Wednesday, 26 August 2009

അമ്മാളു സദ്യ ഒരുക്കുകയാണ്

(ബിലാത്തി മലയാളീ ഓഗസ്റ്റ്‌ 2009)

(ഒരു ഓണ സാഹസം ... പാചക ക്കുറിപ്പ്‌ എഴുതാനൊന്നും എനിക്കറിയില്ലാ..എന്നാലും ഓണമായിട്ട് ഒരു സദ്യ ഉണ്ടാക്കതെങ്ങനെയാ അല്ലെ?)

ക്രിസ്തുമസിനും ഈസ്ററിനും കൂട്ടുകാരുടെ വീട്ടില്‍ ചെന്ന് മൂക്കുമുട്ടെ തട്ടി, "ചിക്കന്‍ കറിക്ക് എരിവു പോര, ബീഫ് ഫ്രൈ മൊരിഞ്ഞില്ല'' എന്നൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ക്വാളിറ്റി അനാലിസിസ് നടത്തിയപ്പോളൊന്നും അമ്മാളു ഈ ചതി പ്രതീക്ഷിച്ചില്ല. അത്തം പിറന്നതേയുള്ളൂ, "ഓണസദ്യ എപ്പോഴാ?'' എന്നു ചോദിച്ച് ഫോണ്‍ വിളികളുടെ പ്രവാഹമായി. ഇനിയിപ്പോ ഒഴിഞ്ഞു മാറുന്നതെങ്ങിനെ? "ഊണിനു മുന്നില്‍, പാചകത്തിനു പിന്നില്‍'' എന്ന് അമ്മാളുവിനെപ്പറ്റി ആരെങ്കിലും പുതിയ ചൊല്ലുണ്ടാക്കിയാല്‍, എന്റെ മാനക്കേടു ഭഗവതീ, പിന്നെ ഇന്നാട്ടില്‍ ജീവിക്കണോ?


ഹോട്ടലില്‍ നിന്ന് സദ്യ പാഴ്സല്‍ വരുത്തി, ഉടയാത്ത സെറ്റു മുണ്ടും, വേഷ്ടിയും, ചന്ദനക്കുറിയും മുല്ലപ്പൂവും ചൂടി. വെളുപ്പിനെ ഏഷ്യാനെറ്റിനു മുന്നില്‍ ഹാജരാവുന്ന പതിവ് ഇപ്രാവശ്യം അമ്മാളു തെറ്റിച്ചു കേട്ടോ.
മിസ്സിസ് കെ.എം. മാത്യുവിനെയും തങ്കം ഫിലിപ്പിനെയും മനസ്സാ സ്മരിച്ച്, ഇന്റര്‍നെറ്റിലെ പാചക ബ്ളോഗ് രാജ്ഞിമാര്‍ക്ക് മുന്‍പില്‍ വിളക്കു കൊളുത്തി അമ്മാളു "പ്രോജക്ട് ഓണം 2009'' ഔദ്യോഗികമായി അങ്ങ് ഉല്‍ഘാടനം ചെയ്തു.


ഇളം തൂശനില വെട്ടി, തുമ്പ് ഇടത്തോട്ടിട്ട്, ഇടത്തു നിന്നു വിളമ്പി, ചമ്രം പടഞ്ഞ് ഓണം ഉണ്ണണമെന്നാണ് അമ്മൂമ്മ പഠിപ്പിച്ചത്. ഉപ്പ്, കായ-ചേന വറവ്, തൈര് മുളക്, പുളിഞ്ചി, നാരങ്ങ, പഴം, അതിനു മീതേ പപ്പടങ്ങള്‍, ഇഞ്ചിക്കറി, ഓലന്‍, പച്ചടി, കാളന്‍, തോരന്‍, തോരനു താഴെ അവിയല്‍, എരിശ്ശേരി, നറുനെയ്യ്, ചോറ് - ഇങ്ങനെ ഇലയുടെ ഇടത്തെ അറ്റത്തു നിന്ന് ക്ളോക്ക്വൈസായി വേണം സദ്യ എന്ന് നാട്ടില്‍ അമ്മയെ വിളിച്ച് ഒന്നു കൂടെ ഉറപ്പാക്കി.


