പൊടിപ്പും തൊങ്ങലും(ബിലാത്തി മലയാളീ ഫെബ്രുവരി 2010)
'കേരള കഫെ'യില്‍ ദിലീപിന്റെ ഒരു കഥാപാത്രമുണ്ട് - സണ്ണിക്കുട്ടി എന്നോ, ശിവന്‍കുട്ടി എന്നോ, ഉസ്മാന്‍കുട്ടി എന്നോ വിളിക്കാവുന്ന, 'നൊസ്റ്റാള്‍ജിയ' എന്ന ഒറ്റ മതം മാത്രമുള്ള പ്രവാസി. മകരമഞ്ഞും, ചിങ്ങക്കാറ്റും, ഓണത്തുമ്പിയുമൊക്കെ മനസ്സില്‍ കൊണ്ടു നടക്കുന്ന, വയല്‍വരമ്പിലെ ദാവണിയിട്ട നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളില്‍ കാതരമാവുന്ന ഈ മറുനാടന്‍ മലയാളിയെ കേരളത്തിലെ പ്രേക്ഷകനേക്കാളും മറുനാട്ടുകാര്‍ക്കാവും പരിചയം. നാട്ടിലെത്തിയാല്‍ കരയ്ക്കിട്ട മീനിനെപ്പോലെ പിടയുന്ന, നാട്ടിലെ സകലതിനും കുറ്റം കാണുന്ന, എന്നാല്‍ തിരിച്ചെത്തിയാലുടന്‍ ഏസിയുടെ തണുപ്പിലും വിസ്ക്കിയുടെ ചൂടിലുമിരുന്നു ഗൃഹാതുരത്വം ഒരു ഫാഷനാക്കുന്ന ഒരു മിഡില്‍ ക്ലാസ് മലയാളിയെ ദിലീപ് അഭിനയിച്ച് കുളമാക്കിയിട്ടുണ്ടെങ്കിലും നമ്മള് ഓര്‍ത്തിരിക്കും. കാരണം അത് ഓരോ പ്രവാസിയുടെയും രേഖാചിത്രമാണ്.
ഓരോ മനുഷ്യനും വളരെ പേഴ്സണല്‍ ആയ കാര്യമാണ് നൊസ്റ്റാള്‍ജിയ അഥവാ ഗൃഹാതുരത്വം. ബാല്യത്തില്‍ കണ്ടു പരിചയിച്ച നാട്, ബന്ധുക്കള്‍, ഭക്ഷണം, പ്രകൃതി, തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള ഓര്‍മ്മകള്‍ നൊസ്റ്റാള്‍ജിയയെ ട്രിഗ്ഗര്‍ ചെയ്യുന്നു. ഭൂതകാലത്തെ പറ്റി കുറച്ചൊക്കെ ഐഡിയലൈസ് ചെയ്യപ്പെട്ട ഓര്‍മ്മകളും, അക്കാലത്തേക്ക് തിരിച്ചു പോവാനുള്ള അദമ്യമായ ആഗ്രഹവുമാണ് നൊസ്റ്റാള്‍ജിയ എന്നു നിര്‍വ്വചനം. കാലവും ദേശവും അകലും തോറും സന്തോഷകരമായ ബാല്യകാലസ്മൃതികള്‍ ശക്തമാകുന്നു. കുട്ടിക്കാലത്തു കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോള്‍ കിട്ടുന്നില്ലെന്നു പരാതിപ്പെടുന്നവരും, "അന്നത്തെ കാലമായിരുന്നു കാലം" എന്നു നെടുവീര്‍പ്പിടുന്നവരും ഈ പ്രോസസ്സിലൂടെ കടന്നു പോവുന്നവരാണ്. എന്നിരുന്നാലും ഇവിടെയൊക്കെയുള്ള ഒരു വസ്തുത നമുക്കൊക്കെ ഓര്‍ക്കാനും നെടുവീര്‍പ്പിടാനും ഒരു കുട്ടിക്കാലവും അതിന്റെ കുറെ നല്ല ഓര്‍മ്മകളും ഉണ്ടെന്നതാണ്.
