Thursday 31 December 2009

ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം

പൊടിപ്പും തൊങ്ങലും ബിലാത്തി മലയാളീ നവംബര്‍ 2009

മറ്റുള്ളവര്‍ പറഞ്ഞു കേട്ടതും, വായിച്ച്ചരിഞ്ഞതും വച്ച്   നമ്മള്‍ പലപ്പോഴും പാശ്ചാത്യരെ ഹൃദയമില്ലാത്തവരായോ, ഹൃദയം ശരിക്കുമുള്ള സ്ഥലത്തില്ലാത്തവരായോ ഒക്കെ ചിത്രീകരിക്കാറുണ്ട്‌.

അച്ഛനമ്മമാരേ വൃദ്ധസദനത്തിലേക്ക്‌ തള്ളിവിടുന്ന വില്ലന്മാര്‍ ‍ ആരാ?
പാശ്ചാത്യര്‍.

കുട്ടികളേക്കാള്‍ പട്ടികളെ സ്നേഹിക്കുന്നവര്‍ ആരാ?
പാശ്ചാത്യര്‍.

ലോകത്തിലെ സകല ദുര്‍ഗുണങ്ങള്‍ക്കും (മലയാളികള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ശീലങ്ങള്‍ക്കും ചിന്താരീതികള്‍ക്കും വിപരീതമായി ചിന്തിക്കുന്ന എല്ലാവരും ഈ കൂട്ടത്തില്‍പെടും) കാരണഭൂതര്‍ ആരാ?
പാശ്ചാത്യര്‍.

വിദേശ സംസ്കാരത്തിന്റെ കടന്നുകയറ്റത്തിനെപറ്റിയും അതിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും ഇനി വരുന്ന തലമുറയെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേള്‍ക്കാത്ത മാതാപിതാക്കള്‍ ചുരുങ്ങും.

അമേരിക്കയും ബ്രിട്ടനും ഗള്‍ഫും നമുക്ക്‌ ആവശ്യമാണ്‌. പൈസ ഉണ്ടാക്കാനും കേരളത്തിനേക്കാള്‍ മികച്ച സാഹചര്യങ്ങളില്‍ ജീവിക്കുവാനും. അവരുടെ സ്കൂളുകളും ആശുപത്രികളും നമുക്ക്‌ ദേവാലയങ്ങളാണ്‌. പക്ഷേ, അവരുടെ ജീവിത രീതിയും ഭക്ഷണവും വസ്ത്രധാരണ രീതികളുമോ? ഛേയ്‌, അതു പാടില്ല, അതെല്ലാം വൈദേശികം. അനുകരിക്കാന്‍ പാടില്ലാത്തത്‌. കാരണം? സഭ്യമില്ലായ്മ. അപ്പോള്‍, സ്കുളില്‍ പോകുന്ന കൊച്ചു കുഞ്ഞങ്ങളെ വരെ തുറിച്ചു നോക്കുന്ന നമ്മുടെ സംസ്കാരമാണോ സഭ്യതയുള്ളത്?

ഇങ്ങനെയുള്ള കുറെ പ്രൊപ്പഗാന്റായുടെ ഭാഗമായി വിദേശ സംസ്കാരത്തിലുള്ള ചില നല്ലരീതികളെ നമ്മള്‍ കാണാതെ പോവുന്നുണ്ടോ? പറഞ്ഞു വരുന്നത്‌ "ഗ്രാനി ഫ്ലാറ്റി" ന്റെ കാര്യമാണ്‌. വീടിന്റെ ഭാഗമായി, എന്നാല്‍ ഒരു ഔട്ട്‌-ഹൗസിന്റെ സൗകര്യത്തോടെ ഒരുക്കിയ ഒരു ഗ്രാനി ഫ്ലാറ്റ്‌ എനിക്കു കാണിച്ചു തന്നത്‌ എന്റെ വര്‍ക്ക്‌-മേറ്റ്‌ പൗളിന്‍ ആണ്‌.

 75 വയസ്സില്‍ വിധവയായ അമ്മായിഅമ്മയാണ്‌ പൗളിന്റെ ഗ്രാനി ഫ്ലാറ്റിന്റെ ഉടമസ്ഥ. ആരോഗ്യപരമായി യാതൊരു പ്രശ്നങ്ങളുമില്ലാത്തവരാണ്‌ മിസ്സിസ്‌ പ്രൈസ്‌. വീടിനോടു ചേര്‍ന്ന്‌, ഗാരേജിനു മുകളില്‍ ഒരു ചെറിയ സിറ്റിംഗ്‌റൂമും, ബെഡ്‌റൂമും, ബാത്‌റൂമും മിസ്സിസ്‌ പ്രൈസിന്റെ ഇഷ്ടപ്പെട്ട ഇളംവയലറ്റ്‌ നിറത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ആവശ്യം വരുമ്പോള്‍ വീടിന്റെ മുഖ്യ അടുക്കളയിലേക്ക്‌ ഇറങ്ങിവരാതെ തന്നെ ഒരു ചായ കുടിക്കാനോ, ടോസ്റ്റ്‌ കഴിക്കാനോ സൗകര്യത്തിനു കെറ്റിലും സ്റ്റൗവും, ഫ്രിഡ്ജും അടങ്ങിയ ഒരു കിച്ചനെറ്റ്‌ സ്വന്തമായുണ്ട്‌ ആ ഗ്രാനി ഫ്ലാറ്റില്‍.


ഇതു ഞങ്ങളുടെ നാട്ടിലെ ജോയിന്റ്‌ ഫാമിലി സമ്പ്രദായം പോലെയെന്ന്‌ ഞാന്‍ അത്ഭുതംകൂറി. സ്വന്തം വീട്ടില്‍ തന്നെ ഒരുമുറി ഒരുക്കാത്തതിന്‌ കാരണം പൗളിന്‍ വിശദീകരിച്ചു തന്നപ്പോള്‍ "ഇതു കൊള്ളാമല്ലോ" എന്നാണ്‌ എനിക്കു തോന്നിയത്‌. പതിനാലും പതിനാറും വയസ്സുള്ള കുരങ്ങ?ാ‍ര്‍ തോറ്റു പോവുന്ന സ്വഭാവത്തോടുകൂടിയ രണ്ട്‌ ആണ്‍പിളേളരും ജൂലിയാ റോബര്‍ട്ട്സിനും, നയോമി കാംപെല്ലിനും പഠിക്കുന്ന ഒരു ടീനേജ്‌ പെണ്‍കുട്ടിയുമാണ്‌ ഭര്‍ത്താവിനെ കൂടാതെ പൗളിന്റെ വീട്ടില്‍ അന്തേവാസികള്‍. പിള്ളേരും അവരുടെ കൂട്ടുകാരും സ്വാഭാവികമായും ഉണ്ടാക്കുന്ന ബഹളങ്ങളും വീടൊരു "മിനി ഗെയിം പാര്‍ക്ക്‌" ആണെന്നു പൗളിന്‍. ഈ തിരക്കില്‍ നിന്നും മാറി കുറച്ചു നേരം സ്വസ്ഥമായി വിശ്രമിക്കാനും, പ്രാര്‍ത്ഥിക്കാനും, കൂട്ടുകാരിയുമായി ചീട്ടുകളിക്കാനുമൊക്കെ അവര്‍ തന്നെ തിരഞ്ഞെടുത്തതാണ്‌ ഗ്രാനി ഫ്ലാറ്റ്‌. വീട്ടിലെ മറ്റംഗങ്ങള്‍ ജോലിക്കും സ്കൂളിലേക്കുമായി പുറത്തു പോവുമ്പോള്‍, വലിയൊരു വീട്ടില്‍ ഒറ്റപ്പെട്ടെന്നുള്ള തോന്നല്‍ ഉണ്ടാകുന്നില്ലെന്ന്‌ മിസ്സിസ്‌ പ്രൈസ്‌. ഒപ്പം ഇത്ര വലിയൊരു വീടിന്റെ ചുമതലകള്‍ തന്നെ ഒട്ടും ബാധിക്കുന്നില്ല എന്ന തികഞ്ഞ സന്തോഷവും. വലിയൊരു കുടുംബത്തിനുവേണ്ടി അലക്കിയും ഭക്ഷണം പാകം ചെയ്തും ഇനി മരുമകള്‍ കഷ്ടപ്പെടട്ടെ എന്ന ദുഷിച്ച ചിന്താഗതിയാണ്‌ തനിക്കെന്ന്‌ പൗളിന്റെ തോളില്‍ ചെറുതായടിച്ച്‌, കണ്ണിറുക്കി മിസ്സിസ്‌ പ്രൈസ്‌ പറഞ്ഞു നിര്‍ത്തി. വയസ്സായ അമ്മായി  അമ്മക്ക്  എന്തെഗിലും സംഭവിച്ചാലോ, അസുഖം വന്നാലോ കുടുംബാംഗങ്ങള്‍ അടുത്തുന്ടെന്ന ആശ്വാസം വലുതാണെന്ന് പൌളിന്‍ .

അടുക്കളയുടെ ഭരണാവകാശത്തിനായി തവിയും ചട്ടുകവും മുറുക്കി അമ്മായിയമ്മയും മരുമകളും രംഗത്തിറങ്ങുന്ന നമ്മുടെ കേരളത്തില്‍ ഇതെത്രമാത്രം പ്രാവര്‍ത്തികമാണെന്ന്‌ എനിക്കറിയില്ല. പക്ഷേ, വൃദ്ധസദനങ്ങളേക്കാള്‍ എന്തുകൊണ്ടും നമുക്കനുകരിക്കാവുന്ന മാതൃക ഗ്രാനി ഫ്ലാറ്റുകള്‍ തന്നെയാണെന്നു തോന്നുന്നു.