ചേനയും കായയും, മഞ്ഞളും, കുരുമുളകും കൂട്ടി വേവിച്ച്, പുളിച്ച തൈരൊഴിച്ച് വറ്റിച്ചെടുത്ത് തേങ്ങയും പച്ചമുളകും അരച്ചു ചേര്‍ത്ത് കടുകും ഉലുവാചേട്ടനും കറിവേപ്പിലയും വറുത്തിട്ടാല്‍ കുറുക്ക് കാളനായി. പുള്ളി പൊതുവേ ഒരു "ലോ-മെയിന്റനന്‍സ്'' കക്ഷി ആയതിനാല്‍ ഫ്രിഡ്ജില്‍ വച്ചില്ലെങ്കിലും പരിഭവിച്ച് ചീത്തയായി പോവില്ല. അതുകൊണ്ട് കാളനെ രണ്ടു ദിവസം മുമ്പേ അമ്മാളു കുപ്പിയിലാക്കി.


ഉശിരില്‍ പിന്നിലാണെങ്കിലും, ഓലനും എരിശ്ശേരിയും പിണക്കത്തില്‍ മുന്നിലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ വിളമ്പാന്‍ നേരത്തേക്ക് ചീത്തയാവുമെന്നര്‍ത്ഥം. കുമ്പളങ്ങയും വന്‍പയറും പച്ചമുളകും വേവിച്ച് തേങ്ങാപാല്‍ ചേര്‍ത്ത് കുറച്ച് പച്ച വെളിച്ചെണ്ണ പകര്‍ന്ന് കരിവേപ്പിലയും പൊട്ടിച്ചിട്ടാല്‍ ഓലനായി. നാട്ടു ഭേദമനുസരിച്ച് പയര്‍ ഇല്ലാതെയും കുമ്പളങ്ങക്കു പകരം മത്തന്‍, പടവലങ്ങ ഒക്കെ റീപ്ളേസ് ചെയ്താലും ഓലന്‍ നന്നാവും. ഒരു ബ്ലോഗില്‍ കുറച്ചുനാള്‍ മുമ്പ് തണ്ണി മത്തന്‍ ഉപയോഗിച്ചു കണ്ടു. കാണാന്‍ നന്ന്; കഴിക്കാന്‍ എങ്ങനെയെന്നറിയില്ല. അമ്മാളു എന്തായാലും അത്ര റിസ്ക്കെടുത്തില്ല.


കായയും ചേനയുമോ, പയറും മത്തനുമോ വേവിച്ച് തേങ്ങയും ജീരകവും അരച്ച് ചേര്‍ത്ത് കടുകും, കരുകരുപ്പായി കുറച്ച് തേങ്ങയും വറുത്തിട്ടാല്‍ ഒരു ഇളന്‍ മധുരത്തോടെ എരിശ്ശേരി ചേട്ടന്‍ റെഡി.


ഇലയില്‍ സുന്ദരി അവിയല്‍ ആണുട്ടോ അമ്മാളുവിന്റെ ഫേവറിറ്റ്. അവിയലില്‍ എന്തൊക്കെ ചേര്‍ക്കാം എന്നതിനേക്കാള്‍ എന്തൊക്കെ ചേര്‍ക്കാതിരിക്കാം എന്നാലോചിക്കുന്നതാണെളുപ്പം. കാരറ്റ്, ബീന്‍സ്, പയര്‍, പടവലങ്ങ, മുരിങ്ങക്കാ തുടങ്ങിയ എലുമ്പന്‍ സഖാക്കളും, ചേന, കായ, ഉരുളക്കിഴങ്ങ്, പച്ചമാങ്ങ തുടങ്ങിയ തടിയന്‍ ഖദര്‍ധാരികളും പാര്‍ട്ടിഭേദമില്ലാതെ, സ്നേഹത്തോടെ വര്‍ത്തിക്കുന്ന അവിയലിനെപ്പറ്റിയാണോ, "മാവേലി നാടു വാണീടും കാലം, മാനുഷ്യരെല്ലാരുമൊന്നുപോലെ'' എന്ന് സിമ്പോളിക്കായി പണ്ടാരോ പാടിയതെന്ന് അമ്മാളുവിനൊരു ചിന്ത. ഇവരെയെല്ലാം അവിയല്‍ പരുവത്തില്‍ മുറിച്ചിട്ട് കുറച്ച് മഞ്ഞള്‍പ്പൊടിയും, ഉപ്പുംകൂട്ടി വേവിച്ച്, തൈരും, തേങ്ങയും, പച്ചമുളകും ജീരകവുമൊക്കെ കൂടി ഒന്നു ഒതുക്കിയെടുത്തു ചൂടാക്കി, കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്താല്‍ അവിയല്‍ "മിസ് ഓണ വിഭവം'' കോമ്പറ്റീഷനില്‍ കൈയടി നേടും.


