ടൈറ്റിലില്‍ തന്നെ ഒരു പൈങ്കിളി മണം ഉണ്ടല്ലേ?
പണ്ടു ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി എഴുതിയതാണ്, അതെടുത്തു ഇത്തവണ പുഴയില്‍ ഇട്ടു.
ലിങ്ക് ഇവിടെ: അവന് കാത്തിരിക്കുകയാണ് , അവളും
ഫോണ്ട് പ്രശ്നം ഉള്ളവര്‍ക്ക് വായിക്കാന്‍ ഇതാ :
പൂവു ചോദിച്ചും, പുന്നാരം ചോദിച്ചും കത്ത് ചോദിച്ചും നടക്കേണ്ട കാലത്തല്ല ജെര്‍മിയും ഹര്‍ഷിനിയും പ്രണയത്തിലായത്. അതുകൊണ്ട് തന്നെ അവരുടെ പ്രണയത്തിന് ഒരു പൈങ്കിളിഛായയുമില്ല. ഒരല്‍പ്പം പഞ്ചാരയുടെ മേമ്പൊടിയില്ലാതെ എന്തു പ്രേമം എന്ന് മൂക്കത്തു കൈവക്കുന്നവരേ, ഇതൊരു 'ജന്മാന്തര' പ്രണയമാകുന്നു.
ജെര്‍മി എന്റെ 'ചാറ്റ് മേറ്റ്' ആണ് പുരാതന മതസംസ്ക്കാരങ്ങളിലെ പുനര്‍ജന്മമെന്ന കോണ്‍സപ്റ്റിനെപറ്റിയും ആത്മാവിന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള യാഹുവിലെ ഒരു സ്പെഷ്യല്‍ ഇന്ററസ്റ്റ് ഗ്രൂപ്പില്‍ വച്ചാണ് 3 വര്‍ഷം മുമ്പ് ജെര്‍മിയെ ആദ്യമായി കാണുന്നത്.
ഇഷ്ടവിഷയങ്ങള്‍ സംസാരിക്കാന്‍ ധാരാളമുള്ളതുകൊണ്ട് ഞങ്ങള്‍ പതിവായി നെറ്റില്‍ കണ്ടുമുട്ടിത്തുടങ്ങി. സ്വീഡനില്‍ കുടിയേറിയ സ്കോട്ടിഷ് കച്ചവടകുടുംബത്തിലെ അംഗമാണ് ജെര്‍മി. തൊഴില്‍ കച്ചവടമാണെങ്കിലും ഇഷ്ടന്റെ മനസ്സു മുഴുവന്‍ സാഹിത്യവും മതവും സംസ്ക്കാരവുമാണ്. അങ്ങനെയിരിക്കുമ്പോള്‍ പെട്ടെന്നൊരു ദിവസം ബാക്ക്പാക്കുമായി വീട്ടില്‍ നിന്ന് മുങ്ങും. പൊങ്ങുന്നത് ഈജിപ്തിലെ പിരമിഡുകള്‍ക്ക് നടുവിലോ, മാച്ചുപിച്ചുവിലെ ഇങ്ക 'റൂയിന്‍സി'ലോ, പോളിനെഷ്യന് ദ്വീപുകളിലോ ആയിരിക്കും. തിരിച്ചുവന്ന് അറുബോറന്‍ യാത്രവിവരണങ്ങളെഴുതി ഞാനടക്കമുള്ള സുഹൃത്തുക്കള്‍ക്ക് അയച്ചു തരും.' കേരളത്തിലെ വൈദ്യൂതി സപ്ലൈപോലെ എപ്പോള്‍ വരുമെന്നോ, വന്നാല്‍ എപ്പോള്‍ പോകുമെന്നോ മുന്‍കൂട്ടി പറയാന്‍ കഴിയാത്ത ഒരു ഭര്‍ത്താവിനെ കാത്തിരുന്ന് മടുത്താവണം, ഭാര്യയും രണ്ടു കുട്ടികളും വേറെ താമസമാക്കിയത്. കടുത്ത മതവിശ്വാസിയായ ഭാര്യ ഡൈവോഴ്സിന് എതിരായതിനാല്‍ ഇപ്പോഴും ലീഗലി മാരീഡ്.