Monday 21 December 2009

അക്രൈസ്തവന്റെ ക്രിസ്തുമസ്സുകള്‍

പുഴ.കോമില്‍ വന്നത്





മുഴുവന്‍  വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു:  അക്രൈസ്തവന്റെ ക്രിസ്തുമസ്സുകള്‍

Thursday 10 December 2009

ഒരു കൊലപാതകം

ഡിസംബര്‍ ലക്കം തര്‍ജ്ജനിയില്‍ വന്ന കഥ. link: http://chintha.com/node/58924

ഒരു കൊലപാതകത്തിന്റെ പോസ്റ്മാര്ട്ടം

"ഗ്ളബ്, ഗ്ളം, ഗ്ളബ്, ഗ്ളം''

അതായിരുന്നു ജെയ്മിയുടെ അവസാന വാക്കുകള്. എന്നിട്ടവന് പതിയെ, പതിയെ വെള്ളത്തിലേക്ക് താഴ്ന്നുപോയി. മരണത്തിലേക്കൊരു മുങ്ങല്.

ബാത്ത്ടബ്ബിന്റെ ഓരത്ത് ഞാന് അവനെ നോക്കിയിരിക്കുകയായിരുന്നു. അവനുവേണ്ടി ഞാന് ആ ബാത്ത്റൂം പ്രത്യേകമായൊരുക്കിയിരുന്നു. അവനിഷ്ടപ്പെട്ട ചുവന്ന റോസാദലങ്ങളും, വാനിലയുടെ സുഗന്ധമുള്ള മെഴുകുതിരികളും, പ്രണയസുരഭില സംഗീതവും ആ ബാത്ത്റൂമിനെത്തന്നെ ഒരു സ്വര്ഗ്ഗമാക്കി മാറ്റി. അവന് മരിക്കുമ്പോള് സന്തോഷവാനായിരിക്കണമെന്നെനിക്കു നിര്ബന്ധമുണ്ടായിരുന്നു. കാരണം ഞാന് അവനെ അപ്പോളും സ്നേഹിച്ചിരുന്നു - ക്രൂരമെന്നു നിങ്ങള് വിളിക്കാവുന്ന ആ കൊലപാതകം നടത്തിയപ്പോഴും.
ഇത്ര പൈശാചികമായി എന്റെ ഭര്ത്താവിനെ കൊലപ്പെടുത്തിയെന്നു വച്ച് ഞാനൊരു കൊലപാതകപ്രവണതയുള്ള സ്ത്രീയൊന്നുമല്ല കേട്ടോ. അവനെ ഞാന് കൊന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. വര്ഷങ്ങളായി സ്വന്തം ജീവനേക്കാള് വിലകൊടുത്ത് സ്നേഹിച്ച ഭര്ത്താവ് മറ്റൊരുത്തിയുമായി പ്രണയത്തിലാണെന്നറിഞ്ഞാല് ഏതു ഭാര്യയും ഇങ്ങനെയൊക്കെയല്ലേ ചെയ്യൂ.


കുറച്ചുനാളുകളായി ഞാന് കൊണ്ടു നടന്നിരുന്ന ഒരു സംശയത്തിന്റെ പരിസമാപ്തിയായിരുന്നത്. അവന് എന്നില് നിന്ന് അകന്നു പോകുന്നതായി കുറച്ചു നാളുകളായി എനിക്കു തോന്നിയിരുന്നു. എന്തൊക്കെയോ മറന്നതു പോലെയുള്ള അവന്റെ നടത്തവും, ഊറിച്ചിരിയുമൊക്കെ കണ്ടാലറിഞ്ഞുകൂടെ പുള്ളിക്കെന്തോ കേസുകെട്ട് തടഞ്ഞിട്ടുണ്ടെന്ന്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അവന്റെ കോട്ടിന്റെ പോക്കറ്റില് നിന്ന് ആ ക്രെഡിറ്റ് കാര്ഡ് ബില് എനിക്കു കിട്ടുന്നത്. ഏതോ ഒരു മിസ്. അനബല് ലീക്ക് പുഷ്പങ്ങള് അയച്ചതിന്റെ രസീത്. അതും കുറച്ചൊന്നുമല്ല, നൂറു പൌണ്ടിന്.


ഞാനന്ന് കുറെ ആലോചിച്ചു, എന്താ ഇവനിങ്ങനെ തോന്നാന് എന്ന്. അവനെ കണ്ടുമുട്ടിയതു മുതല് ഇന്നുവരെ 'ഭര്ത്താവേ ദൈവം' എന്നൊരു സ്റൈ ലില് ആയിരുന്നില്ലേ ഞാന്. 'ഇന്നത്തെക്കാലത്ത് ഇങ്ങനെയുണ്ടോ ഒരു ശീലാവതി' എന്നെന്റെ കൂട്ടുകാര് കളിയാക്കി ചോദിച്ചിരുന്നു. അവനു ചുറ്റും കറങ്ങുന്ന ഒരു ദാസിയായിരുന്നു ഞാന്. എന്നിട്ടും, കുറച്ചൊരു തൊലിമിനുപ്പും ചോരത്തുടിപ്പും കണ്ടപ്പോള് എന്നെ വിട്ട് അവന് അങ്ങോട്ടു ചാഞ്ഞു.


Illustration by:  Suresh Koothuparambu

ഞാന് ജെയ്മിയെ കണ്ടുമുട്ടുന്നത് പതിനഞ്ചു വര്ഷം മുന്പുള്ളൊരു ക്രിസ്തുമസ് രാത്രിയിലാണ്. പതിവുപോലെ ഏകയായി വീടിനടുത്തുള്ള കോഫീ ഹൌസില് ഒരു ചോക്കലേറ്റ് നുണയാനെത്തിയതായിരുന്നു ഞാന്. റോഡാകെ ഒരു ഉത്സവലഹരിയില് ഉണര്ന്നിരുന്നു. കേയ്ക്കുകളുടെയും, പൈകളുടെയും കൊതിപ്പിക്കുന്ന സുഗന്ധവും, ക്രിസ്തുമസ് കരോളുകളും, പൂമഴയായ് പെയ്തിറങ്ങുന്ന നനുനനുത്ത വെളുത്ത മഞ്ഞും. അതിനിടയില് ചുണ്ടിന്റെ കോണിലൊരു മന്ദസ്മിതമൊളിപ്പിച്ചു വച്ച് മനോഹരമായ രോമക്കുപ്പായങ്ങളും കോട്ടുമണിഞ്ഞ സ്വര്ണ്ണത്തലമുടിയുള്ള പെണ്കിടാങ്ങളും, അവളുടെ സ്വപ്നങ്ങളേറ്റു വാങ്ങി സ്വര്ഗ്ഗം കൈപ്പിടിയിലാക്കി നടന്നു പോവുന്ന യുവകോമളന്മാരും. ഇതെല്ലാം കണ്ട്, ആരും തിരിഞ്ഞു നോക്കാനില്ലാതെ, യൌവനം കൈവിട്ടു തുടങ്ങിയ ശുഷ് ക്കിച്ച കവിളുകളും, വരണ്ട തൊലിയുമായി ഈ ഞാനും.

ഒരു പ്രണയമോ, വിവാഹമോ ചിന്തയില് പോലും കടന്നുവരാത്ത ആ രാവിലെപ്പോളോ ആണ് ജെയ്മി എന്റെ മുന്നിലെത്തുന്നത്. ഗ്രീക്ക് ദേവന്മാരെ വെല്ലുന്ന ആകാരഭംഗിയും, നടത്തത്തിലെ പൌരുഷവുമാണ് ഞാന് ആദ്യം ശ്രദ്ധിച്ചത്. അയാളുടെ പിന്നില് കഫേയിലേക്കു കയറിവരാന് സാദ്ധ്യതയുള്ള സുന്ദരിയെ, അത് ഭാര്യയോ ഗേള്ഫ്രണ്ടോ ആവട്ടെ, തിരയുകയായിരുന്നു എന്റെ കണ്ണുകള് അലസമായ്.

ജെയ്മി വന്നു നിന്നത് എന്റെ മേശക്കരികിലായിരുന്നു. കനത്ത ഗ്ളാസിനടിയില് കുഴിഞ്ഞു പോയ എന്റെ കണ്ണില് നോക്കി അവന് എന്നോടു ചോദിച്ചു, 'ഹായ് സുന്ദരി, ഞാന് ഇവിടെ ഇരുന്നോട്ടെ?'

അതായിരുന്നു തുടക്കം. പിന്നീട് ഞങ്ങള് ഇണപിരിയാത്ത ആത്മാക്കളായി. യാതൊരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത എന്നില് ജെയ്മി എന്താണു കണ്ടതെന്ന് ഞാന് പലപ്രാവശ്യം അവനോടു ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവന് പറയുമായിരുന്നു "നിന്റെ സൌന്ദര്യമുള്ള മനസ്സാണ് എന്നെ വീഴ്ത്തിയത്'' എന്ന്.

സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്. അഥവാ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല് തന്നെ അതെല്ലാം ബന്ധുക്കളില് നിന്നും, കൂട്ടുകാരില് നിന്നും മറച്ചു വയ്ക്കാന് ഞാന് ശ്രദ്ധിച്ചു. അങ്ങനെ ചികഞ്ഞു നോക്കാനെനിക്ക് അടുത്തു കൂട്ടുകാരോ ബന്ധുക്കളോ ഒന്നും ഉണ്ടായിരുന്നുമില്ലല്ലോ. എല്ലാവരിലും അസൂയ ഉണര്ത്തുന്ന തരം ഒരു ബന്ധമാണ് ഞങ്ങള് തമ്മിലുള്ളതെന്നു വരുത്തിത്തീര്ക്കാന് ഞാന് കഥകള് മെനയാന് തുടങ്ങിയത് അക്കാലത്താണ്. ജെയ്മി എനിക്കു തരാറുള്ള വിലപിടിപ്പുള്ള ആഭരണങ്ങളെപ്പറ്റിയും, ഞങ്ങളുടെ യാത്രകളെപ്പറ്റിയുമൊക്കെ ഓഫീസിലും ഫോണിലും ഞാന് വാചാലയായി. അസൂയ നിറഞ്ഞ നോട്ടങ്ങള് എന്റെ നേരെ നീളുമ്പോള് ഞാന് സന്തോഷിച്ചു. എന്നേയും ജെയ്മിയേയും ചൊല്ലി എത്ര ഭാര്യമാര് ഭര്ത്താക്കന്മാരുമായി വഴക്കിട്ടു കാണും.

എന്റെ ലോകത്തില് ജെയ്മി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകാര്ക്കോ ബന്ധുക്കള്ക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല. അതിന് എനിക്ക് അടുപ്പമുള്ളവര് ആരും ഉണ്ടായിരുന്നില്ലല്ലോ.

