Friday 14 August 2009

ഗോസിപ്പുകളുടെ ഇഴ കീറുമ്പോള്‍

പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളീ മാര്‍ച്ച് 2009)


എന്റെ ഒരു സുഹൃത്ത്‌ ഡൈവോഴ്സിനു ശ്രമിക്കുകയാണ്‌ - കാരണം ഭര്‍ത്താവില്‍ നിന്നു ചിലവിനു കിട്ടുന്നില്ല. സാമ്പത്തികമായി അത്ര മെച്ചമൊന്നുമല്ലാത്ത ഒരു കുടുംബമാണവരുടേത്‌. അവള്‍ ജോലിക്കു പോവുന്നതുകൊണ്ടു വേണം ബില്ലുകള്‍ അടക്കാനും കുട്ടിക്ക്‌ സ്കൂള്‍ ഫീസ്‌ കൊടുക്കാനും വീട്ടിലെ മറ്റു ചിലവുകള്‍ നടത്താനും. ജോലിക്കു പോകാതെ വീട്ടിലിരിക്കുന്നു എന്നു വച്ച്‌ നമ്മുടെ ഭര്‍ത്താവ്‌ ഒരു വില്ലനൊന്നുമല്ല, കേട്ടോ. മഹാസാധു. പച്ചവെള്ളത്തിനു തീ പിടിച്ച ഒരു മട്ട്‌. ആരും ജോലിയൊന്നും തരുന്നില്ല, പിന്നെ ഞാനെന്തു ചെയ്യും എന്നാണ്‌ ലോജിക്ക്‌. നാട്ടുകാര്‍ക്ക്‌ വേണ്ടപ്പെട്ടവന്‍ - കാരണം ഉത്സവത്തിനോ, പെരുന്നാളിനോ, പാര്‍ട്ടി ഫണ്ടിനോ സംഭാവനയ്ക്കു ചെന്നാല്‍, ഭാര്യയുടെ ഹാന്‍ഡ്‌ ബാഗില്‍ നിന്നും കട്ടിട്ടാണെങ്കിലും ഒരു തുക കൊടുക്കും. അതു പറ്റിയില്ലെങ്കില്‍ തേങ്ങാക്കാരനില്‍ നിന്നോ, മില്‍ക്ക്‌ ഡയറിയില്‍ നിന്നോ അഡ്ജസ്റ്റ്‌ ചെയ്തായാലും കൊടുക്കേണ്ടത്‌ കൊടുത്തിരിക്കും. പാവം പെണ്ണ്‌, തേങ്ങാക്കാരനില്‍ നിന്ന്‌ കിട്ടുന്നതു മോനു സ്കൂള്‍ ഫീസ്‌, പാലു വിറ്റു കിട്ടുന്നത്‌ മോള്‍ക്ക്‌ ഉടുപ്പു വാങ്ങാന്‍ എന്നൊക്കെ ബഡ്ജറ്റ്‌ ഉണ്ടാക്കി, പ്രതീക്ഷിച്ചത്ര കിട്ടാതാവുമ്പോള്‍ തേങ്ങാക്കാരനെ ചോദ്യം ചെയ്യുമ്പോളാവും അഡ്വാന്‍സ്‌ നന്ദിസമേതം ഭര്‍ത്താവ്‌ കൈപറ്റിയിതിന്റെ കാര്യം പുറത്താവുന്നത്‌.