ബീറ്റ്റൂട്ട് അരിഞ്ഞെടുത്തു വേവിച്ച്, തേങ്ങയും പച്ചമുളകും കടും തൈരും അരച്ച് ചേര്‍ത്ത് കടുകു വറത്താല്‍ അവിയല്‍ സുന്ദരിക്ക് ബദലായി ബീറ്റ്റൂട്ട് പച്ചടിയെ സൌന്ദര്യ മത്സരത്തിനിറക്കാം. ഇനിയിപ്പോ ബീറ്റ്റൂട്ടിനു പകരം കാരറ്റോ, വെള്ളരിയോ ഒക്കെ തരം പോലെയാവാമെന്ന് അമ്മാളു. ഒരു ടിപ്പും തരാം, ട്ടോ.


ഒരു പായ്ക്കറ്റ് പുളി പിഴിഞ്ഞ്, കുറച്ച് കടുകു വറുത്ത്, പിശുക്കില്ലാതെ ഇഞ്ചിയും പച്ചമുളകും വഴറ്റി, പുളിവെള്ളവും കായവും ഉപ്പും ചേര്‍ത്ത് മുറുക്കിയെടുത്താല്‍ അടിപൊളി പുളിയിഞ്ചി ആയല്ലോ. കൂട്ടത്തില്‍, "കറുകറുത്തൊരു പെണ്ണാണ്.......'' എന്നൊരു പാട്ടും പാടി അമ്മാളു.


ഓണ നാരങ്ങ ചെറുതായരിഞ്ഞ്, ഉപ്പും മുളകുപൊടിയും, കായവും ചേര്‍ത്ത് കടുകും ഉലുവയും വറുത്തിട്ടപ്പോള്‍ നാരങ്ങ അച്ചാര്‍ അമ്മാളുവിനെ നോക്കി, നാണിച്ചു ചുവന്ന് നുണക്കുഴി വിരിയിച്ചു.
ഏഷ്യന്‍ കടയില്‍ നിന്നു വാങ്ങിയ നല്ല ഗുരുവായൂര്‍ വലിയ പപ്പടവും, ചെറിയ പപ്പടവും തൈരു മുളകും കൊണ്ടാട്ടവുമൊക്കെ വറത്തു കോരി, പായ്ക്കറ്റ് പൊട്ടിച്ച് ചിപ്സിന്റെ കൂടെ നിരത്തിയപ്പോള്‍ വിഭവങ്ങളുടെ എണ്ണം കൂടുന്നത് കണ്ട് അമ്മാളുവിനും വന്നു ഒരു പുഞ്ചിരി.