എന്നാല്‍ ഇന്നത്തെ ഇളംതലമുറയ്ക്ക് വയസ്സുകാലത്ത് ഓര്‍ത്തു സന്തോഷിക്കാന്‍ എന്ത് ഓര്‍മ്മകളാണ് ഉണ്ടാവുന്നത്? അവരുടെ ചെറുപ്പത്തിലെ മധുരാനുഭവങ്ങള്‍ എന്തൊക്കെയാണ്?
മൂവാണ്ടന്‍ മാങ്ങയുടെ ചുനയുള്ള വേനല്‍ക്കാലവും ഇടവപ്പാതിയുടെ തണുത്ത കാറ്റും ഒന്നും പ്രവാസി കുട്ടികള്‍ക്കായി ഒരുക്കാന്‍ പറ്റില്ലെങ്കിലും ഓരോ രാജ്യത്തിന്റെ പ്രകൃതിക്കനുസരിച്ചുള്ള അനുഭവങ്ങള്‍ അവര്‍ക്കു നാം കൊടുക്കേണ്ടേ? ഈ ചിന്ത വന്നത് മഴപോലെ പെയ്യുന്ന മഞ്ഞില്‍ ഇവിടെ, ഇംഗ്ലണ്ടിലിരുന്ന് തണുത്തു വിറച്ചപ്പോഴാണ്. സ്ലെഡ്ജില്‍ മഞ്ഞിലൂടെ വഴുതിയിറങ്ങിയും സ്നോമാന്‍ ഉണ്ടാക്കിയും, സ്നോബോളുകള്‍ പരസ്പരമെറിഞ്ഞും ആര്‍ത്തുല്ലസിക്കുന്ന ഇവിടത്തെ കുട്ടികളെ കണ്ടു നില്‍ക്കുന്നതിനിടയിലാണ് ശ്രദ്ധിച്ചത്. മഞ്ഞില്‍ കളിക്കാന്‍ ഒറ്റ ഏഷ്യന്‍ കുട്ടിയുമില്ല. ഒന്നു രണ്ടു അമ്മമാരെ വിളിച്ച് അവരുടെ മക്കള്‍ എവിടെയാണെന്നു അന്വേഷിച്ചപ്പോള്‍ കാര്യം മനസ്സിലായി - മഞ്ഞില്‍ കളിച്ച് ജലദോഷം പിടിക്കുകയോ, വീണു പരിക്കു പറ്റുകയോ ചെയ്താലോ എന്നു പേടിച്ച് എല്ലാവരും മക്കളെ സ്വറ്ററും ഇടുവിച്ച് റ്റി.വിയ്ക്കു മുന്പില് ഇരുത്തിയിരിക്കുന്നു. പൊട്ട?ാര്‍ സായിപ്പുമാര്, അവര്‍ക്ക് നോക്കാന്‍ നേരമില്ലാത്തതിനാല്‍ അവരുടെ പിള്ളേര് സ്നോയില്‍ തലകുത്തി മറിഞ്ഞ് കളിച്ചു രസിക്കുന്നു. നമ്മള് വിവരമുള്ളവര്‍ പിള്ളേര്‍ക്ക് ആ നേരത്ത് ഏഷ്യാനെറ്റ് ചാനല്‍ വച്ചു കൊടുക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗള്‍ഫിലും കണ്ടിരുന്നു ഈ കാഴ്ച. പുറത്തു കളിക്കാന്‍ പോവാന്‍ അനുവാദമില്ലാതെ അമ്മയുറങ്ങുന്ന ഉച്ചനേരങ്ങളില്‍ ഫ്ലാറ്റിന്റെ കോറിഡോറ് കളിക്കളമാക്കുന്ന ഭാവി സച്ചിന് തെണ്ടുല്‍ക്കര്‍മാരെ.