അങ്ങനെ വീട്ടിലേക്ക്‌ കൊള്ളാത്ത, എന്നാല്‍ നാട്ടിലേക്ക്‌ വേണ്ടപ്പെട്ട ഒരു നല്ല മനുഷ്യനെ ഇവള്‍ക്കെങ്ങനെ ഡൈവോഴ്സ്‌ ചെയ്യാന്‍ പറ്റുന്നു എന്നതാണ്‌ ഇപ്പോള്‍ കുറച്ചു ദിവസമായി അവളുടെ അയല്‍ക്കാരുടെ ചര്‍ച്ചാവിഷയം. ഒന്നുമില്ലെങ്കിലും ആണൊരുത്തനല്ലേ, കള്ളു കുടിച്ച്‌ അവളെ തല്ലുന്നില്ലല്ലോ എന്നൊരു വശം, അവള്‍ ജോലിക്കു പോകുന്നിടത്ത്‌ വല്ലവന്റേയും വലയില്‍ പെട്ടുപോയിട്ടുണ്ടാവും എന്ന്‌ മറ്റൊരു വശം. എന്തായാലും "കല്ലായാലും കണവന്‍, പുല്ലായാലും പുരുഷന്‍" എന്നു പറഞ്ഞ്‌ ഭര്‍ത്താവു ദൈവത്തെ തലയിലെടുത്ത്‌ പൂജിക്കാത്ത പെണ്ണിനാണിവിടെ വില്ലന്‍ വേഷം എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. അല്‍പം കൂടി "ഫൂച്യറിസ്റ്റിക്‌ മൈന്‍ഡ്‌ സെറ്റ്‌" ഉള്ള ഒരു സ്ട്രാറ്റജിക്‌ അനാലിസ്റ്റ്‌ ഇത്രയും കൂടി പറഞ്ഞു - "ഇനിയിപ്പോ കല്യാണം കഴിക്കുകയാണെങ്കില്‍ കുട്ടികളുള്ള രണ്ടാംകെട്ടുകാരനെ നോക്കിക്കോട്ടെ, അതാ നല്ലത്‌." എങ്ങനെയാ അത്‌ നല്ലതാവുന്നതെന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടിയിട്ടില്ല ഇതുവരെ.


വെറുതെ ഇരിക്കുന്ന പെണ്ണുങ്ങളുടെ കുശുമ്പും കുന്നായ്മ പറച്ചിലും എന്നു പറഞ്ഞു ഗോസിപ്പിനൊരു സ്ത്രീ സ്വഭാവം വരുത്താന്‍ പുരുഷ കേസരികള്‍ക്ക്‌ വല്ലാത്തൊരു ത്വരയുണ്ട്‌. എന്നാല്‍ മുകളില്‍ പറഞ്ഞ പരദൂക്ഷണം മുഴുവനും ആണുങ്ങളുടെ സംഭാവനയായിരുന്നു. ആലിന്‍ ചുവട്ടിലോ, റോഡ്‌ കവലകളിലോ, നേരം പോക്കാനിരിക്കുന്ന തൊഴില്‍രഹിതരല്ല അവര്‍. നല്ല ജോലിയും കുടുംബവുമായി സമൂഹത്തില്‍ നിലയും വിലയും ഉള്ളവര്‍. പെണ്ണുങ്ങളും ഒട്ടും മോസമാനെന്നല്ല പറഞ്ഞു വരുന്നതു.

ഗോസ്സിപ്പുകള്‍ക്ക്‌ മനുഷ്യനോളം തന്നെ പഴക്കമുണ്ടെന്നു വേണം ഊഹിക്കാന്‍. ശ്രീരാമന്‍ സീതയെ അഗ്നി പരീക്ഷയ്ക്ക്‌ വിധിച്ചത്‌ ഇത്തരമൊരു ഗോസിപ്പുമൂലമല്ലേ? മറ്റു മഹാകാവ്യങ്ങളിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട - മുട്ടിനു മുട്ടിനാണ്‌ ഗോസ്സിപ്പുകള്‍ കാരണം രാജ്യം ഉപേക്ഷിക്കുന്നവരും, ഭാര്യയെ ഉപേക്ഷിക്കുന്നവരും, യുദ്ധത്തിനു ചാടി പുറപ്പെടുന്നവരുമൊക്കെ. അങ്ങനെ നോക്കുമ്പോള്‍, ഒരാളെ സമൂഹം എങ്ങനെ കാണുന്നു എന്നതിന്റെ പ്രതിഫലനമാണോ ഗോസിപ്പുകള്‍?


ഗോസിപ്പിന്റെ മനഃശാസ്ത്രം എന്താണെന്നു പലര്‍ക്കും പല അഭിപ്രായമാണ്‌. എന്തായാലും ഒരു "നെസസ്സറി ഈവിള്‍" ആയി ഇതിനെ പല കോര്‍പറേറ്റ്‌ ഭീമന്മാരും മനഃശാസ്ത്രജ്ഞന്മാരും വരെ അംഗീകരിച്ചിട്ടുമുണ്ട്‌. നിരുപദ്രവ കരമായ ഗോസ്സിപ്പ്‌ ആവാം എന്നു പല സ്റ്റാഫ്‌ മാനുവലുകളിലും പറയുന്നുണ്ട്‌ എന്നറിഞ്ഞു.