ഇപ്പോള് തിരിഞ്ഞു നോക്കുമ്പോള് എനിക്ക് മനസ്സിലാവുന്നുണ്ട്, സമൂഹത്തിലെ ഉന്നതരായ അച്ഛനമ്മമാര്ക്കു പിറന്ന ഞാന് എങ്ങനെ ഒറ്റപ്പെട്ടു പോയി എന്ന്. സൌന്ദര്യമോ, ബുദ്ധിയോ, വിവരമോ ഇല്ലാത്ത ഒരു മകള് എങ്ങനെ ഞങ്ങള്ക്കുണ്ടായി എന്ന് അച്ഛനുമമ്മയും അടക്കം പറയുന്നത് ഞാന് എത്രയോ തവണ കേട്ടിരിക്കുന്നു. 'ചേച്ചിയെ കണ്ടു പഠിക്ക്,' 'നോക്ക്, നിന്റെ അനുജത്തി എത്ര മിടുക്കിയാ'

ഈ ഡയലോഗ് ഒക്കെ കുറെ പ്രാവശ്യം കേട്ടാല് മണ്ടിയാണെങ്കിലും നിങ്ങള്ക്കും വരില്ലേ വിഷമം.

അങ്ങനെയങ്ങനെ ഞാന് ഓരോരുത്തരേയായി ഒഴിവാക്കിത്തുടങ്ങി. അതിനു പകരം അവിടെ കണ്ണാടി ചെരുപ്പു പോയ സിന്ഡ്രെല്ലയേയും, പേക്കാച്ചിത്തവളയെ ഉമ്മ വച്ച രാജകുമാരിയേയും പിടിച്ചിരുത്തി. നാടോടിക്കഥകളിലെ സുന്ദരിയായ രാജകുമാരിയായി ഞാന് സ്വയം അവരോധിച്ചു. എന്റെ രാജകുമാരന് വെള്ളക്കുതിരപ്പുറത്തേറി വരുമെന്നാലോചിച്ചു സന്തോഷിച്ചു. റിച്ചാര്ഡ് ഗിയറിനെപ്പോലെയോ, ടോം ഹാങ്ക്സിനെപ്പോലെയോ ഒരു സുന്ദരന് എന്റെ ജീവിതത്തിലേക്കൊരു സ്പോര്ട്ട്സ് കാറോടിച്ചെത്തുന്നത് ആലോചിക്കാന് തന്നെ നല്ല രസമല്ലേ.

അങ്ങനെ എന്റേതായ ഒരു മനോഹര ലോകത്തില് ഞാന് ജീവിക്കുന്ന കാലത്താണ് ആ കഥയില് വച്ച് ജെയ്മി എന്റെ ജീവിതത്തിലേക്കു കയറി വന്നത്. എന്നെ സ്നേഹിച്ചു സ്നേഹിച്ച് സന്തോഷത്തിന്റെ കൊടുമുടിയിലിരുത്താന്, എന്നിട്ട് എന്നെ ഒറ്റ തള്ളു തള്ളി വേറൊരു പെണ്ണിന്റെ പിന്നാലെ പോവാന്. അവനെ ഞാന് കൊല്ലുന്നതില് കുറഞ്ഞെന്തു ചെയ്യാനാണ്?

njaaന് ശരിക്കും പ്ളാന് ചെയ്തു നടത്തിയൊരു കൊലപാതകമായിരുന്നു അത്. അന്ന് വൈകിട്ട് അവനേറ്റവും ഇഷ്ടമുള്ള സ്ട്രോഗനോഫ് ആണ് അത്താഴത്തിന് ഞാനുണ്ടാക്കിയത്. ഒപ്പം സ്ട്രോബറി ചീസ് കേക്കും. സ്ഫടിക ചഷകത്തിലെ സ്വര്ണ്ണനിറമുള്ള വിസ്ക്കിയില് ഉറക്കഗുളികകള് കലര്ത്തുമ്പോഴോ, അവനെ ബാത്ത്ടബ്ബില് റിലാക്സ് ചെയ്യാന് നിര്ബന്ധിക്കുമ്പോഴോ എനിക്ക് പതര്ച്ച തീരെയില്ലായിരുന്നു. വിസ്ക്കിയുടെയും ഗുളികയുടെയും ആലസ്യത്തിന്റെ കെട്ടില് നിന്ന് മോചിതനാകാതെ, എന്നാല് മരണം തൊട്ടടുത്ത് എത്തിയെന്ന തിരിച്ചറിവില്, 'രക്ഷി ക്കൂ' എന്ന് മൌനമായി എന്നോടു യാചിച്ച ആ നീലക്കണ്ണുകളിലെ നിസ്സഹായത എനിക്കിപ്പോഴും ഓര്മ്മയുണ്ട്.

പിറ്റേ ദിവസമെപ്പോഴോ ആണ് അവര് എന്നെ ഇവിടെയെത്തിച്ചത്. ജയിലും, കോടതിയുമൊക്കെ ഞാന് പ്രതീക്ഷിച്ചതു തന്നെയാണല്ലോ.

കയ്യില് കുറെ കടലാസുകളുമായി ആ തടിച്ചി കയറി വന്നപ്പോള്, ജെയ്മിയുടെ ശവസംസ്കാരത്തിന് എന്തു വേഷമണിയണം എന്ന കണ്ഫ്യൂഷനില് ആയിരുന്നു ഞാന്.

'നോക്കൂ, ഈ കറുപ്പു സ്കര്ട്ടാണോ, അതോ ചാരപാന്റാണോ എനിക്കു ചേരുന്നത്?'

ഞാനൊരു കുശലം ചോദിച്ചു. തടിച്ചി അതു കേട്ടതായി ഭാവിച്ചില്ല.
"നീയൊരു കൊലപാതകിയൊന്നുമല്ല'' - കടലാസുകള് മേശപ്പുറത്തു വച്ച് എന്റെ കണ്ണുകളിലേക്കു തുറിച്ചു നോക്കി തടിച്ചി.

'ഏ?' ഞാന് അമ്പരന്നു പോയി. ജെയ്മി മരിച്ചില്ലേ? എന്നായി എന്റെ ആശങ്ക.
'ജെയ്മി എന്നൊരാള് ഇല്ല'' എന്നായി തടിച്ചി. എന്റെ ചുളിഞ്ഞ നെറ്റിയും, ചുവക്കാന് തുടങ്ങിയ മൂക്കും കണ്ടാവണം തടിച്ചി വീണ്ടും പറഞ്ഞത്.

'ജെയ്മി നിന്റെ ഭാവനയുടെ സൃഷ്ടിയാണ്'
'ഏ?' നിനക്കെന്താ ഭ്രാന്തായോ എന്നമട്ടില് ഞാന് തടിച്ചിയേ നോക്കി.

അവള് ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരുന്നു - 'മെന്റല് ഡിസ് ഓര്ഡര്,' 'ഹലൂസിനേഷന്' എന്നൊക്കെ ഇടക്കിടെ പറഞ്ഞുകൊണ്ട് അവള് സ്ഥാപിക്കാന് ശ്രമിച്ചത് ഞാനൊരു മനോരോഗിയാണെന്നും, ജെയ്മിയുമായുള്ള എന്റെ വിവാഹവും, പിന്നെ അവന്റെ കൊലപാതകവുമൊക്കെ എന്റെ ഭാവനയുടെ സൃഷ്ടി ആണെന്നുമൊക്കെയാണ്. ഇതൊക്കെ കേട്ടാല്, നിങ്ങളും ചെയ്തു പോകുന്നതേ ഞാനും ചെയ്തുള്ളൂ, അടുത്തിരിക്കുന്ന ടെലിഫോണ് എടുത്ത് തടിച്ചിയുടെ തലക്കിട്ടൊരു അടി കൊടുത്തു.

അങ്ങനെ അവരെന്നെ പിടിച്ച് ഈ മാനസികാശുപത്രിയിലെ ഒരു പ്രത്യേകം മുറിയില് തനിച്ചു പൂട്ടിയിട്ടു. കഴിഞ്ഞ 10 കൊല്ലമായി ഞാനിവിടെയായിട്ട്. പക്ഷേ ഞാന് ഇപ്പോള് ഭയങ്കര ഹാപ്പിയാണ് കേട്ടോ. ആ രഹസ്യം നിങ്ങളോടു മാത്രം ഞാന് പറയാം. എനിക്കിപ്പോള് ജെയ്മിയേക്കാള് ഉഗ്രന് ഒരു ബോയ്ഫ്രണ്ടിനെ കിട്ടിയിട്ടുണ്ട് ഇവിടെ - കെവിന്.
ആരും ഇല്ലാത്തപ്പോള്, ഈ മുറിയുടെ കോണിലുള്ള ഓട്ടയില് നിന്നും അവന് ഇറങ്ങി വരും. ഞങ്ങള് ഉടനെതന്നെ കല്യാണം കഴിക്കാനും ആലോചിക്കുന്നുണ്ട്.

Monday 19 October 2009

പ്രണയത്തിന്റെ റഷ്യന്‍ നിറം

(ബിലാത്തി മലയാളി ജൂലൈ 2008)

അടുത്ത കാലത്ത് ഗോസിപ്പ് ചാനലിലൂടെ ചാനലിലൂടെ കടല്‍ കടന്നു വന്ന ഒരു വാര്‍ത്ത. കഥാ(സംഭവ)പാത്രങ്ങളെ നമുക്കു പലര്‍ക്കും പരിചയമുള്ളതുകൊണ്ട് അവരുടെ യഥാര്‍ത്ഥ പേരുകള്‍ വെളിപ്പെടുത്തുന്നില്ല.

