Tuesday, 11 August 2009

സ്മിത്തും, പട്ടേലും, പിന്നെ മലയാളികളും

ഇവിടെയൊക്കെ വന്നിട്ടുണ്ട്:
പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളി ജൂലൈ 2009)
പുഴ.കോം
മുഖരേഖ ഓഗസ്റ്റ്‌ 2009

യു.കെ.യിലും യു.എസ്‌.എ.യിലും ഓരോ നൂറുപേരിലും ഒരാള്‍ ഒരു "സ്മിത്ത്‌" ആണത്രെ. കുറെ കാലമായി അങ്ങനെ കിരീടം വയ്ക്കാത്ത രാജാവായി വിരാജിച്ചിരുന്ന "സ്മിത്ത്‌" യു.കെ.യിലെ ഒന്നാം നമ്പര്‍ സ്ഥാനത്തു നിന്ന്‌ ഔട്ട്‌ ആയി, അടുത്ത കാലത്ത്‌ - പകരക്കാരനായി കയറിയത്‌ നമ്മുടെ സ്വന്തം ഗുജു 'പട്ടേല്‍'.

എന്തിലും, ഏതിലും ഒന്നാം സ്ഥാനം കൈയ്യടക്കണമെന്ന്‌ ആഗ്രഹമുള്ള മലയാളിക്കു പക്ഷേ, ഇവിടെ വലിയ സ്കോപ്പില്ല. കാരണം, രണ്ടു "ഫസ്റ്റ്‌ നെയിംസ്‌" ഉള്ള ദൈവത്തിന്റെ സ്വന്തം മക്കളല്ലേ നമ്മള്‍. മലയാളി രീതിയനുസരിച്ച്‌ ഭര്‍ത്താവിന്റെ ആദ്യപേര്‌ ഭാര്യയുടെ സെക്കന്‍ഡ്‌ (സര്‍) നെയിം ആകുമെന്ന്‌ പലരേയും പറഞ്ഞു മനസ്സിലാക്കാന്‍ പെടാപ്പാടു കുറെ പെട്ടിട്ടുണ്ടു ഞാന്‍. ഇപ്പോ പിന്നെ, നിയമത്തിന്റെ നൂലാമാലകളൊന്നുമില്ലാത്ത അവസ്ഥയാണെങ്കില്‍ 'റിച്ചാര്‍ഡ്‌' എന്നത്‌ ഫസ്റ്റ്‌ നെയിമോ, സര്‍നെയിമോ ആകാമെന്ന ലോജിക്‌ വച്ച്‌ ഭര്‍ത്താവിന്റെ ഫസ്റ്റ്‌ നെയിം എന്റെ "മെയ്ഡന്‍ നെയിം" ആണെന്നു പറഞ്ഞ്‌ തലയൂരുകയാണ്‌ പതിവ്‌.

ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാര്‍ പൊതുവേ ഭര്‍ത്താവിന്റെ സര്‍നെയിം സ്വന്തം പേരിനോടു ചേര്‍ക്കുമ്പോള്‍ കേരളത്തില്‍ മാത്രമെന്തേ അതില്ലാതെ പോയത്‌? മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി മലയാളി വനിതയ്ക്ക്‌ വിവാഹ ശേഷവും സ്വന്തം കുടുംബത്തില്‍ സ്ഥാനമുള്ളതുകൊണ്ടാണോ? വിവാഹശേഷം, ഭര്‍ത്താവു മാത്രം മതി, പുള്ളിയുടെ കുടുംബം വേണ്ട എന്ന അണുകുടുംബ മനഃസ്ഥിതികൊണ്ടാണോ? അറിയില്ല. നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ന്മാര്‍ ഇതിനു വല്ല തിയറിയും കണ്ടുപിടിച്ചിട്ടുണ്ടോ? വായനക്കാര്‍ക്കറിയാമെങ്കില്‍ ഒന്നു പങ്കുവെച്ചാല്‍ നന്നായിരുന്നു.