പണ്ട് കുളിച്ച് ഊണു കഴിക്കാന്‍ വന്ന് നൂറ്റി ഒന്നു കറികള്‍ ആവശ്യപ്പെട്ട വരരുചിക്ക് ഒരു മിടുക്കിപ്പെണ്ണ് ഉണ്ടാക്കി കൊടുത്തുവത്രേ, കട്ടത്തൈരും, കാന്താരി പച്ചമുളകും, ധാരാളം ഇഞ്ചിയും ചേര്‍ന്ന ഉശിരന്‍ ഇഞ്ചിത്തൈര്. അതോടെ വരരുചി വലയിലായെന്ന് ഐതിഹ്യം. അമ്മാളുവും ഉണ്ടാക്കി അസ്സല്‍ ഇഞ്ചിത്തൈര്. എന്നു വച്ച് കൂടെ കൊണ്ടു പോവാമെന്ന് വിചാരിച്ച് വരരുചി മൂപ്പര്‍ അടുപ്പത്തു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചോട്ടെ. പുള്ളിയുടെ കൂടെ നാടു തെണ്ടി, ആശിച്ചു മോഹിച്ചു വാങ്ങിയ 'ജിമ്മി ചൂ'വിന്റെ സോള്‍ തേക്കാനൊന്നും അമ്മാളു, "സിംപ്ളി നോട്ട് ഇന്ററസ്റഡ്!''


സാമ്പാര്‍ എവിടെയെന്ന് സംശയം ചോദിക്കുന്ന മലയാളി മങ്കമാരും മങ്കന്‍മാരും ഒന്നുകില്‍ ഒരു പായ്ക്കറ്റ് സാമ്പാര്‍പൊടി വാങ്ങി, അതിന്റെ പിന്നിലുള്ള റെസിപ്പി നോക്കി പാചകം ചെയ്യുക, അല്ലെങ്കില്‍, Sambhaar എന്നോ, Saambar എന്നോ ഇഷ്ടം പോലെ കടുപ്പം കൂട്ടിയോ കുറച്ചോ ഗൂഗിളില്‍ ടൈപ്പ് ചെയ്യുക; കിട്ടുന്ന റെസിപ്പി നോക്കി അസ്സലായി ഉണ്ടാക്കുക. മലയാളി ആയിട്ടും സാമ്പാര്‍ ഉണ്ടാക്കാനറിയില്ല, അല്ലേ? ഛേയ്, ലജ്ജാവഹം! അവിയല്‍ പോലെ ചറപറാ കഷണങ്ങള്‍ അരിഞ്ഞിട്ട് അവസാനം "സാമ്പവിയല്‍'' ആകരുതേയെന്ന് പണ്ടുള്ളവര്‍ പറയും. കഷണം കുറച്ചും, പരിപ്പു കൂടുതലും എന്നു സാരം.


സാമ്പാറിനു പരിപ്പു വേവിക്കുമ്പോള്‍ കുറച്ചു പരിപ്പെടുത്തു നീക്കി വെച്ചാല്‍ സ്റൈലായി പരിപ്പും നെയ്യും വിളമ്പാം, എക്സ്ട്രാ എഫര്‍ട്ട് ഇല്ലാതെ.


പിന്നെയും അരക്കപ്പ് പരിപ്പെടുത്ത് ഒന്നു രണ്ടു തക്കാളിയും അല്പം സാമ്പാര്‍ പൊടിയും, കായവും ചേര്‍ത്ത് കടുകു വറത്താല്‍ രസവുമായി.


"ഇനിയിപ്പോ പായസ തലവേദനക്ക് നില്‍ക്കണ്ടന്നേ'' എന്നു സ്നേഹത്തോടെ പുള്ളിക്കാരന്‍ പറഞ്ഞപ്പോള്‍, അമ്മാളുവും വിചാരിച്ചു ഒരു റെഡിമെയ്ഡ് പായസം പായ്ക്കറ്റ് വാങ്ങി, ഹോം മെയ്ഡ് ടച്ചിനായി ഒരല്പം പാലൊഴിച്ച് തിളപ്പിച്ച് വിളമ്പുന്നതില്‍ കുറ്റബോധമൊന്നും ഫീല്‍ ചെയ്യേണ്ട കാര്യമൊന്നുമില്ലല്ലോയെന്ന്. അല്ല, ഇനിയിപ്പോ പായസം ഉണ്ടാക്കിയേ തീരു എന്നാണെങ്കില്‍, ഒരു പായ്ക്കറ്റ് സേമിയാ പാലില്‍ വേവിച്ച് മുറുക്കിയെടുത്ത് അണ്ടിപരിപ്പും മുന്തിരിയും നെയ്യില്‍ മൊരിച്ചിടാം. നമ്മള്‍, എന്‍. ആര്‍. ഐ. മലയാളികള്‍ക്ക് അത്രയൊക്കെയേ പറഞ്ഞിട്ടുള്ളൂ എന്നൊരു ഡയലോഗും പറഞ്ഞ് കൂട്ടത്തില്‍ ഒരു നെടുവീര്‍പ്പു വിടാം.