നാട്ടിലും സ്ഥിതി മറിച്ചല്ല. മഴക്കാലമായാല്‍ മഴകൊണ്ടു പനിപിടിക്കുമെന്നു പേടിപ്പിച്ചും, വേനല്‍ക്കാലത്ത് വെയില്‍കൊണ്ടു പനി പിടിക്കുമെന്നു പേടിപ്പിച്ചും വീട്ടില്‍ അടച്ചിടപ്പെടുന്ന കുരുന്നുകള്‍. വില്ല?ാരുടെ ലിസ്റ്റ് ഇവിടെയും തീരുന്നില്ല. പൊടി, കാറ്റ്, മഞ്ഞ്, എന്നിങ്ങനെ കുഞ്ഞുങ്ങളുടെ ശത്രുക്കള്‍ എല്ലായിടത്തും പരുന്തുകളായി പതിയിരിക്കുന്നു, അമ്മക്കോഴിയുടെ ചിറകില്‍ നിന്നു പുറത്തു വരുന്ന കുഞ്ഞിനെ റാഞ്ചാന്‍!
പ്രകൃതിയെന്നാല്‍ അകറ്റി നിര്‍ത്തേണ്ട ഒന്നാണെന്നാണോ നമ്മള് അടുത്ത തലമുറയെ പഠിപ്പിക്കേണ്ടത്? തുലാമഴ കൊണ്ടാലൊരു പനി പിടിക്കുന്നതിനുപരി നമുക്കെന്താണ് പറ്റിയിട്ടുള്ളത്? വെയിലു കൊണ്ടു വിയര്‍ത്താലോ, സ്നോയില്‍ ഓടിക്കളിച്ചാലോ ഒരു കുട്ടിക്കും മാറാരോഗമൊന്നും പിടിക്കില്ലെന്ന് ഡോക്ടര്‍മാര്‍ തറപ്പിച്ചു പറയുന്നു. കഴിയുന്നത്ര പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് ശിശുരോഗവിദഗ്ദ?ാര്‍ പറയുമെങ്കിലും നമ്മള് പലപ്പോഴും നമ്മുടെ സൗകര്യങ്ങള്‍ക്ക് കുട്ടികളുടെ സന്തോഷത്തേക്കാളും ന?യെക്കാളും വിലയിടുന്നു. കുട്ടിക്കൊരു ജലദോഷം വന്നാല്‍ നമുക്കുണ്ടാവുന്ന അസൗകര്യത്തെ ലീവ്, റ്റാര്ഗെറ്റ്, പ്രൊജക്ട്, എന്നു തുടങ്ങി പല വാക്കുകളില്‍ വിശദീകരിച്ച് നമ്മള് അവരെ കുട്ടിക്കൂട്ടിലെ തടവുകാരാക്കുന്നു. അവരുടെ ബാല്യത്തേക്കാള്‍ ഭാവിയ്ക്ക് പ്രാധാന്യം കൊടുക്കുന്നു.
അടുത്ത കാലത്തൊന്നും ഈ സ്ഥിതിക്ക് വലിയ മാറ്റമൊന്നും വരുമെന്നു പ്രതീക്ഷയില്ലാത്തതിനാല്‍ മഞ്ഞും, മഴയും, വെയിലും, കാറ്റും, സൂര്യനും, ചന്ദ്രനും ഇല്ലാത്ത ഒരു സമയമുണ്ടാവട്ടെ, നമ്മുടെ കുരുന്നുകള്‍ക്ക് പുറത്തിറങ്ങി കളിക്കാന്‍ എന്നാഗ്രഹിക്കാം. അതുവരെ ഭാവി വാഗ്ദാനങ്ങള്‍ വല്ല വീഡിയോ ഗെയിമുകള്‍ കളിച്ചോ, കണ്ണീര് ചാനലുകളിലെ പുതിയ (അണ്) റിയാലിറ്റി ഷോസ് കണ്ടോ 'മധുരസ്മരണകള്' ഉണ്ടാക്കട്ടെ!
16 comments:
സത്യം..!!
എന്നു പ്രകൃതിയെ മറന്നോ അന്നുതുടങ്ങി കണ്ടകശനി...
ഒരുപാടോർമ്മകളുള്ള അമ്മമാരും അച്ഛന്മാരും അവ അയവിറക്കുമെങ്കിലും പിള്ളേരുടെ കാര്യം വരുമ്പൊ തഥൈവ ...