മണല്‍ കൂമ്പാരങ്ങള്‍ക്കും ഈന്തപ്പനകള്‍ക്കും നടുവില്‍ ലോറന്‍സ് ഓഫ് അറേബ്യയിലെ നായകനെപ്പോലെ പോസ് ചെയ്ത ഫോട്ടോ ഒരിക്കല്‍ ജെര്‍മി എനിക്ക് അയച്ചു തന്നു. നീലക്കണ്ണും, സ്വര്‍ണ്ണത്തലമുടിയും, സ്ക്വോട്ട്ലാന്റുകാരുടെ തനതായ ചുവന്ന ആപ്പിള്‍ മുഖമുള്ള ഒരു മുപ്പതുകാരന്. പക്ഷെ, 'പോഗോ'യിലെ ചൂടന്‍ ഗെയിം സെറ്റുകളില്‍ കണ്ടുമുട്ടി, ഫോട്ടോ ചോദിക്കുന്ന സായിപ്പുമാര്‍ക്ക് ലക്ഷ്മി ഗോപാലസ്വാമി, ഭാനുപ്രിയ തുടങ്ങി ക്ലാസിക് ഭാരതീയ സുന്ദരിമാരുടെ പടങ്ങള്‍ അയച്ചു കൊടുത്ത്, 'ഓ യു ആര് ലൗലി' എന്ന് ഉമിനീരൊലിപ്പിക്കുന്ന സായിപ്പിനോട് 'താങ്ക്യൂ താങ്ക്യൂ' പറഞ്ഞ് കമ്പ്യൂട്ടറിനു മുന്പിലിരുന്ന് ആര്‍ത്തു ചിരിക്കുന്ന ഒരു അനുജത്തി എനിക്കുള്ളതിനാല്, ഇത് ജെര്‍മിയുടെ ഫോട്ടോ തന്നെയാണോ എന്നുറപ്പില്ല.
നമ്മള് പറഞ്ഞു വന്നത് ജെര്‍മിയെപ്പറ്റി മാത്രമല്ല ഹര്‍ഷിനിയെപ്പറ്റി കൂടിയാണല്ലോ; ഹര്‍ഷിനി ക്യാന്‍ണ്ടി യിലെ ബുദ്ധ ക്ഷേത്രങ്ങളില്‍ അലഞ്ഞു തിരിയുന്നതിനിടയില് ജെര്‍മിയെ സമീപിച്ച ടൂര്‍ഗൈഡ്. ഹര്‍ഷിനിയെ ജെര്‍മി വരച്ചത് ഇങ്ങനെ : എണ്ണമയമുള്ള കറുത്തമുഖം, നരച്ചു തുടങ്ങിയ പരൂപരുത്ത മുടി, പൊന്തിയ പല്ല്, കണ്ണട, നീണ്ടുമെലിഞ്ഞ ശരീരം. നാല്‍പ്പതുകളുടെ അവസാന ദിവസങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്ന സിംഹള ബുദ്ധിസ്റ്റ്. ജെര്‍മിയെയും, ഹര്‍ഷിനിയെയും ചേര്‍ത്തുവച്ച് ആലോചിച്ചാല്‍, ബ്യൂട്ടിയും ബീസ്റ്റും ഫോട്ടോക്ക് പോസു ചെയ്ത പോലിരിക്കും.