അതുപോലെ തന്നെ വളരെ വിചിത്രമായ മറ്റൊരു രീതിയാണ്‌, ആരും കേള്‍ക്കാത്ത പേരിന്റെ സ്റ്റാറ്റസ്‌ സിമ്പല്‍. അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത്‌ പേരിടീല്‍ ആണ്‌ ഒരു രീതി. വളരെ വിചിത്രമായ ചില കുട്ടി പേരുകള്‍ കേള്‍ക്കുമ്പോള്‍, സത്യമായും ആലോചിക്കും, ഇതിനു മാത്രം ഈ കുഞ്ഞെ ന്തു തെറ്റു തന്റെ മാതാപിതാക്കളോട്‌ ചെയ്തു എന്ന്‌. (ഒരു പക്ഷേ മുന്‍ജനമത്തിലെ പകതീര്‍ക്കുന്നതും ആവാം, അല്ലേ? കഴിഞ്ഞ ജനമത്തിലെ ശത്രുവാണ്‌ ഈ ജനമത്തിലെ പുത്രനായി ജനിക്കുന്നത്‌ എന്നൊരു വിശ്വാസമുണ്ടല്ലോ). കൃഷ്ണനും മിനിക്കും കുട്ടിയുണ്ടായപ്പോള്‍ 'കൃമി' എന്നു വിളിക്കാമെന്ന്‌ ഒരു സുഹൃത്ത്‌. കുട്ടിയുടെ ഭാഗ്യത്തിന്‌ (അതോ നിര്‍ഭാഗ്യത്തിനോ?) പരിഷ്ക്കരിച്ച്‌ ഇട്ടത്‌ ഒരു ഇംഗ്ലീഷ്‌ പേര്‌ - ക്രീം.

നോക്കിയ 365, നോക്കിയ 367, നോക്കിയ N90 എന്ന്‌ മാനുഫാക്ചറിംഗ്‌ യൂണിറ്റുകള്‍ പേരിടുന്നതു പോലെ മക്കള്‍ക്ക്‌ പേരിടുന്നതും ഒരു കാലത്ത്‌ ഫാഷനായിരുന്നു. (ഇടയ്ക്കൊക്കെ ഇപ്പോഴും ഈ പ്രൊഡക്ഷന്‍ സീരീസ്‌ തല പൊക്കാറുണ്ട്‌). നാണു, നേണു, നിണു, നോണു, നുണു... എന്നു മക്കള്‍ക്ക്‌ പേരിട്ടതിനെ ചുറ്റി പറ്റി കുറെ നാളായി കറങ്ങി നടക്കുന്ന ഒരു ടങ്ങട ജോക്ക്‌ നിങ്ങളെല്ലാവരും കണ്ടു കാണുമല്ലോ. ഭാഗ്യത്തിന്‌ ഇംഗ്ലീഷ്‌ വൗവ്വല്‍സ്‌ അഞ്ചു മാത്രമായതു കൊണ്ട്‌ കൂടുതല്‍ 'പെര്‍മൂട്ടേഷന്‍സ്‌' ഇവിടെ വേണ്ടി വന്നില്ല.