തോമസ് ജേക്കബ് എന്ന ടോമി ചേട്ടനാണ് ഇതിലെ നായകന്‍. നമ്മുടെ ചേട്ടന്‍ ആളൊരു പശു, അഥവാ, നിരുപദ്രവ ജീവിയാണെന്നാണ് പൊതുവേയുള്ള ഇംപ്രഷന്‍. ആരോടും അടുപ്പമോ സ്നേഹമോ ഇല്ലാതെ, സ്വന്തം കാര്യം സിന്ദാബാദായി നടക്കുന്ന അസംഖ്യം ഗള്‍ഫ് മലയാളി കോടീശ്വരന്മാരില്‍ ഒരാള്‍. ഒരു കുവൈത്തി സ്ളാംഗ് ഉപയോഗിച്ചാല്‍ "വാങ്ക് വിളിക്കു മുന്നേ എത്തിയ ആളാണ്'' ചേട്ടന്‍ കുവൈത്തില്‍ എത്തിയിട്ട് കാലം കുറെയായി എന്നര്‍ത്ഥം. കുവൈത്തി ദീനാറിന്റെ മൂല്യം അറിയാനും, ഭക്ഷണം കഴിക്കാനുമല്ലാതെ പുള്ളിക്കാരന്‍ വായ് തുറക്കാറില്ലെന്ന് ജനസംസാരം.

മാന്യദേഹം കാലത്തെണീക്കും. അര മണിക്കൂര്‍ നടക്കാന്‍ പോകും. തിരിച്ചു വന്ന് മിസസ്സ് വിമലാ തോമസ് ചൂടാറാതെ ടേബിളില്‍ എടുത്തു വച്ച നാല് ഇഡ്ഢലിയോ, ഒരു കുറ്റി പുട്ടോ അകത്താക്കും. വടി പോലെ തേച്ച ഷര്‍ട്ടും, പാന്റ്സും ടൈയും അണിഞ്ഞ് കൃത്യ സമയത്ത് കാറില്‍ കയറി ഓഫീസില്‍ പോകും. വൈകിട്ടു കുറെ നേരം ടി.വി. കാണും. പിന്നെ, രണ്ടു ചപ്പാത്തിയും, കുടമ്പുളിയിട്ടു വച്ച മീന്‍ കറിയും കഴിച്ച് നേരെ കിടക്കാന്‍ പോകും. പ്രോഗ്രാം ചെയ്ത റോബോട്ട് പോലെ ഒരു ജീവിതം.

'കറി കുറച്ചു കൂടി വേണോ?' 'സ്കൂള്‍ ഫീസ് കൊടുക്കാന്‍ സമയമായി' തുടങ്ങിയ ഡയലോഗുകള്‍ക്ക് (സോറി മോണലോഗ്) മുതല്‍ 'കൊച്ചിന് പനിയാണ്, ഹോസ്പിറ്റലില്‍ പോവണം' എന്ന എമര്‍ജന്‍സി കോളിനു വരെ ഒരു മൂളലായിരിക്കും മറുപടി. കുറ്റം പറയരുതല്ലോ. ഭക്ഷണത്തിനോ മറ്റ് ലക്ഷ്വറികള്‍ക്കോ ഭാര്യയ്ക്കും മക്കള്‍ക്കും യാതൊരു പഞ്ഞവുമില്ല. "നീ ഉണ്ടില്ലെങ്കിലും....'' എന്ന് 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്യാണ സമയത്ത് അച്ചനും കര്‍ത്താവിനും നല്‍കിയ വാക്ക് തെറ്റാതെ പാലിക്കുന്നുമുണ്ട്. അതിനുപരി സ്നേഹം, വാത്സല്യം തുടങ്ങിയ വികാര പ്രകടനങ്ങളൊന്നും ടോമിച്ചേട്ടന്‍ ചെറുപ്പത്തിലേ കണ്ടു ശീലിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇനി അതൊക്കെ ഒന്നു പരീക്ഷിച്ചു കളയാമെന്ന് ആഗ്രഹവുമില്ല. ഭക്ഷണവും വസ്ത്രവും കൊടുക്കാമെന്നല്ലേ ദൈവത്തോടുള്ള കരാറിലും പറയുന്നുള്ളൂ.

ഈ നിര്‍വികാരത കണ്ട് ആദ്യമൊക്കെ കണ്ണു നനക്കാറുള്ള വിമലച്ചേട്ടത്തി പിന്നെ പിന്നെ "ഉള്ളില്‍ സ്നേഹമില്ലാതിരിക്കുമോ'' എന്നു തന്നോടുതന്നെ പറഞ്ഞു സമാധാനിച്ചു. വല്ലാതെ സഹികെടുമ്പോള്‍ അതിയാന്റെ തലയാണെന്നു സങ്കല്പിച്ച് കണ്ണാടിപാത്രങ്ങള്‍ എറിഞ്ഞുടച്ചും, ഉളളിയും സബോളയും മൂര്‍ച്ചയുളള കത്തി വച്ച് കുനുകുനെ വെട്ടിയരിഞ്ഞും പുള്ളിക്കാരി ദേഷ്യത്തിന് അടുക്കളയില്‍ ഒരു ഔട്ട്ലെറ്റ് തുറന്നു.

അങ്ങനെ ടോമി ചേട്ടനും വിമല ചേടത്തിയും തങ്ങളുടേതായ ഓരോ മധുര, മനോജ്ഞ, സുരഭില ലോകത്തില്‍ ജീവിക്കുന്ന കാലത്താണ് ഈ സംഭവം. ചേടത്തി ഡ്രൈവറുടെയോ, പോസ്റ്മാന്റെയോ കൂടെ ഒളിച്ചോടി പോയിട്ടുണ്ടാവും എന്ന ഒരു സ്വാഭാവിക ക്ളൈമാക്സ് പ്രതീക്ഷിക്കുന്ന വായനക്കാര്‍ക്ക് തെറ്റി.

നാട്ടില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന മൂത്ത മകന് പ്രോജക്ട് വര്‍ക്ക് ചെയ്യാന്‍ വാങ്ങി ഇപ്പോള്‍ പൊടി പിടിച്ചിരിക്കുന്ന കംപ്യൂട്ടര്‍ ടോമി ചേട്ടന്റെ ഓഫീസിലേക്ക് പ്രമോഷനോടു കൂടി സ്ഥലം മാറിപ്പോയത് അക്കാലത്താണ് 'ദീപിക' പേപ്പര്‍ വായിക്കാതെ ഉറക്കം വരാത്ത ഇദ്ദേഹം പത്രം വരുത്തുന്നതു നിര്‍ത്തി അല്പം മോഡേണ്‍ ആയി ഇന്റര്‍നെറ്റ് എഡിഷന്‍ വായിക്കാന്‍ ആരംഭിച്ചു. വാര്‍ത്ത ചൂടാറാതെ വായിക്കുകയുമാവാം. ഒപ്പം പത്രത്തിനു കൊടുക്കുന്ന പൈസയും ലാഭം എന്ന ഒരു സാദാ അച്ചായന്‍സ് സെന്‍സ് ആന്റ് സെന്‍സിബിലിറ്റി മാത്രമേ ടോമി ചേട്ടന് തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളൂ.മിഡില്‍ ഈസ്റിലെ കടുത്ത ഐറ്റി സെന്‍സര്‍ഷിപ്പുകള്‍ക്കിടയിലും ഒളിഞ്ഞും, തെളിഞ്ഞും. മാടി വിളിക്കുന്ന ചാറ്റ് സുന്ദരികള്‍ പതിയെ പതിയെ ടോമി ചേട്ടനെയും സൈബര്‍വലയില്‍ വീഴ്ത്തി. അങ്ങനെ ഒരു ദിവസം എപ്പോളോ ആണ് റഷ്യന്‍ സുന്ദരി (പുള്ളിക്കാരിയുടെ പേര് എനിക്കറിയില്ല ടോള്‍സ്റോയിയോട് ക്ഷമ ചോദിച്ചു കൊണ്ട് തല്‍ക്കാലം നമുക്ക് അവളെ അന്ന എന്നു വിളിക്കാം) അന്ന ടോമി ചേട്ടന്റെ ചാറ്റ്മേറ്റ് ആകുന്നത്. അന്നക്കുട്ടിയുടെ പഞ്ചാരകൊഞ്ചലുകള്‍ ടോമി ചേട്ടന്റെ മനസ്സില്‍ കയറി കൂടിയതും മണി എക്സ്ചേഞ്ച് വഴി കുവൈറ്റി ദിനാറുകള്‍ റഷ്യയിലേക്കു പറക്കുന്നതും പതിവിലുമേറെ നേരം ടിയാന്‍ കംപ്യൂട്ടറിനു മുന്നില്‍ തപസ്സിരിക്കുന്നതും ചുണ്ടത്തു മൂളിപ്പാട്ടും. കണ്ണുകളില്‍ തിളക്കവുമായി തേരാപാരാ നടക്കുന്നതും എന്തുകൊണ്ടോ വിമല ചേടത്തി അറിയാതെ പോയി.

പിള്ളേരെ കാണാന്‍ നാട്ടില്‍ പോയി ചെമ്മീന്‍ അച്ചാറും, കരിമീന്‍ ഫ്രൈയുമായി തിരിച്ചെത്തിയ ചേടത്തി ഫ്ളാറ്റിന്റെ വാതില്‍ തുറന്നപ്പോള്‍ സോഫായില്‍ നിറഞ്ഞിരിക്കുന്ന ഒരു സര്‍വ്വാംഗ സുന്ദരി കുവൈറ്റിലെ അധിനിവേശത്തിനും, കൂട്ടക്കൊലക്കും ശേഷം ധാരാളം പ്രേതങ്ങള്‍ ജാതി, മത, ദേശ വ്യത്യാസങ്ങളില്ലാതെ പലരേയും സന്ദര്‍ശിക്കാറുണ്ടെന്നു കേട്ടിട്ടുള്ളതുകൊണ്ട് താലിയില്‍ കോര്‍ത്തിട്ടിരിക്കുന്ന കുരിശു പൊക്കി കാണിക്കുകയാണ് വിമല ചേടത്തി ആദ്യം ചെയ്തത്. കുരിശു കണ്ടിട്ടും ഈ കുരിശ് പോകുന്നില്ലെന്നു കണ്ടപ്പോളാണ് ചേടത്തിക്ക് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടിയത്.

ടോമി ചേട്ടന്‍ പതിവു നിര്‍വികാരതയോടെ നയം വ്യക്തമാക്കി. "എനിക്കിനി അന്നക്കുട്ടി മതി. നീ നാട്ടില്‍ പൊയ്ക്കോ. നിനക്കും പിള്ളേര്‍ക്കുമുള്ളത് ഞാന്‍ നാട്ടിലേക്ക് അയച്ചു തരാം.''

