന്‍ പറയും. എന്നാല്‍ മറ്റു സംസ്കാരങ്ങള്‍ മോശമാണന്നല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം..അതിലുള്ള നല്ല വശങ്ങള്‍ സ്വീകരിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നു..
വരാന്‍ വൈകി,
വ്യക്തിത്വമുള്ള അവതരണം.
നന്നായി ....
നന്‍മ്മകള്‍
http://saakshaa.blogspot.com/
ഗോപീകൃഷ്ണന്: മലയാളികളെ ആക്ഷേപിക്കുക എന്നൊരു ഉദ്ദേശമേ എന്റെ പോസ്റ്റിനില്ല, കാരണം ഞാനും ഒരു മലയാളിയാണല്ലൊ. പിന്നെ നമുക്കു നമ്മുടെതായ കുറെ പോരായ്മകളുണ്ട്, നമ്മല് തന്നെ വേണ്ടെ അതു ചൂണ്ടിക്കാണിക്കനും തിരുത്താനും. ആറ്ഷഭാരത സംസ്കാരത്തെ കുറിച്ചു താങള്ക്കുള്ള അതേ അഭിപ്രായം തന്നെയാണു എനിക്കും, പക്ഷെ നമ്മുടെ ചില ഇഡിയൊസിങ്ക്രസികളെ സംസ്കാരം എന്നു വിളിക്കന് പറ്റുമൊ?
വായനക്കു നന്ദി.
സാക്ഷ: വായനക്കും നല്ല വാക്കുകള്ക്കും നന്ദി.
ആശയം കൊള്ളാം..പക്ഷേ നമ്മുടെ മലയാളി സമൂഹം ഇത് ഏത് രീതിയില്‍ ഏറ്റെടിക്കുമെന്നാ സംശയം..
വയോജന മന്ദിരങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍ക്കായുള്ള ഇതൊന്ന് നോക്കൂ..
http://achoosonly.blogspot.com/2010/01/blog-post.html
ഗ്രാനി ഫ്ലാറ്റിനേക്കാൾ നല്ലത് വീട്ടിൽ തന്നെ ശാന്തതയുള്ള റൂം നൽകുകയാണ്.
അച്ചൂസ്: മക്കളുടെ സൌകര്യമനുസരിച്ചു തട്ടിക്കളിക്കാനുള്ളവരല്ല നമ്മൾ എന്ന തീരുമാനം അഛ്നമ്മമാരാണു എടുക്കേണ്ടത്, അല്ലേ? നമ്മുടെ ഇന്നത്തെ സമൂഹം ഈ ആശയത്തിനെ എങിനെ എടുക്കും എന്നു എനിക്കും അറിയില്ല, പിന്തിരിപ്പന്മാരാവുന്നതിൽ അഭിമാനിക്കുന്നവരാണല്ലൊ നമ്മൾ പൊതുവെ.
ലിങ്കിനു നന്ദി, ഇനി സ്ഥിരമായി സന്ദറ്ശിക്കാം. പിന്നെ ‘വലിച്ചെറിയുക’, ‘ഉപേക്ഷിക്കുക’എന്നീപദങളെ വയസ്സായവരുമായി ചേറ്ത്തു വയ്കാൻ മനസ്സനുവദിക്കുന്നില്ല, പക്ഷെ സ്വന്തമായി ഒരഭിപ്രായം പറയാനുള്ള മനസ്സുറപ്പ് ഇ ചൂഷിതർക്കു ഉണ്ടാവുന്നതു വരെ ഇങിനെയൊക്കെ തന്നെയായിരിക്കുമല്ലെ കാര്യങൽ??
കാക്കര: നന്ദി. നമ്മുടെ സാമൂഹിക സാഹചര്യങളിൽ വീടിന്നുള്ളിലെ മുറി തന്നെയാണ് കുറെ കൂടി സുരക്ഷിതം എന്നു ഞാനും സമ്മതിക്കുന്നു.
Post a Comment