പക്ഷേ ഉപദ്രവകരവും, നിരുപദ്രവകരവും എന്നു ഗോസിപ്പിനെ വേര്‍തിരിക്കാന്‍ നമുക്ക്‌ വ്യക്തമായ മാര്‍ഗ്ഗരേഖകളുണ്ടോ?


ഗോസിപ്പുകളെ പറ്റി ശാസ്ത്രീയമായ പഠനമൊക്കെ നടന്നിട്ടുണ്ടെന്നാണ്‌ വിക്കിപീഡിയാ തപ്പിയപ്പോള്‍ മനസ്സിലായത്‌. ഒറ്റനോട്ടത്തില്‍ ഗോസ്സിപ്പുകള്‍ പലതുണ്ട്‌. വളരെ നിരുപദ്രവമായവ. ഒരു സമയം കൊല്ലി എന്നു മാത്രമേ അതിനുദ്ദേശമുള്ളൂ. കുറച്ചൊന്നു ചിരിക്കാന്‍ വക നല്‍കുന്ന കൊച്ചു കൊച്ചു നുണകളും സത്യങ്ങളും. കാലത്തു തന്നെ ടാര്‍ജറ്റ്‌ തികക്കാത്തതിന്‌ ബോസ്‌ ദേഷ്യപ്പെട്ട്‌ ചീത്ത വിളിച്ചപ്പോള്‍, ഒലിച്ചിറങ്ങുന്ന വിയര്‍പ്പു തുടച്ചു, സുന്ദരനൊരു ചിരിയോടെ ചുറ്റിനും നോക്കി, "പുള്ളിയിന്നു ഭാര്യയോട്‌ തെറ്റിയിട്ടാ വീട്ടില്‍ നിന്നിറങ്ങി വന്നതെന്ന്‌" പറയുന്നവര്‍. പറയുന്നവനും കേള്‍ക്കുന്നവനും അറിയാം, അതില്‍ സത്യമൊന്നുമില്ലെന്ന്‌.


കടിത്തുമ്പ പോലെ ചൊറിച്ചില്‍ ഉളവാക്കുന്നവയാണ്‌ ചില ഗോസിപ്പുകള്‍. നന്നായി ഒരുങ്ങി, ആത്മവിശ്വാസത്തോടെ ഓഫീസില്‍ വരുന്ന സുന്ദരിയെ നോക്കി. "ഓ, അവളും നമ്മുടെ മറ്റേ അവനും...." എന്നു തുടങ്ങുന്ന വര്‍ത്തമാനം പറയുന്ന ചില പഞ്ചാരക്കിളവന്മാര്‍ . എനിക്കു കിട്ടാത്തത്‌ കാക്ക കൊത്തി പോട്ടെ എന്ന ഒരു മനോഭാവം.


അതിലും കുറച്ചു കൂടിയ പടിയാണ്‌ "അവനങ്ങനെ വലിയ ആളു കളിക്കേണ്ട" എന്ന ലക്ഷ്യം വച്ച്‌ പടച്ചിടുന്ന ഗോസ്സിപ്പുകള്‍. അത്‌ പലപ്പോഴും വ്യക്തി ഹത്യവരെ എത്തി നില്‍ക്കാറുണ്ട്‌. ഭാഗ്യം കൊണ്ടും, അധ്വാനം കൊണ്ടും ചിലര്‍ നല്ല നിലയിലാവുമ്പോള്‍, "ഓ, അവനേതാണ്ട്്‌ കള്ളക്കടത്തു പണി" എന്നൊക്കെ പടച്ചു വിടും ചിലര്‍. അത്തരക്കാരുടെ കുടുംബചരിത്രം വരെ ചികഞ്ഞു നോക്കി. "ഓ, അവന്റെ അഛന്റെ അഛന്റെ അഛന്‍ എന്റെ വീട്ടിലെ കാള പൂട്ടുകാരനായിരുന്നു - എന്നിട്ടിപ്പോള്‍ അവന്റെ ഒരു ഗമ കണ്ടില്ലേ" എന്നു നാട്ടുകാരെ അറിയിക്കാനായിരിക്കും മറ്റു ചില ഹിസ്റ്റോറിയന്‍സിന്റെ ശ്രമം.