ഹര്‍ഷിനിയെ പേഴ്സണല്‍ ടൂര്‍ഗൈഡ് ആയി നിയമിക്കുമ്പോള്‍ സഹതാപം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു എന്ന് ജെര്‍മി. ടൂറിസത്തിന്റെ കച്ചവടക്കണ്ണുകള് കടന്നു ചെല്ലാത്ത ബുദ്ധവിഹാരങ്ങളിലൂടെ അലഞ്ഞു തിരിയുന്നതിനിടയില് എന്നോ, എപ്പോഴോ അവരറിഞ്ഞു, ഇതാ ജന്മങ്ങളായി ഞാന്‍ കാത്തിരുന്ന എന്റെ ഇണ എന്ന്. '' നദി ചെന്ന് കടലില്‍ ചേരുന്നതുപോലെ; വണ്ട് പൂവില്‍ വന്നണയുന്നതു പോലെ; സ്വാഭാവികമായി രണ്ടു മനസ്സുകളുടെ സംഗമം'' എന്ന് ഒരു ജാപ്പനീസ് ഹൈക്കു ഉദ്ധരിച്ച് ജെര്‍മി എനിക്കെഴുതി. പ്രണയത്തിന്റെ ചൂടില്‍ തങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നവരെ രണ്ടു പേരും മറന്നില്ല. ഒന്നു ചേരാന്‍ ഇനിയൊരു ജന്മം കാത്തിരിക്കാന്‍ തീരുമാനിച്ചുകൊണ്ട് രണ്ടു പേരും യാത്ര പറഞ്ഞു - ഇനി ഒരു കണ്ടുമുട്ടലോ കമ്മ്യൂണിക്കേഷനോ ഇല്ലെന്ന് തീരുമാനിച്ചുകൊണ്ട്. തങ്ങള്‍ക്കിടയില്‍ ഒരു ടെലിപ്പതിക്ക് ലിങ്ക് ഉണ്ടെന്ന് ജെര്‍മി. ഹര്‍ഷിനിയെ വല്ലാതെ മിസ് ചെയ്യുമ്പോള്‍ ബുദ്ധവിഹാരങ്ങളിലെ ധൂപങ്ങളുടെ നറുമണം കാറ്റായി തന്നെ വന്നു പൊതിയുന്നതായി അനുഭവപ്പെടാറുണ്ടത്രേ.
കഴിഞ്ഞ ആഴ്ച വന്ന ജെര്‍മിയുടെ ഇ-മെയില്‍ ഇങ്ങനെ: ജന്മാന്തരങ്ങളായി പരിചയമുള്ളവരെപോലെയായി ഞങ്ങള്‍. ഭാരതീയ തത്വചിന്തയിലെ 'കര്‍മ' എന്ന കോണ്സെപ്റ്റില് വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് ഈ ജന്മത്തിലെ ഭാരങ്ങളില് നിന്ന് ഒളിച്ചോടാന്‍ പറ്റില്ല. ഹെലന്റെ ഭര്‍ത്താവായും ടോബിയുടെയും മില്ലിയുടേയും അച്ഛനായും മരണം വരെ ഞാന്‍ ജീവിക്കും. തന്റെ ജീവിത ഭാരങ്ങളുമായി ഹര്‍ഷിനിയും . തികച്ചും പ്ലേറ്റോണിക്ക് ആയ ഒരു അനുരാഗം. എന്റെ മനസ്സ് സന്തോഷത്താല്‍ വീര്‍പ്പുമുട്ടുകയാണ് - കാരണം ഓരോ ദിവസവും ഞങ്ങള്‍ അടുത്ത ജന്മത്തിലേക്ക് ഒരു കാല്പാടുകൂടി അരികിലെത്തുകയാണല്ലോ."