ഇങ്ങനെ "അമ്മാളു സ്പെഷ്യല്‍ റെസിപ്പി'' നോക്കി ഒരു ചെറിയ സദ്യവട്ടം ഒരുക്കുമ്പോള്‍ "അയ്യോ, ഇതില്‍ ഉപ്പ് ഇടാന്‍ പറഞ്ഞിട്ടില്ലല്ലോ, സ്റൌ കത്തിക്കാന്‍ പറഞ്ഞില്ലല്ലോ, കടുക് എത്ര മണി വറുത്തിടണം എന്നൊക്കെ ചോദിക്കാന്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?


ഒരു കാര്യം ചെയ്യുക, നേരെ പബില്‍ പോയി, ഫിഷ് ആന്‍ഡ് ചിപ്സ് കഴിച്ച്, "വാട്ട് ഓണം!'' എന്ന് ബ്രിട്ടീഷ് ആക്സന്റില്‍ ചോദിച്ച് നമ്മള്‍ മലയാളികള്‍ ആണെന്ന് അങ്ങോട്ടു മറന്നു കളയുക.


വഴിവക്കിലെ ഉപ്പിലിട്ട നെല്ലിക്കയുടെ ഇളം ചവര്‍പ്പും, സ്കൂളിനു മുമ്പിലെ പെട്ടിക്കടയിലെ 'തേന്‍ നിലാവിന്റെ' കടും മധുരവും, ഉത്രാട നിലാവും, കൊതുകിന്റെ സംഗീത കച്ചേരിയും, പെയ്യാതെ പോയ ഇടവപ്പാതിയും, പവ്വര്‍ കട്ടുകളും, തട്ടുകടകളും, നൊസ്റാള്‍ജിയ ആയി കൊണ്ടു നടക്കാത്ത മലയാളിയെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി ഫ്ളൈറ്റും പിടിച്ച് കാശു മുടക്കി, മാവേലി അങ്കിള്‍ എന്തായാലും വരാന്‍ പോവുന്നില്ല, പ്രത്യേകിച്ച് ഈ റിസഷന്‍ കാലത്ത്.


മലയാളിയുടെ മലയാളിത്തമില്ലായ്മ കണ്ട് അമ്മാളുവിന് കുറേശ്ശെ ദേഷ്യം വരുന്നുണ്ടേ...

17 comments:

Seema Menon said...

ഇങ്ങനെ "അമ്മാളു സ്പെഷ്യല്‍ റെസിപ്പി'' നോക്കി ഒരു ചെറിയ സദ്യവട്ടം ഒരുക്കുമ്പോള്‍ "അയ്യോ, ഇതില്‍ ഉപ്പ് ഇടാന്‍ പറഞ്ഞിട്ടില്ലല്ലോ, സ്റൌ കത്തിക്കാന്‍ പറഞ്ഞില്ലല്ലോ, കടുക് എത്ര മണി വറുത്തിടണം എന്നൊക്കെ ചോദിക്കാന്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?

മയൂര said...

പബിലാണ്, ക്വളിറ്റി അനാലിസിസ്സിന് ഒരു ഇലയിട്ടേക്കൂ; ഫിഷും ചിപ്സും വരാന്‍ ടൈമെടുക്കുമെന്ന്;)

ഓണാശംസകള്‍ അമ്മാളൂസ് :)

കുമാരന്‍ | kumaran said...

നല്ല പോസ്റ്റ്...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വായിച്ചു കഴിഞ്ഞപ്പോൾ ഓണത്തിനു മുൻ‌പ് തന്നെ ഓണ സദ്യ കഴിച്ച പ്രതീതി...നല്ല വിവരണം..എന്നാൽ പിന്നെ വിശദമായ ഒരു കുറിപ്പ് ആകാമല്ലോ..!