ഒരു സ്ത്രീയുടെ മരണത്തില്‍ കൊണ്ടെത്തിച്ച ഗോസ്സിപ്പ്‌ കേട്ടിരുന്നു. ഭര്‍ത്താവ്‌ ഗള്‍ഫിലായതിനാല്‍ സ്വന്തം സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉത്തരവാദിത്വങ്ങള്‍ക്ക്‌ ഓടി നടക്കുന്ന വീട്ടമ്മ. പല നേരത്തും അവര്‍ക്ക്‌ ഫോണ്‍ കോളുകള്‍ വരുന്നത്‌ സ്വാഭാവികം. ആ ഫോണ്‍ കോളുകള്‍ മുഴുവനും അവരുടെ കാമുക?ാ‍രുടേതാണെന്നും, അവര്‍ ചരക്കെടുക്കാന്‍ പോകുന്നത്‌ മറ്റു വഴിവിട്ട പ്രവര്‍ത്തികള്‍ക്കാണെന്നും നാടു മുഴുവന്‍ പറഞ്ഞു പരത്തിയത്‌ വേറാരുമല്ല, സഹായത്തിനായി ഭര്‍ത്താവ്‌ ഏര്‍പ്പെടുത്തിക്കൊടുത്ത, വകയില്‍പ്പെട്ട ഒരു സ്ത്രീ. അവര്‍ അങ്ങനെ പറഞ്ഞു നടന്നതിനു കാരണമോ - സ്വന്തം വീട്ടിലുണ്ട്‌ കെട്ടുപ്രായം എത്തിയ ഒരു മോള്‍. എന്തെങ്കിലുമൊക്കെ കേട്ട്‌ ഭര്‍ത്താവ്‌ സ്ത്രീയെ ഉപേക്ഷിച്ചാല്‍, പിന്നെ അടുത്ത ചാന്‍സ്‌ ആര്‍ക്കാ, മുറപ്പെണ്ണായ സ്വന്തം മോള്‍ക്ക്‌, കൂട്ടത്തിലൊരു സൂപ്പര്‍മാര്‍ക്കറ്റും. എന്തായാലും കള്ളക്കഥകള്‍ കേട്ടു വിശ്വസിച്ച ഭര്‍ത്താവ്‌ ഡൈവോഴ്സ്‌ നോട്ടീസ്‌ അയച്ചപ്പോള്‍ അപമാനിതയായ സ്ത്രീത്വം പകരം വീട്ടിയത്‌ ഒരു സാരിത്തുമ്പിലായിരുന്നു. സ്വന്തം അമ്മയുടെ ദുഷ്ടതരത്തില്‍ മനംനൊന്ത്‌ സത്യങ്ങള്‍ മുഴുവന്‍ വിളിച്ചു പറഞ്ഞത്‌ പ്രതിശ്രുത വധുവായി അവരോധിക്കപ്പെട്ട പെണ്‍കുട്ടിയും.

ഏതായാലും , നല്ലൊരു സമയം കൊല്ലിയാണെന്നതിനാല്‍ ഗോസിപ്പുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണെന്നതല്ലേ സത്യം?

പിന്നെ, എന്ത് പറയാം എന്ത് പറയരുത് എന്നൊക്കെ ഓരോരുത്തരുടെയും പേര്‍സണല്‍ ആയ കാര്യമാണല്ലോ.

10 comments:

Seema Menon said...

കടിത്തുമ്പ പോലെ ചൊറിച്ചില്‍ ഉളവാക്കുന്നവയാണ്‌ ചില ഗോസിപ്പുകള്‍. നന്നായി ഒരുങ്ങി, ആത്മവിശ്വാസത്തോടെ ഓഫീസില്‍ വരുന്ന സുന്ദരിയെ നോക്കി. "ഓ, അവളും നമ്മുടെ മറ്റേ അവനും...." എന്നു തുടങ്ങുന്ന വര്‍ത്തമാനം പറയുന്ന ചില പഞ്ചാരക്കിളവന്മാര്‍ . എനിക്കു കിട്ടാത്തത്‌ കാക്ക കൊത്തി പോട്ടെ എന്ന ഒരു മനോഭാവം.