വൈകി വന്ന വസന്തത്തിനെ വന്ന വഴിയെ തിരിച്ചയക്കാന്‍ നാട്ടുകാരും കൂട്ടുകാരും, എന്തിന് പള്ളീലച്ചനും വരെ ശ്രമിച്ചിട്ടും ടോമി ചേട്ടന്‍ സമ്മതിച്ചില്ലാത്രേ.അന്നക്കുട്ടിയും ടോമി ചേട്ടനും ഫ്ളാറ്റില്‍ സസുഖം വാഴുന്നു എന്നാണ് ലേറ്റസ്റ് റിപ്പോര്‍ട്ട്. വിമല ചേട്ടത്തിക്കും പിള്ളേര്‍ക്കും എന്തു പറ്റിയെന്നറിയില്ല. നല്ല കാലത്ത് കാരണവരും, പിന്നെ ടോമി ചേട്ടനും ധാരാളം സമ്പാദിച്ചിട്ടുള്ളതിനാല്‍ പൈസയ്ക്കു ബുദ്ധിമുട്ടുണ്ടാവില്ലെന്ന് നമുക്കാശ്വസിക്കാം.

ടോമി ചേട്ടന്‍ പണ്ടേ ആളു പിശകാണെന്നും, വിമല ചേടത്തി വഴക്കാളിയാണെന്നും അന്നക്കുട്ടി ടോമി ചേട്ടനെ ബ്ളാക്ക്മെയ്ല്‍ ചെയ്തെന്നുമൊക്കെ പല അനുബന്ധ അനാലിസിസുകളും നമ്മുടെ അമച്വര്‍ മനഃശാസ്ത്രജ്ഞര്‍ നടത്തുന്നുണ്ട്. സത്യം എന്താണെന്ന് ഏതായാലും എനിക്കറിയില്ല.

ഒന്നു രണ്ടു മാസം മുന്‍പ് ഒരു കൊച്ചു മിടുക്കി പ്രതിശ്രുത വരന്‍ സൊള്ളാനായി സമ്മാനിച്ച മൊബൈലില്‍ കൂടി മറ്റൊരാളെ ലൈനടിച്ചതും ഓടി പോയി കല്യാണം കഴിച്ചതുമൊക്കെ കേട്ട് ഷോക്കടിച്ച പുരുഷ പ്രജകള്‍ ഇപ്പോള്‍ 'ഉരുളക്കുപ്പേരി' എന്നു പറഞ്ഞു സന്തോഷിക്കുന്നുണ്ടാവും.

ചതിയിലും ഒരു ആണ്‍-പെണ്‍ സമത്വം വേണമല്ലോ.

Saturday 10 October 2009

ലുബ്നയുടെ ഡൈവോഴ്സ്‌ - ഒരു ഫ്ലാഷ്‌ ബാക്ക്‌

( പൊടിപ്പും തൊങ്ങലും- ബിലാത്തി മലയാളീ ജൂണ്‍ 2008)

ബ്രസീലിയന്‍ നോവലിസ്റ്റ്‌ പൗലോ കൊയ്‌ലോയ്ക്ക്‌ ദുബായ്ക്കാരി ലുബ്നാ ലത്തീഫിന്റെ ഡൈവോഴ്സിലുള്ള പങ്കെന്താണ്‌? വിവാഹേതരബന്ധം, വയസ്സുകാലത്തെ ഒരു റൊമാന്‍സ്‌ എന്നൊക്കെ നമ്മുടെ മലയാളിത്തലകള്‍ പുകയുന്നതിനു മുന്‍പ്‌ ലുബ്നയെക്കുറിച്ചു പറയാം.


ലുബ്ന - പേരു പോലെ ആള്‍ സുന്ദരിയാണ്‌. ദുബായില്‍ ജനിച്ച്‌, അമേരിക്കയില്‍ പഠിച്ച്‌, ഇപ്പോള്‍ ലണ്ടന്റെ സബര്‍ബകളില്‍ ജീവിക്കുന്ന നാല്‍പതുകാരി ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു "ഗ്ലോബല്‍ സിറ്റിസണ്‍" ഫ്രഞ്ച്‌ പെര്‍ഫ്യൂമിന്റെ നറുമണത്തോടൊപ്പം ആത്മവിശ്വാസത്തിന്റെയും പ്രസരിപ്പിന്റെയും തിളക്കം എപ്പോഴും ലുബ്നയെ പൊതിഞ്ഞു നില്‍ക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്‌.


പതിനഞ്ചു വര്‍ഷം നീണ്ടു നിന്ന വിവാഹജീവിതത്തിനു ശേഷം മൂന്നു പിള്ളേരും രണ്ട്‌ നായക്കുട്ടികളുമായി (ടോട്ടല്‍ മക്കള്‍ 5 എന്ന ലുബ്ന) ഡൈവോഴ്സ്‌ സെറ്റില്‍മെന്റായി ഭര്‍ത്താവ്‌ 'സമ്മാനിച്ച' വലിയൊരു വീട്ടില്‍ താമസിക്കുന്ന കാലത്താണ്‌ ഞാന്‍ ലുബ്നയെ പരിചയപ്പെടുന്നത്‌. സ്വന്തമായി തുടങ്ങിയ ഒരു ഈവന്റ്‌ കമ്പനി പച്ചപിടിപ്പിക്കാനുള്ള ഓട്ടങ്ങള്‍ക്കിടയിലായിരുന്നു അന്ന്‌ ലുബ്ന.


വല്ലപ്പോഴും ഇ-മെയില്‍ ഫോര്‍വേഡ്‌ ചെയ്യുന്ന 'വുമന്‍സ്‌ ഒണ്‍ലി' ജോക്കുകളും 'സൗന്ദര്യക്കുറിപ്പുകളും' ആണ്‌ ഇപ്പോഴും ഞങ്ങളുടെ പ്രധാന കമ്മ്യൂണിക്കേഷന്‍. പിന്നെ ചിക്കന്‍ ടിക്ക മസാലയുടെയും നവരത്ന കുറുമയുടേയും, മച്ച്‌ ബൂസിന്റെയും റെസിപ്പികളും അതുകൊണ്ട്‌ ലുബ്ന എന്റെ ആത്മാര്‍ത്ഥസുഹൃത്താണെന്ന വാചകത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.


ഒരു ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ നിന്ന്‌ ദുബായിലെത്തിയ ലുബ്നയെ എന്റെ ഒരു സഹപ്രവര്‍ത്തകയുടെ വീട്ടില്‍ വച്ചാണ്‌ ഞാന്‍ കണ്ടുമുട്ടുന്നത്‌. അറേബിയന്‍ ഊധിയന്റെ കുത്തുന്ന സുഗന്ധത്തിനിടയില്‍ ഈന്തപ്പഴങ്ങള്‍ നുണഞ്ഞ്‌, ആണുങ്ങള്‍ക്കു പ്രവേശനമില്ലാത്ത അന്തപ്പുരത്തില്‍, ഉല്ലസിച്ചാര്‍ക്കുന്ന അറേബിയന്‍ വനിതകള്‍ക്കു നടുവില്‍, പരിചയമില്ലാത്ത ഭാഷക്കും സംസ്കാരത്തിനുമിടയിലിരുന്ന്‌ വീര്‍പ്പുമുട്ടുന്നതിനിടയിലാണ്‌ ലുബ്ന എന്റെ അടുത്തെത്തുന്നത്‌ എത്രയോ കാലങ്ങളായി പരിചയമുള്ളവരെപ്പോലെ ലുബ്ന എന്നോട്‌ ഇടപഴകി. കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക്‌ ലുബ്നയുടെ ഭര്‍ത്താവും വിഷയമായി.


കുടുംബത്തെ സ്നേഹിക്കുന്ന വര്‍ഷത്തിലൊരിക്കല്‍ യൂറോപ്പിലോ, ബഹാമാസിലോ, കുടുംബവുമൊത്ത്‌ ടൂറു പോകുന്ന, ലുബ്നയുടെ ഓരോ പിറന്നാളിനും ഡയമണ്ടുകളും, പുത്തന്‍ കാറുകളും സമ്മാനിക്കുന്ന ഒരു പാവം 'ബോറന്‍' ഭര്‍ത്താവ്‌. മണി പവറും മസില്‍ പവറുമുള്ള ഒരു ലെബനീസ്‌ കുടുംബത്തിലെ അംഗം. പൊതുവേ അറബ്‌ വംശജരില്‍ കാണാറുള്ള 'എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ്‌' ഒന്നുമില്ലാത്ത ഒരു പാവത്താന്‍ 'എ ജെം ഓഫ്‌ എ മാന്‍' എന്ന്‌ ലുബ്ന.


പിന്നെന്തേ ഒരു ഡൈവോഴ്സ്‌ എന്നു ഞാന്‍ കണ്ണുമിഴിച്ചപ്പോള്‍ ലുബ്ന കൂളായി മൊഴിഞ്ഞു. "പൗലോ കൊയ്‌ലോ" ഇതുവരെ ഒരു മാധ്യമങ്ങളും കണ്ടെത്താത്ത ഒരു സ്കൂപ്പിന്റെ മണം പിടിച്ച്‌ ഞാന്‍ ഒന്നു ഉഷാറായി ചോദിച്ചു. "പറയൂ. പൗലോ കൊയ്‌ലോയെ എങ്ങനെയാണു പരിചയം?"
ഗോസിപ്പ്‌ ആന്റീനയുടെ ഫോക്കസ്‌ മനസ്സിലാക്കിയാവണം, ലുബ്ന ചിരിയോടെ പറഞ്ഞു. "പൗലോവിനെ എനിക്കു പരിചയമില്ല. പുള്ളിയുടെ ആല്‍ക്കെമിസ്റ്റ്‌ എന്ന പുസ്തകമാണ്‌ ഡൈവോഴ്സിനു കാരണം."