പത്തിരുപതു വര്‍ഷം മുമ്പ്‌ 'എ'യില്‍ ആരംഭിക്കുന്ന പേരുകള്‍ക്ക്‌ ഭയങ്കര ഡിമാന്‍ഡായിരുന്നു എന്നു കേട്ടിട്ടുണ്ട്‌. ഒരു ക്ലാസ്സില്‍ പത്ത്‌ അഞ്ജലിയും, എട്ട്‌ ആനന്ദും, പന്ത്രണ്ട്‌ ആല്‍ബര്‍ട്ടും ഒക്കെ ഉണ്ടാകുമായിരുന്നത്രെ. നമ്മുടെ കുട്ടി അറ്റന്‍ഡന്‍സ്‌ രജിസ്റ്ററിലും ഒന്നാമനാകട്ടെ എന്ന്‌ അച്ഛനമ്മമാര്‍ കരുതുന്നതില്‍ തെറ്റില്ലല്ലോ. പക്ഷേ, കുറെ കഴിയുമ്പോഴല്ലേ മനസ്സിലാവുന്നത്‌, അത്രയൊന്നും ambitious അല്ലാത്ത സഹപാഠികള്‍ 'ഞൊണ്ടന്‍ അബി,' 'മൊട്ട അബി,' 'കണ്ണട അഞ്ജു' എന്നൊക്കെ വളരെ അരുമയോടെ മക്കള്‍ക്ക്‌ ജീവിതകാലം മുഴുവനും പതിഞ്ഞു കിടക്കുന്ന 'ഐഡന്റിറ്റി' ചാര്‍ത്തി കൊടുക്കാറുണ്ടെന്ന്‌. ഏതായാലും, പ്രൈമറി സ്കൂള്‍ മുതല്‍ ഇന്റര്‍വ്യൂ ബോര്‍ഡ്‌ വരെ ഇപ്പോള്‍ സര്‍നെയിം അനുസരിച്ചാക്കി രജിസ്റ്റര്‍ എന്നതില്‍ പണ്ടത്തെ അഭിലാഷുമാര്‍ക്കും, ആനന്ദുമാര്‍ക്കും ഇപ്പോള്‍ വലിയ ഡിമാന്‍ഡ്‌ ഇല്ലത്രെ. പക്ഷേ ഇക്കൂട്ടര്‍ക്ക്‌ ആശയ്ക്ക്‌ വകയുണ്ട്‌ ഇപ്പോഴും, ഒരു കുഞ്ഞു ജനിച്ച്‌ അവനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര്‌ 'എ'യില്‍ തുടങ്ങിയതുകൊണ്ട്‌ കുട്ടിക്ക്‌ അറ്റന്‍ഡന്‍സ്‌ രജിസ്റ്ററില്‍ തുടക്കത്തില്‍ തന്നെ സ്ഥാനം ഉറപ്പിക്കാമല്ലോ.

കൗതുക പേരുകളോട്‌ മലയാളിക്കുള്ള കമ്പം അത്ര പുതിയതൊന്നുമല്ല. അമ്മയുടെ ഹൈസ്ക്കൂള്‍ കാലത്തുണ്ടായിരുന്ന ഒരു കൂട്ടുകാരിയായിരുന്നു, "ഇന്ദിരാ ഗാന്ധി." സിനിമയിലും, രാഷ്ട്രീയത്തിലും തിളങ്ങുന്ന നക്ഷത്രങ്ങളുടെ പേരുകള്‍ മക്കള്‍ക്കായി കണ്ടെത്തുന്ന അച്ഛനമ്മമാര്‍, പക്ഷേ, പേരിനൊപ്പം താരത്തിന്റെ "സര്‍ നെയിം" കൂടി കടമെടുത്താലോ?

കാലവും ശാസ്ത്രവും പുരോഗമിക്കുന്നതിനനുസൃതമായി മലയാളിയുടെ അന്ധവിശ്വാസങ്ങളും പുരോഗമിക്കുന്നതുകൊണ്ട്‌ ഇപ്പോള്‍ മിക്കവാറും ആളുകള്‍ പേരുകള്‍ തിരഞ്ഞെടുക്കുന്നതിന്‌ കൂട്ടുപിടിക്കുന്നത്‌ സംഖ്യാശാസ്ത്രത്തെയാണ്‌. കൂടാതെ പഴമയിലേക്കുള്ള തിരിച്ചുപോക്കും ഇപ്പോള്‍ ശക്തമായിട്ടുണ്ട്‌ - വിചിത്ര പേരുകള്‍ ചുമന്ന്‌ അവശരായ പുതുതലമുറയിലെ മാതാപിതാക്കന്മാര്‍ കുറെകൂടി കണ്‍സര്‍വേറ്റീവ്‌ ആയ ഒരു അപ്രോച്‌ ആണ്‌ മക്കളുടെ പേരിടീല്‍ കാര്യത്തില്‍ അനുവര്‍ത്തിച്ചു വരുന്നത്‌.

മക്കള്‍ക്ക്‌ മറ്റാരും ഇടാത്ത പേരു കണ്ടുപിടിക്കാന്‍ നെട്ടോട്ടമോടുന്നവര്‍ ലൈസി, ക്ലംസി, ക്ലാമ്മി തുടങ്ങിയ പേരുകള്‍ ഇടുന്നതിനു മുമ്പ്‌ ഒരു ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു ഒന്നു നോക്കിയാല്‍, ഓടിചാടി നടക്കുന്ന സുന്ദരിപെണ്ണിനെ "ലൗസി" എന്നോ, "ലെതാര്‍ജി" എന്നോ വിളിക്കേണ്ടി വരില്ല നമുക്കാര്‍ക്കും.