ഗോസ്സിപുകളെ പറ്റി സീരിയസ്‌ അല്ലാത്ത കുറച്ചു ചിന്തകള്‍.

Anil cheleri kumaran said...

ഒരു വ്യത്യസ്ഥതയുള്ള പോസ്റ്റ് ആണു. നന്നായിട്ടുണ്ട്.

വിന്‍സ് said...

നമ്മുടെ ഭാരത സംസ്കാരത്തിലെ ഒരു പാര്‍ട്ടായ ഇതൊക്കെ ഞാന്‍ എഴുതിയാ അനോണികളു മൊത്തം വന്നെന്റെ തന്തക്കു വിളിച്ചിട്ടു പോവും. ചിലപ്പോള്‍ എഴുതുന്നതിന്റെ രീതി കൊണ്ടാവും അല്ലേ :)

ഗുഡ് വണ്‍.

ബിനോയ്//HariNav said...

നല്ല ചിന്തകള്‍, നന്നായി എഴുതിയിരിക്കുന്നു :)

Seema Menon said...

കുമാരന്‍, വിന്‍സ്, ബിനോയ്‌ : വന്നതിനും വായിച്ചതിനും നന്ദി.

വിന്‍സ്: നമ്മള്‍ എന്ത് എഴുതിയാലും വിമര്‍ശനങ്ങളും ഉണ്ടാവും - ബഹുജനം പലവിധം എന്നല്ലേ.

Unknown said...

ഞങ്ങളുടെ ഒരു സ്പെഷ്യല്‍ റിപ്പോര്‍ട്ടിനായി ഒരു മെയില്‍ അയച്ചിട്ടുണ്ടായിരുന്നു. പക്ഷെ ബൌണ്‍സ് ആയി. റീന യ്ക്ക് കൂടി അതിന്റെ കോപി അയച്ചിട്ടുണ്ട്. മറു പടി നല്‍കാന്‍ ശ്രമിക്കുമല്ലോ ?

Promod P P said...

കല്ലാനാൽ പോ കാട്ടുക്ക്
പുല്ലാനാൽ പോ മാട്ടുക്ക്
പുരുഷനാനാൽ വാ വീട്ടുക്ക്

എന്ന ആയമ്മ തീരുമാനിച്ചുകാണും

Seema Menon said...

തദ്‌ഃആഗതന്‍: അങ്ങിനെ തന്നെ ആവുമെന്നാണു എനിക്കും തൊന്നുന്നത്‌.
വായിചതിനും കമന്റിയതിനും നന്ദി.
വരമൊഴിയില്‍ ഇപ്പൊലും പിച വയ്ക്കുന്നെ യുല്ലു, അതു കൊണ്ടാണു പേരിനൊരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌. ക്ഷമിക്കുമല്ലൊ.

ഹാഫ് കള്ളന്‍||Halfkallan said...

നന്നായിരിക്കുന്നു .. ആശംസകള്‍ .. ബൂലോകം ഓണ്‍ലൈന്‍ വഴി വന്നതാ .. :) ...
വരമൊഴി നല്ലതാ .. ഞാന്‍ ഗൂഗിള്‍ കീ മാന്‍ ലോട്ട് മാറി . ഡിക്ഷ്ണറി ഒള്ളത് കൊണ്ട് സിമ്പിള്‍ ആണ് ..

Seema Menon said...

ഹാഫ് കള്ള്ൻ: നന്ദി. ഞാനും കീമാനിലോട്ടു മാറി. ഇപ്പൊ കുറേശ്ശേ ശരിയാവുന്നുണ്ടു എന്നു തോന്നുന്നു.ഇനിയും വരൂ എന്നു പറയാൻ ഒരു പേടി - ക്ഷണിച്ചിട്ടു വന്നതാണെന്നു പറഞാൾ പിന്നെ പോലീസു പോലും കള്ളനെ വെറുതേ വിടും!

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!