തനിക്കുള്ളതെല്ലാം വിറ്റ്‌ സ്വപ്നത്തില്‍ കണ്ട നിധിയെ തേടി (ആത്മസാക്ഷാത്കാരം എന്നു സിമ്പോളിസം) ഈജിപ്തിലേക്കു പോയ സാന്റിയാഗോ എന്ന ആട്ടിടയന്റെ കഥയാണ്‌ ആത്മീയതയും. സിംബോളിസവും, മിസ്റ്റിസിസവുമെല്ലാം ഇഴമെനയുന്ന ആല്‍ക്കെമിസ്റ്റ്‌ ആ ആട്ടിടയനായി സ്വയം സങ്കല്‍പ്പിച്ച്‌ തന്റെ സ്വപ്നങ്ങളെ പിന്‍തുടരാന്‍ തീരുമാനിച്ചു ലുബ്ന.


സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്‌, മറ്റു പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ടിനെയും വിവാഹത്തെയും പറ്റി സ്വപ്നം കാണുമ്പോള്‍, സ്വന്തമായി ഒരു ബിസിനസ്സ്‌ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയായിരുന്നു ലുബ്ന സ്വപ്നം കണ്ടത്‌. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനടിമപ്പെട്ട്‌ ഒരു ദിവസം അവര്‍ കണ്ടുപിടിച്ച ഒരാളുടെ മണവാട്ടിയായെന്നു മാത്രം വളരെ യാഥാസ്ഥിതികമായ ഭര്‍ത്താവിന്റെ കുടുംബത്തില്‍ ലുബ്ന ഒരു വീട്ടമ്മയായി ഒതുങ്ങേണ്ടി വന്നു.


15 വര്‍ഷമായി അടിച്ചമര്‍ത്തിയ ആ മോഹങ്ങളും സ്വപ്നങ്ങളും നിരാശകളുമാണ്‌ ആല്‍ക്കെമിസ്റ്റ്‌ എന്ന അഗ്നിപര്‍വ്വതമായി പൊട്ടിയത്‌. പ്രതീക്ഷിച്ചതു പോലെ തന്നെ ലുബ്നയുടെ ബിസിനസ്സ്‌ മോഹങ്ങള്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അത്ര പിടിച്ചില്ല വാശിയുടെയും ഈഗോയുടെയും തന്ത്രികള്‍ മുറുകിയപ്പോള്‍ ആല്‍ക്കെമിസ്റ്റ്‌ ഒരു നിമിത്തമായി അവര്‍ സന്തോഷത്തോടെ വഴി പിരിഞ്ഞു.


ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്‌ എന്നു പറഞ്ഞ്‌ ലുബ്ന കഥ നിര്‍ത്തിയപ്പോള്‍ ഒരു ഉഗ്രന്‍ പരദൂഷണ വിഷയം കാറ്റുപോയ ബലൂണ്‍ പോലെ ആയിപ്പോയതോര്‍ത്ത്‌ ഞാന്‍ തളര്‍ന്നിരുന്നു.
ലുബ്ന സ്വപ്നങ്ങളെ പിന്‍തുടര്‍ന്ന്‌ തന്റെ ജീവിതം ലക്ഷ്യം കണ്ടെത്തിയോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല ഉണ്ടാവാം ഉണ്ടാവാതിരിക്കാം, അത്‌ അവരുടെ പേഴ്സണല്‍ കാര്യം.


ഈ കഥയ്ക്ക്‌ ഒരു വിശ്വസനീയത ഇല്ലല്ലോ എന്ന സംശയക്കണ്ണട എടുത്തു മൂക്കില്‍ വയ്ക്കുന്നവരേ ഇതു കഥയല്ലല്ലോ. ജീവിതമല്ലേ. ജീവിതത്തെ നമുക്കു നിര്‍വചിക്കാന്‍ പറ്റുമോ എന്നു ഞാനൊരു മറുചോദ്യം ചോദിക്കട്ടെ, നിങ്ങളോട്‌.


ഒന്നു പറയാം. ഇവര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടെങ്കില്‍ അത്‌ പൗലോ കൊയ്‌ലോ മാത്രമാണ്‌. വര്‍ഷങ്ങള്‍ കുറെക്കഴിഞ്ഞിട്ടും. ലുബ്നയോ ഭര്‍ത്താവോ വേറെ വിവാഹം കഴിച്ചിട്ടില്ല.
ഭര്‍ത്താവിന്റെ കൂര്‍ക്കംവലിയും ഭാര്യയുടെ ഷൂ ഷോപ്പിംഗും വരെ ഡൈവോഴ്സിനു കാരണമാകുന്ന ഈ വിചിത്ര ലോകത്തില്‍ തന്റെ നോവലും ഒരു വിവാഹബന്ധത്തിന്‌ കത്തിവെച്ച കാര്യം പൗലോ കൊയ്‌ലോ അറിഞ്ഞോ ആവോ?


എന്തായാലും, ഭാര്യമാരെക്കൊണ്ടു പൊറുതിമുട്ടിയെന്ന്‌ മുട്ടിനു മുട്ടിനു പരാതി പറയുന്ന ഭര്‍ത്താക്കന്മാരേ അവസാനത്തെ അടവായി, ആല്‍ക്കെമിസ്റ്റിന്റെ ഒരു കോപ്പി വാങ്ങി ഭാര്യക്ക്‌ സമ്മാനമായി കൊടുത്ത്‌ ഭാഗ്യം പരീക്ഷിക്കാം പാവം ഭാര്യമാര്‍ രക്ഷപെടട്ടെ!

Wednesday 9 September 2009

വാര്‍ദ്ധക്യമേ ഞാന്‍ "ബിസി''യാ

പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളീ മേയ്‌ 2008)

ഉദയ സൂര്യന്റെ മുഴുവന്‍ ഉന്മേഷവും ഏറ്റുവാങ്ങി, പൂച്ചയോടും, പ്രാവിനോടും, എന്നു വേണ്ട റോഡില്‍ കാണുന്ന സകല ജീവജാലങ്ങളോടും കുശലം ചോദിച്ച്, കമ്മ്യൂണിറ്റി കോളേജിലേക്ക് കൈ കോര്‍ത്ത് നടന്നു പോകുന്ന മൈക്കിളും മാര്‍ത്തയും അടുത്ത കാലത്തായി ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാതദൃശ്യങ്ങളില്‍ ഒന്നാണ്.

ഷേവ് ചെയ്ത് തുടുത്ത മുഖം. ഹെയര്‍ ജെല്‍ തേച്ച് ചീകി വച്ച മുടി. സ്വര്‍ണ്ണക്കണ്ണട. വയ്പ് പല്ല് കാണിച്ചുള്ള ചിരി. മൈക്കിള്‍ ഒരു സുന്ദരനാണെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ. പൊക്കം കുറഞ്ഞ് അല്പമൊരു മുടന്തോടെ ബ്യൂട്ടി പാര്‍ലറില്‍ പോയി ബ്ളോ ഡ്രൈ ചെയ്തെടുത്ത വെള്ളിത്തലമുടിയും ഔട്ട് ഓഫ് ഫാഷനായ വെല്‍ വെറ്റ് കോട്ടുകളും മാച്ചിംഗ് ഷൂസും തിളങ്ങുന്ന കണ്ണുകളും കൂടി ആകപ്പാടെ ഒരു "വിന്റേജ്'' ലുക്കോടെ മാര്‍ത്ത.

"ആ വയസ്സനും വയസ്സിയും'' എന്ന് ഞങ്ങള്‍ ഒരല്പം ക്രൂരതയോടെയും, പഴുത്ത ഇലയെ നോക്കി ചിരിക്കുന്ന പച്ച ഇലയുടെ പുഛത്തോടും കൂടി വിശേഷിപ്പിക്കാറുള്ള ഇവരുടെ യാത്രകള്‍ കുറെക്കാലം ഞങ്ങളുടെ സ്പെക്കുലേഷന്‍സിനും അസ്സിമിലേഷന്‍സിനും വിഷയമായിരുന്നു.

ക്യൂരിയോസിറ്റി അവസാനം ക്യാറ്റിനെ കൊല്ലുമെന്നായപ്പോള്‍ ഞങ്ങള്‍ തന്നെ മുന്‍ കൈയെടുത്ത് വാതിലില്‍ നിന്ന് പുറത്തേയ്ക്ക് തലനീട്ടി ഒരു "ഹലോ'' പറഞ്ഞു നോക്കി. തിരിച്ചു വന്നത് 1,000 വാട്ടുള്ള രണ്ടു "ഹലോ''. ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം തന്നെ തന്നതു പോലെ.

ബ്രിട്ടീഷ്കാരന്റെ സ്വന്തമായ റിസര്‍വേഷന്‍സ് ("ജാട'' എന്നു വേണമെങ്കില്‍ നമുക്ക് റഫായി ട്രാന്‍സലേറ്റ് ചെയ്യാം) ഒന്നുമില്ലാതെ മൈക്കിളും മാര്‍ത്തയും ഞങ്ങളുടെ കൂട്ടുകാരായി.


ഒന്നാന്തരം ഒരു "ഹാന്‍ഡിമാന്‍-കം-കാര്‍പെന്റര്‍'' ആണ് മൈക്കിള്‍. മാര്‍ത്ത റിട്ടയര്‍ ചെയ്ത സ്കൂള്‍ ടീച്ചര്‍. മക്കള്‍ മൂന്നു പേരും സ്വന്തം കൂടുകള്‍ ഉണ്ടാക്കി പറന്നു പോയതോടെ പ്രാരാബ്ധങ്ങള്‍ എല്ലാം ഒഴിഞ്ഞു കിട്ടിയ വയസ്സുകാലം സന്തോഷത്തോടെ ആഘോഷിക്കുന്ന ദമ്പതികള്‍. വളരെ പോസിറ്റീവ് ആയ ഒരു അപ്രോച്ച്. ഒത്തിരി പ്രകാശവും, നിറങ്ങളും പ്രസാദവും നിറഞ്ഞ ലോകം.

ഒരു നോര്‍മല്‍ സെമിഡിറ്റാച്ഡിന്റെ പടി കടന്നെത്തുമ്പോള്‍ പേരക്കുട്ടികളുടെ ചിരിക്കുന്ന ഫോട്ടോകള്‍ക്കു നടുവില്‍ ചുവരില്‍ വലുതായി ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന വാചകം - "Life is too short to cry over'' - ഇതാണ് ഞങ്ങളുടെ ഫിലോസഫിയെന്ന് കുണുങ്ങി ചിരിയോടെ മൈക്കിള്‍.