കാര്യമെന്തായാലും വിചിത്രപേരുകാര്‍ വിഷമിക്കേണ്ട - ജൂലിയറ്റ്‌ കൂട്ടിനുണ്ടല്ലോ. ‘‘What’s in a name? That which we call a rose by any other name would smell as sweet’’?? പറഞ്ഞത്‌ ഷേക്സ്പിയര്‍ ആയതുകൊണ്ട്‌ നാടന്‍ സായിപ്പുമാര്‍ക്ക്‌ മാത്രമല്ല, ഒറിജിനല്‍ സായിപ്പിനും ഉണ്ടാവാനിടയില്ല പരാതി.

5 comments:

Seema Menon said...

മക്കള്‍ക്ക്‌ മറ്റാരും ഇടാത്ത പേരു കണ്ടുപിടിക്കാന്‍ നെട്ടോട്ടമോടുന്നവര്‍ ലൈസി, ക്ലംസി, ക്ലാമ്മി തുടങ്ങിയ പേരുകള്‍ ഇടുന്നതിനു മുമ്പ്‌ ഒരു ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു ഒന്നു നോക്കിയാല്‍, ഓടിചാടി നടക്കുന്ന സുന്ദരിപെണ്ണിനെ "ലൗസി" എന്നോ, "ലെതാര്‍ജി" എന്നോ വിളിക്കേണ്ടി വരില്ല നമുക്കാര്‍ക്കും.

New post

ബിനോയ്//Binoy said...

മാതാപിതാക്കളുടെ ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും മക്കളില്‍ അടിച്ചേല്‍‌പ്പിക്കപ്പെടുന്ന തുടര്‍ച്ചയിലെ ആദ്യ കണ്ണിയാണ് അവര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന പേര്. "കെന്നത്ത് കൗണ്ട" എന്ന നാമവും പേറി (പണ്ട് ഈ പേരില്‍ ഒരു സാം‌ബിയ പ്രസിഡന്‍റ് ഉണ്ടായിരുന്നു) തരം കിട്ടിയാല്‍ അച്ഛനിട്ട് രണ്ട് പൂശണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. പ്രായപൂര്‍ത്തിയായപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം അവന്‍ പേര് മാറ്റുകയും ചെയ്തു.

സീമയുടെ പോസ്റ്റ് ഇഷ്ടപ്പെട്ടു. തുടരുക :)

Seema Menon said...

ബിനോയി: നമ്മുടെ ഭാഗ്യത്തിന് നമ്മുടെ അച്ഛനമ്മമാര്‍ക്കൊന്നും അത്രയ്ക്ക് സ്നേഹം നമ്മലോടുണ്ടായില്ല! ആശംസകള്‍ക്ക് നന്ദി.

Santosh said...

എനിക്കോര്‍മ്മ വന്നത് എന്റെ ഔ സുഹൃത്തിന്റെ സഹപാഠിയുടെ പേരാണ്. - ലൈറ്റി!! അവര്‍ക്ക് രണ്ടു സഹോദരികളും... ഫാനി, ബല്ബി!!! വേറിട്ട പേരാണെങ്കിലും കുറച്ചു കടന്ന കൈ ആയിപ്പോയി... സ്കൂളില്‍ അവര്‍ക്ക് ചാര്‍ത്തിക്കിട്ടുന്ന "nick names" ആലോചിച്ചെങ്കിലും...... എന്ത് ചൈയ്യാന്‍...

എഴുത്ത് നന്നായി!

Seema Menon said...

സന്തൊഷ്‌:
വായിചതിനും കമന്റിയതിനും നന്ദി.
കൂട്ടുകാരുടെ പേരു കൊള്ളാം, ഇനിയൊരു കുട്ടി ഉണ്ടായിരുന്നെങ്ങില്‍ 'മിക്സീ' എന്നു പേരിട്ടെനെ അല്ലെ?

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!