നന്ദി ഓണാശംസകൾ!

Sureshkumar Punjhayil said...

Ammaluvinte sadya kalakki...!

Manoharam, Ashamsakal...!!!

അരുണ്‍ കായംകുളം said...

നന്നായിരിക്കുന്നു
:)

ഓണാശംസകൾ!

ചാണക്യന്‍ said...

സദ്യ കെങ്കേമമായി....:)

ഓണാശംസകൾ....

Seema Menon said...

മയൂര: പബ്ബീന്നിറങുബോളേക്കും ഇവിടെ സദ്യ കഴിയാനൊരു ചാൻസ് കാണുന്നുണ്ട്. അതോണ്ട് റ്റേക്ക് എവേ എന്തായാലും കരുതിക്കോളൂ. നന്ദി.
കുമാരൺ: നന്ദി
സുനിൾ ക്രിഷ്ണൻ: നന്ദി (‘ക്രി‘ ഇനിയും ശരിയാവുന്നില്ലല്ലൊ ഭഗവാനേ!).സോറി.
സുരേഷ് കുമാർ:നന്ദി
അരുൺ: നന്ദി
ചാണക്യൻ: നന്ദി
എല്ലാവറ്ക്കും ഓണാശംസകൾ!

Zebu Bull::മാണിക്കന്‍ said...

ഇഷ്ടപ്പെട്ടു ഈ ഫാസ്റ്റ് ഓണസ്സദ്യ.

["സുനില്‍ കൃഷ്ണന്‍" എന്നെഴുതാന്‍ sunil kr^shaNan എന്നു ടൈപ്പ് ചെയ്യുക (മൊഴി കീബോര്‍‌ഡാണുപയോഗിക്കുന്നതെങ്കില്‍)]

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഓ.ടോ:

സീമാ,

“കൃ” എന്നെഴുതാൻ kr^ എന്നാണ് അടിക്കേണ്ടത്...വേഗം ഒരു നൂറു തവണ എഴുതി പഠിക്കൂ.....

comiccola said...

onam sadya nannaayi.......

onaasamsakal

comiccola said...

onam sadya nannaayi.......

onaasamsakal

Seema Menon said...

മാണിക്കൺ: നന്ദി.‘കൃ‘കിട്ടി അങനെ. ഇനിയും കുറേ ആളുകൾ പിടികിട്ടാപ്പുള്ളികളായുണ്ട്.
സുനിൽ കൃഷ്ണൺ: കുറച്ചു കുറച്ചൂടേ? ഒന്നാം ക്ലാസ്സേ ആയിട്ടൂള്ളു, അപ്പോളേക്കും ഇത്ര ഇമ്പൊസിഷൻ വേണോ?
കോമികോള: ഡബിൾ നന്ദി. (കൊക്കകോളേടെ ആരായിട്ടു വരും?)
എല്ലാവർ‌ക്കും ഓണാശംസകൾ!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായിട്ടുണ്ട്.ആശംസകള്‍....

Santosh said...

സദ്യയുണ്ടു വയറു നിറഞ്ഞു. അസ്സലായി.
ഞങ്ങളുടെ 'ഒരു' ഓണസദ്യ നാളെയാണ് - ഇവിടുത്തെ ഒരു ചെറിയ 'family friends' കൂട്ടായ്മ

Seema Menon said...

വീ.വിജയൻ സാർ : നന്ദി. ഓണാശംസകൾ!
സന്തോഷ്: അടിച്ചു പൊളിക്കു ഓണം. എന്റെ റെസിപി വല്ലതും പ്രയോഗിച്ചു പ്രശ്നം ഉണ്ടായാൽ ഞാൻ ഉത്തരവാദി അല്ല എന്നു ഡിസ്ക്ലൈമർ.

വയനാടന്‍ said...

സദ്യ ഉഗ്രൻ.
ഓണാശംസകൾ

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!