ലിവിംഗ് റൂമില്‍ നിരത്തി വച്ചിരിക്കുന്ന ക്യൂറിയോസ്, ജഗ്സ്, ധാരാളം പെയിന്റിംഗ്സ്, സ്റാമ്പ് ആല്‍ബങ്ങള്‍, റ്റീപോയ് നിറഞ്ഞു കവിയുന്ന മാഗസിനുകള്‍, ഒരു സൈഡ് ടേബിളില്‍ ഒതുങ്ങിയിരിക്കുന്ന വയലിന്‍, പ്രൌഢിയോടെ പിയാനോ, നിലയ്ക്കാതെ പാടുന്ന ഗ്രാമഫോണ്‍, ബ്രസീലിയന്‍ കാട് അപ്പാടെ പറിച്ചു നട്ട പോലെ പച്ച പിടിച്ച കണ്‍സര്‍വേറ്ററി, അടുക്കളയില്‍ നിന്നും ഒഴുകിയെത്തുന്ന കൊതിപ്പിക്കുന്ന സുഗന്ധം - മൈക്കിളിന്റെയും മാര്‍ത്തയുടെയും മനോഹര ലോകം.

ചെറുപ്പത്തിന്റെ തിരക്കുകളിലും, സാമ്പത്തിക ഞെരുക്കങ്ങളിലും നടക്കാതെ പോയ താല്പര്യങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നു ഇവര്‍ ദിവസം മുഴുവനും. ഓരോ വര്‍ഷവും ഒരു പുതിയ സ്കില്‍ പഠിക്കുക - മനസ്സിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ ഒരു മൈക്കിള്‍-ടിപ്പ്. മൈക്കിള്‍ ഈ വര്‍ഷം പഠിക്കുന്നത് ബാള്‍ റൂം ഡാന്‍സിംഗ്. മാര്‍ത്തയുടെ ഇന്ററസ്റ് കര്‍ട്ടന്‍ മെയ്ക്കിംഗ്.

അടുത്തുള്ള കുറച്ചു കുട്ടികളുടെ വയലിന്‍ ട്യൂട്ടര്‍, ഹോസ്പിറ്റലിലെ വാര്‍ഡുകളില്‍ രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്ന വോളണ്ടീയര്‍, ചര്‍ച്ച് ക്വയറിലെ ആക്ടീവ് മെംബര്‍... മാര്‍ത്തയ്ക്ക് ദിവസങ്ങള്‍ക്ക് നീളം കുറവായ കുഴപ്പമേയുള്ളൂ. കുക്കിംഗും, കാര്‍ മെക്കാനിസവും, സ്റാമ്പ് കളക്ഷന്‍, ഡോഗ് ബ്രീഡിംഗ് എന്നീ ഹോബികളും കുറച്ച് ഫ്രീലാന്‍സ് കാര്‍പെന്ററി വര്‍ക്കും കൂടി ആവുമ്പോള്‍ മൈക്കിളും വെരി ബിസി. തിരക്കുകള്‍ക്കിടയ്ക്ക് "ഓള്‍ഡ് ഏജിനു'' കൊടുക്കാന്‍ തല്ക്കാലം അപ്പോയ്ന്റ് മെന്റില്ല എന്നു മൈക്കിള്‍.

നമ്മള്‍ മലയാളികളുടെ ഒരു ടിപ്പിക്കല്‍ വീക്ഷണ ആംഗിളില്‍ കൂടി നോക്കിയാല്‍, ഈ വയസ്സു കാലത്ത് ഇവര്‍ക്കു വല്ല നാമവും ജപിച്ചിരുന്നു കൂടെ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. ചെറുപ്പകാലം മുഴുവന്‍ കഷ്ടപ്പെട്ടു, കാലത്തു മുതല്‍ രാത്രി വരെ ജോലി ചെയ്ത്, കുട്ടികളെ പഠിപ്പിച്ച് അവരെ കല്യാണം കഴിച്ചു കൊടുത്തു കഴിഞ്ഞാല്‍, "ഇനിയെന്തു ജീവിതം'' എന്നൊരു തണുപ്പന്‍ മട്ടല്ലേ പൊതുവെ നമുക്ക്.

അയല്‍പക്കക്കാരനെക്കാള്‍ ഒരു നൂറു സ്ക്വയര്‍ ഫീറ്റെങ്കിലും വലുതാക്കി കെട്ടി ഉയര്‍ത്തിയ കൊട്ടാരത്തില്‍ സുഖസൌകര്യങ്ങള്‍ക്കു നടുവില്‍, "കണ്‍സ്ട്രക്റ്റീവ്'' ആയോ, "ക്രിയേറ്റീവ്'' ആയോ യാതൊന്നിലും താല്പര്യം ഇല്ലാതെ, "വയസ്സായില്ലേ, ഇനി എന്തു ജീവിതം'' എന്ന പോളിസിയുമായി ജീവിക്കുന്ന ധാരാളം വൃദ്ധദമ്പതികളെ കാണാറുണ്ട് നാട്ടില്‍ ചെല്ലുമ്പോളൊക്കെ.

ഒരു ടിപ്പിക്കല്‍ കുശലാന്വേഷണം ഇങ്ങനെയായിരിക്കും.
"എന്താ സൂസി ആന്റീ, സുഖമല്ലേ?''
"ഓ, എന്തു സുഖം. ഇങ്ങനെ ജീവിച്ചു പോകുന്നു, മരിക്കുന്നതുവരെ''
"അയ്യോ ആന്റീ, അത്രയ്ക്കു വയസ്സൊന്നുമായില്ലല്ലോ. അസുഖം വല്ലതും?''
"ഓ, അസുഖം മനസ്സിനാണെന്നേ''
"വീട്ടില്‍ കാര്യങ്ങള്‍ ഒക്കെ?''
"ഓ, പണിക്ക് ആളൊക്കെയുണ്ട്; അവര്‍ കാലത്തു തന്നെ എന്തെങ്കിലും വച്ചുണ്ടാക്കി തരും. കഴിക്കാന്‍ ആര്‍ക്കാ താല്പര്യം?''
"ആന്റീ, മക്കള്‍ക്ക് എപ്പോഴും അടുത്തിരിക്കാന്‍ പറ്റുമോ? അവര്‍ക്കും ജോലി ഉള്ളതല്ലേ?''
"അതു ശരിയാ''
"അപ്പോള്‍ പിന്നെ ആന്റിക്കും, അങ്കിളിനും പുറത്തൊക്കെ പോയി പണ്ടത്തെ കൂട്ടുകാരെയൊക്കെ കണ്ടു വന്നുകൂടേ? ഇടയ്ക്കൊക്കെ ഒരു ഔട്ടിംഗ് ഒക്കെ ആയാല്‍ ഒരു സന്തോഷമല്ലേ? കാറും ഡ്രൈവറും ചുമ്മാ കിടക്കുകയല്ലേ?''
"ഓ, എന്തോന്ന് ഔട്ടിംഗ്? മനസ്സിനൊരു സന്തോഷവുമില്ലെന്നേ''
"ആന്റീ, മനസ്സിനു സന്തോഷം നമ്മള്‍ ഉണ്ടാക്കുന്നതല്ലേ, ഇങ്ങിനെ വീട്ടില്‍ അടച്ചിരുന്നാല്‍ സന്തോഷം ഉണ്ടാവുമോ?
"ഓ, ഇത്ര വയസ്സായിലല്ലേ?''

ബാക്ക് ടു പവലിയണ്‍.

ഇന്ത്യയും യൂറോപ്പും തമ്മിലുള്ള കള്‍ച്ചറല്‍ ഡി ഫറന്‍സ് എന്നൊക്കെ കാരണങ്ങള്‍ നിരത്താമെങ്കിലും നമ്മള്‍ മാര്‍ത്തയെയും, മൈക്കിളിനെയും പോലെ ആവണോ, അതോ സൂസി ആന്റിയെപ്പോലെ ആവ ണോ എന്നു തീരുമാനിക്കുന്നത് നമ്മള്‍ തന്നെയല്ലേ?

Wednesday 2 September 2009

വാട്ട് ഗോസ് എറൌണ്ട്.

2009

‘കിച്ചൂ, അമ്മ പോവാട്ടൊ. ബൈ’
‘അമ്മാ, കിസ്സ് കിസ്സ്’
‘ഓകേ കിച്ചു, കിസ്സ് കിസ്സ്. ഇനി നല്ല കുട്ടി ആയി നെറ്സറിയില്‍ പോവാന്‍ നോക്കു’
‘നൊ, അമ്മാ, പ്ലേ വിത് മീ’
‘കിചു, അമ്മക്കു ഓഫ്ഫിസില്‍ പോവാന്‍ നേരായി’
‘നൊ, അമ്മ, ഡൊന്റ് ഗൊ. പ്ലേ വിത് മി’
‘കിചു, പ്ലീസ് നല്ല കുട്ടിയല്ലേ. അമ്മ പോട്ടെ’
‘അമ്മാ, ഗിവ് മെ എ ഹഗ്സി’
‘ഹിയര്‍ യു ഗൊ കിച്ചു. ഇനി പോയി ഫയറ്മാന്‍ സാം കാണൂ’
‘ഗിവ് മി അനതര്‍ കിസ്സ് അമ്മ’
‘കിച്ചൂ’
‘അമ്മാ ഐ ലവ് യു’
‘ഐ ലവ് യു ടൂ മുത്തെ, ബൈ'
‘അമ്മാ അനതര്‍ ഹഗ്സി’
‘ബൈ കിച്ചു, പുറകെ നിന്നു വിളിക്കല്ലെ’
‘അമ്മാ…’
‘അമ്മാ...’