പ്രകൃതിയെ അറിയാത്ത ഒരു സമൂഹം രൂപപ്പെട്ടുവരുന്നു .നല്ല പോസ്റ്റ്
good article
നമ്മള് വിവരമുള്ളവര്‍ പിള്ളേര്‍ക്ക് ആ നേരത്ത് എഷ്യാനെറ്റ് ചാനല്‍ വെച്ചു കൊടുക്കുന്നു.
നല്ല പോസ്റ്റ്.
മനം നിറയെ ബാല്യകാലസ്മരണകളുള്ള പ്രവാസികളായ ഓരൊ മാതാപിതാക്കളും, മറുരാജ്യങ്ങളിലും അഥവാ നാട്ടിലവുധിക്കുചെല്ലുമ്പോഴും ,അസുഖം വരും/സംസ്കാരം മാറും/സ്വഭാവം കെടും ...അങ്ങിനെപലകാരണങ്ങൾ കൊണ്ടും മക്കളെ കളിമുറ്റം പോലുമില്ലാത്ത വീടുകളുടെ തടവറകളിൽ അടച്ചിടും !
പരിസരത്തെ അറിയാതെ,മാനസികമായി പോലും ഉൾവലിയുന്ന ഒരു പുത്തൻ പ്രവാസിതലമുറയാണല്ലോ മലയാളിക്കുമുമ്പിൽ വളർന്നുവരുന്നതെന്നോർത്ത് നമ്മൾക്ക് ദു:ഖിക്കാം അല്ലേ.....
എന്നാലും കാക്കക്ക് തൻ കുഞ്ഞ് പൊങ്കുഞ്ഞ് ആണല്ലൊയെന്നും !
ദിലീപിന്റെ കേരള കഫെയിലെ അഭിനയം നന്നായിരുന്നു എന്നെനിക്കു തോന്നിയിരുന്നു .പണത്തിനു വേണ്ടി ഓടുന്ന പ്രവാസിയെ അയാള്‍ നന്നായി അവതരിപ്പിച്ചു .
അതില്‍ സലിം കുമാര്‍ റോളും നന്നായിരുന്നു .
പിന്നെ കരക്ക് പിടിച്ചിട്ട മീനിനെ പോലെ എന്ന് പ്രവാസിയെ ഉപമിച്ചത് മികച്ച ഉപമ തന്നെയാണ് .
പറഞ്ഞ കാര്യങ്ങളും കൊള്ളാം . നോല്സ്ടാ ല്ഗിയ ആണോ എന്നറിയില്ല ഈ നാട് എനിക്കൊത്തിരി നഷ്ടങ്ങള്‍ സമ്മാനിക്കുന്നുണ്ട് . അതിലൊന്ന് നമ്മുടെ നാട്ടിലെ നാല് മണി മഴ തന്നെയാണ് .
നല്ലത് ..... ഈ പോസ്റ്റും ചിന്തകളും ...
കേരള കഫേ ഞാന്‍ കണ്ടില്ല.
പറഞ്ഞിരിക്കുന്നതു വളരെ ശരിയായ കാര്യം.
എനിക്കു തോന്നുന്നു (ഈ പറഞ്ഞിരിക്കുന്നതു വായിച്ചിട്ടു്)പ്രവാസി കുട്ടികളുടെ കാര്യമാണ് കൂടുതല്‍ കഷ്ടമെന്നു്. അവര്‍ക്കു നാട്ടിലെ കുട്ടിക്കാലമില്ല. അവിടേയുമില്ലെങ്കില് കഷ്ടം തന്നെ.
നാട്ടില്‍ പഴയപോലെയില്ലെങ്കിലും, ഇപ്പഴും കുട്ടികള്‍ കളിച്ചു തിമര്ത്തുനടക്കുന്നുണ്ട് അവധിക്കാലങ്ങളിലൊക്കെ(നാട്ടിന്പുറങ്ങളിലെങ്കിലും).