കഥ ഇവിടെ തീരുകയാണ്. ആയൂര്‍വേദമാകട്ടെ തത്വചിന്തയാകട്ടെ. ഭാരതീയമാതെന്തും കണ്ണടച്ചു വിഴുങ്ങി, 'കര്‍മ്മ' ഫേറ്റ് തുടങ്ങിയ എന്‍ലൈറ്റഡ് വെസ്റ്റേണറുടെ പുതിയ 'വൊക്കാബുലറി' കടമെടുത്ത ഔട്ട് ഓഫ് ഫാഷന്‍ ആയ മയക്കു മരുന്നിനും, മദ്യത്തിനും പകരം പുതിയ ലഹരികള്‍ സ്വന്തമാക്കുന്നതാണോ ജെര്‍മി? കടുത്ത ജീവിത ദുഃഖങ്ങള്‍ക്കിടയിലെ പ്രത്യാശ പോലെ, തൂങ്ങിക്കിടക്കാന് ഒരു കച്ചിത്തുരുമ്പായി പുനര്ജന്മത്തേയും, സാങ്കല്‍പ്പിക പ്രണയസാഫല്യത്തേയും കാത്തിരിക്കുന്നതാണോ ഹര്‍ഷിനി? നിങ്ങള്‍ വായനക്കാര്‍ തീരുമാനിക്കുക.
8 comments:
വായിക്കാന്‍ പറ്റുന്നില്ല.
സീമാജി, വായിക്കാന്‍ പറ്റുന്നില്ല. Some font problem. തന്നിരിക്കുന്ന ലിങ്കും പുഴ യുടെ ഹോ പേജിലേക്കാണ്. direct അല്ല.
Sorry link is correct. But font..
എനിക്കു വായിക്കാന്‍ പറ്റിയല്ലോ.
പഴയ ലഹരി വിട്ടു പുതിയതായതുകൊണ്ടോ എന്തുകൊണ്ടോ ആവട്ടെ, മരണത്തിലേക്കടുത്തു കൊണ്ടിരിക്കുന്നു എന്നതിനേക്കാളും, പുതിയ ഒരു ജന്മത്തിലേക്കു ഒരു നാള് കൂടി കുറഞ്ഞു കിട്ടിയല്ലോ എന്ന ചിന്ത തന്നെ നല്ലതു്.
പുഴയിലിട്ടത് അന്നെനിക്ക് മുങ്ങിത്തപ്പിയെടുക്കാൻ സാധിച്ചില്ലെങ്കിലും,
ഇപ്പോൾ നേരിട്ടുവായിക്കുവാൻ സാധിച്ചപ്പോൾ കാണുന്നു..ഒരുഗ്രൻ പ്രണയഗാഥ...
ശരിക്കും ഒരു അനശ്വര പ്രണയകഥ തന്നെയിത് ..കേട്ടൊ ശീമാട്ടി.
പ്രണയദിനത്തിനുമുന്നോടിയായി, ആയതിനെ വരവേൽക്കാൻ ബൂലോഗത്തെത്തിയ യഥാർത്ഥപ്രണയം ഉൾക്കൊള്ളുന്ന ഒരു കഥ !
വായനക്കാര്‍ക്ക് തീരുമാനിക്കാന്‍ ഒന്നുമില്ല. ചോദ്യത്തിന് മുന്‍പേ ഉത്തരങ്ങളൊക്കെ ഭംഗിയായി പറഞ്ഞ് വെച്ചിട്ടുണ്ട്. ആശംസകള്‍ :)
റ്റോംസ്: ഇപ്പോൾ വായിക്കൻ പറ്റുന്നുണ്ടെന്നു കരുതുന്നു.
ബിനൊയ്: നന്ദി.
എഴുത്തുകാരി ചേച്ചി: അതെ, പോസിറ്റീവ് തിങിങ് തന്നെ നല്ലത്.നന്ദി.
ബിലാത്തിചേട്ടൻ: നന്ദി.
രസകരമായ എന്തെല്ലാം ഈ ലോകത്തു നടക്കുന്നു...
ഞാൻ ഇതിനെ പൊസിറ്റീവ് ആയി കാണുന്നു.
മയക്കുമരുന്നിനും മദ്യത്തിനും അപ്പുറവും ലഹരികൾ ഉണ്ടാവട്ടെ!
Post a Comment