"ഒരു പൂവ് അത്യപൂര്‍വ വസ്തുവായ നാടിന്റെ ഊര്വരതയില്, കഥ പറയുവാന്‍ മുത്തശ്ശിയില്ലാതെ, സന്ധ്യാനാമവും കര്‍ക്കിടക മഴയും കാണാതെ, സൂര്യരശ്മികള്‍ ചിത്രമെഴുതുന്ന അമ്പലക്കുളത്തില്‍ വാലു നനച്ചിട്ടു പോകുന്ന തുമ്പികളെ കാണാതെ, കൃത്രിമാന്തരീക്ഷത്തിന്റെ ചലനമറ്റ ശീതളതയില്‍ ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ആ കൊച്ചു കുട്ടിയോട് അന്നാണ് ആദ്യമായി സഹതാപം തോന്നിയത്.
ഒരു പൂവ് പോലും അടുത്തുകാണാതെ വളരുന്ന ബാല്യം."
എന്റെ നോവലിന്റെ കഴിഞ്ഞ അദ്ധ്യായത്തില്‍ ഞാന്‍ എഴുതിയ വരികളാണ്.ഗള്‍ഫിലെ ബാല്യകാലത്തെ പറ്റി.
ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഇവിടെ ചേര്‍ക്കണമെന്ന് തോന്നി.
വല്ലാത്ത കോ ഇന്‍സിഡന്‍സ്.
Correct. Full 10 marks :D
എനിക്ക് പരിചയമുള്ള ഒരു കുട്ടിയുണ്ട്. അതിന്റെ മാതാപിതാക്കള്‍ മഴനനയും വെയിലു കൊള്ളൂം പൊടികൊള്ളൂം എന്നൊക്കെ പറഞ്ഞ് പുറത്തേക്ക് കളിക്കാന്‍ പോലും വിടില്ല. ഫലമോ എന്നും ഓരോരോ അസുഖങ്ങളാണ് കുഞ്ഞിന്......
വളരെ വലിയൊരു സത്യമാണ് സീമ പറഞ്ഞിരിക്കുന്നത്.
ചില അമ്മമാര്‍ക്കെങ്കിലും ഇതൊക്കെ അറിയാം. ഒരു ചൈല്‍ഡ് സ്പെഷ്യലിസ്റ്റിന്റെ മകള്‍ തന്റെ 4 വയസ്സുള്ള മകനെ യഥേഷ്ടം മണ്ണില്‍ കളിക്കാന്‍ വിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
മഞ്ഞില്‍ കളിക്കാന്‍ പറ്റാത്ത കുട്ടികളോടും, ഇമ്മാതിരി നോവലുകള്‍ പടയ്ക്കുന്ന സുനില്‍ നായരോടും ഒരു പോലെ സഹതാപം തോന്നി ;) നല്ല പോസ്റ്റ്.
ഇന്ന് മുറ്റത്ത് മണ്ണില്ലല്ലോ കളിക്കാൻ.. കോൺക്രീറ്റ് പാകിയ മുറ്റവും പ്ലാസ്റ്റി പൂവുകൾ വച്ച് പിടുപ്പിച്ച പൂന്തോട്ടവുമല്ലേ ഇന്നുള്ളത്.. സീമ പറഞ്ഞത് ശരിയാ.. ലീവ്, ടാർജറ്റ്, പ്രോജക്റ്റ്.. ഇതിലൊക്കെ നമ്മൾ നമ്മുടെ കുട്ടികളെ തളച്ചിടുന്നു..
ഹാഷിം, കൊട്ടോട്ടിക്കാരൻ, ജീവീ,ഏറക്കാടൻ, റാംജി, ബിലാത്തി, പ്രദീപ്, എഴുത്തുകാരി, മുരളി, ക്യാപ്റ്റൻ, മലയാളി, ഗീത മനോരാജ്: നന്ദി. നമുക്കു കിട്ടാത്തതൊക്കെ നമ്മുടെ മക്കൾക്കു കൊടുക്കാൻ വേണ്ടിയുള്ള നെട്ടൊട്ടത്തിൽ നമുക്കു കിട്ടിയതൊക്കെ അവർക്കു കിട്ടാതാക്കുന്ന നമ്മൾ.
അനൊണി: നന്ദി. ഏതു സുനിൽ നായറ്? ഏതു നോവൽ? ഒന്നും മനസ്സിലായില്ലാാ...
വളരെ പ്രസക്തമായ നല്ല പോസ്റ്റ്..
Post a Comment