2019

‘കിച്ചു’
'.....'
‘കിച്ചു’
'.......'
‘കിച്ചു, നിനക്കെന്താ ചെവി കെള്ക്കില്ലേ?’
‘ഡൊന്റ് ഡിസ്റ്ററ്ബ് മി’
‘കിച്ചു, ഐ വാന്റ് റ്റു റ്റോക് റ്റു യു’
‘അമ്മ, ഐ ആം ബിസി..’
'കിച്ചു, നീ ഇന്നെന്തു ചെയ്തു സ്കുളില്‍?
‘ .....’
‘കിച്ചു, ഐ അം റ്റൊകിങ് റ്റു യൂ..’
‘അമ്മ, ഞാന്‍ പറഞ്ഞില്ലേ, ഡൊന്റ് ഡിസ്റ്ററ്ബ് മി. ക്ളോസ് ദ ഡോര്‍ വെന്‍ യു ഗൊ ഔറ്റ് ഓഫ് മൈ റൂമ്’ ‘കിച്ചൂ......’
‘കിച്ചൂ ‘
‘ ‘ ' '

നിങലൊക്കെ ഇപ്പൊ വിചാരിക്കുന്നുണ്ടാവും , അമ്മ കിച്ചൂനെ ഇട്ടു ജോലിക്കു പോയതൊണ്ദാ ഇങനൊക്കേന്നു അല്ലെ? അമ്മക്കു കിച്ചൂനേയാ ലോകത്തേക്കും ഇഷ്ടം എന്നു കിച്ചൂനും അറിയാം , അമ്മക്കും അറിയാം . ഇതൊക്കെ എല്ലാ ജനറേഷനിലും നടക്കുന്നതല്ലേ? കിച്ചൂന്റെ ലൈഫിലും ഇതൊക്കെ സംഭവിക്കുമ്പോള്‍ അമ്മേം ചിരിക്കും കൈകൊട്ടി.

Wednesday 26 August 2009

അമ്മാളു സദ്യ ഒരുക്കുകയാണ്

(ബിലാത്തി മലയാളീ ഓഗസ്റ്റ്‌ 2009)

(ഒരു ഓണ സാഹസം ... പാചക ക്കുറിപ്പ്‌ എഴുതാനൊന്നും എനിക്കറിയില്ലാ..എന്നാലും ഓണമായിട്ട് ഒരു സദ്യ ഉണ്ടാക്കതെങ്ങനെയാ അല്ലെ?)

ക്രിസ്തുമസിനും ഈസ്ററിനും കൂട്ടുകാരുടെ വീട്ടില്‍ ചെന്ന് മൂക്കുമുട്ടെ തട്ടി, "ചിക്കന്‍ കറിക്ക് എരിവു പോര, ബീഫ് ഫ്രൈ മൊരിഞ്ഞില്ല'' എന്നൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ക്വാളിറ്റി അനാലിസിസ് നടത്തിയപ്പോളൊന്നും അമ്മാളു ഈ ചതി പ്രതീക്ഷിച്ചില്ല. അത്തം പിറന്നതേയുള്ളൂ, "ഓണസദ്യ എപ്പോഴാ?'' എന്നു ചോദിച്ച് ഫോണ്‍ വിളികളുടെ പ്രവാഹമായി. ഇനിയിപ്പോ ഒഴിഞ്ഞു മാറുന്നതെങ്ങിനെ? "ഊണിനു മുന്നില്‍, പാചകത്തിനു പിന്നില്‍'' എന്ന് അമ്മാളുവിനെപ്പറ്റി ആരെങ്കിലും പുതിയ ചൊല്ലുണ്ടാക്കിയാല്‍, എന്റെ മാനക്കേടു ഭഗവതീ, പിന്നെ ഇന്നാട്ടില്‍ ജീവിക്കണോ?


ഹോട്ടലില്‍ നിന്ന് സദ്യ പാഴ്സല്‍ വരുത്തി, ഉടയാത്ത സെറ്റു മുണ്ടും, വേഷ്ടിയും, ചന്ദനക്കുറിയും മുല്ലപ്പൂവും ചൂടി. വെളുപ്പിനെ ഏഷ്യാനെറ്റിനു മുന്നില്‍ ഹാജരാവുന്ന പതിവ് ഇപ്രാവശ്യം അമ്മാളു തെറ്റിച്ചു കേട്ടോ.
മിസ്സിസ് കെ.എം. മാത്യുവിനെയും തങ്കം ഫിലിപ്പിനെയും മനസ്സാ സ്മരിച്ച്, ഇന്റര്‍നെറ്റിലെ പാചക ബ്ളോഗ് രാജ്ഞിമാര്‍ക്ക് മുന്‍പില്‍ വിളക്കു കൊളുത്തി അമ്മാളു "പ്രോജക്ട് ഓണം 2009'' ഔദ്യോഗികമായി അങ്ങ് ഉല്‍ഘാടനം ചെയ്തു.


ഇളം തൂശനില വെട്ടി, തുമ്പ് ഇടത്തോട്ടിട്ട്, ഇടത്തു നിന്നു വിളമ്പി, ചമ്രം പടഞ്ഞ് ഓണം ഉണ്ണണമെന്നാണ് അമ്മൂമ്മ പഠിപ്പിച്ചത്. ഉപ്പ്, കായ-ചേന വറവ്, തൈര് മുളക്, പുളിഞ്ചി, നാരങ്ങ, പഴം, അതിനു മീതേ പപ്പടങ്ങള്‍, ഇഞ്ചിക്കറി, ഓലന്‍, പച്ചടി, കാളന്‍, തോരന്‍, തോരനു താഴെ അവിയല്‍, എരിശ്ശേരി, നറുനെയ്യ്, ചോറ് - ഇങ്ങനെ ഇലയുടെ ഇടത്തെ അറ്റത്തു നിന്ന് ക്ളോക്ക്വൈസായി വേണം സദ്യ എന്ന് നാട്ടില്‍ അമ്മയെ വിളിച്ച് ഒന്നു കൂടെ ഉറപ്പാക്കി.


ചേനയും കായയും, മഞ്ഞളും, കുരുമുളകും കൂട്ടി വേവിച്ച്, പുളിച്ച തൈരൊഴിച്ച് വറ്റിച്ചെടുത്ത് തേങ്ങയും പച്ചമുളകും അരച്ചു ചേര്‍ത്ത് കടുകും ഉലുവാചേട്ടനും കറിവേപ്പിലയും വറുത്തിട്ടാല്‍ കുറുക്ക് കാളനായി. പുള്ളി പൊതുവേ ഒരു "ലോ-മെയിന്റനന്‍സ്'' കക്ഷി ആയതിനാല്‍ ഫ്രിഡ്ജില്‍ വച്ചില്ലെങ്കിലും പരിഭവിച്ച് ചീത്തയായി പോവില്ല. അതുകൊണ്ട് കാളനെ രണ്ടു ദിവസം മുമ്പേ അമ്മാളു കുപ്പിയിലാക്കി.


ഉശിരില്‍ പിന്നിലാണെങ്കിലും, ഓലനും എരിശ്ശേരിയും പിണക്കത്തില്‍ മുന്നിലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ വിളമ്പാന്‍ നേരത്തേക്ക് ചീത്തയാവുമെന്നര്‍ത്ഥം. കുമ്പളങ്ങയും വന്‍പയറും പച്ചമുളകും വേവിച്ച് തേങ്ങാപാല്‍ ചേര്‍ത്ത് കുറച്ച് പച്ച വെളിച്ചെണ്ണ പകര്‍ന്ന് കരിവേപ്പിലയും പൊട്ടിച്ചിട്ടാല്‍ ഓലനായി. നാട്ടു ഭേദമനുസരിച്ച് പയര്‍ ഇല്ലാതെയും കുമ്പളങ്ങക്കു പകരം മത്തന്‍, പടവലങ്ങ ഒക്കെ റീപ്ളേസ് ചെയ്താലും ഓലന്‍ നന്നാവും. ഒരു ബ്ലോഗില്‍ കുറച്ചുനാള്‍ മുമ്പ് തണ്ണി മത്തന്‍ ഉപയോഗിച്ചു കണ്ടു. കാണാന്‍ നന്ന്; കഴിക്കാന്‍ എങ്ങനെയെന്നറിയില്ല. അമ്മാളു എന്തായാലും അത്ര റിസ്ക്കെടുത്തില്ല.


കായയും ചേനയുമോ, പയറും മത്തനുമോ വേവിച്ച് തേങ്ങയും ജീരകവും അരച്ച് ചേര്‍ത്ത് കടുകും, കരുകരുപ്പായി കുറച്ച് തേങ്ങയും വറുത്തിട്ടാല്‍ ഒരു ഇളന്‍ മധുരത്തോടെ എരിശ്ശേരി ചേട്ടന്‍ റെഡി.


ഇലയില്‍ സുന്ദരി അവിയല്‍ ആണുട്ടോ അമ്മാളുവിന്റെ ഫേവറിറ്റ്. അവിയലില്‍ എന്തൊക്കെ ചേര്‍ക്കാം എന്നതിനേക്കാള്‍ എന്തൊക്കെ ചേര്‍ക്കാതിരിക്കാം എന്നാലോചിക്കുന്നതാണെളുപ്പം. കാരറ്റ്, ബീന്‍സ്, പയര്‍, പടവലങ്ങ, മുരിങ്ങക്കാ തുടങ്ങിയ എലുമ്പന്‍ സഖാക്കളും, ചേന, കായ, ഉരുളക്കിഴങ്ങ്, പച്ചമാങ്ങ തുടങ്ങിയ തടിയന്‍ ഖദര്‍ധാരികളും പാര്‍ട്ടിഭേദമില്ലാതെ, സ്നേഹത്തോടെ വര്‍ത്തിക്കുന്ന അവിയലിനെപ്പറ്റിയാണോ, "മാവേലി നാടു വാണീടും കാലം, മാനുഷ്യരെല്ലാരുമൊന്നുപോലെ'' എന്ന് സിമ്പോളിക്കായി പണ്ടാരോ പാടിയതെന്ന് അമ്മാളുവിനൊരു ചിന്ത. ഇവരെയെല്ലാം അവിയല്‍ പരുവത്തില്‍ മുറിച്ചിട്ട് കുറച്ച് മഞ്ഞള്‍പ്പൊടിയും, ഉപ്പുംകൂട്ടി വേവിച്ച്, തൈരും, തേങ്ങയും, പച്ചമുളകും ജീരകവുമൊക്കെ കൂടി ഒന്നു ഒതുക്കിയെടുത്തു ചൂടാക്കി, കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്താല്‍ അവിയല്‍ "മിസ് ഓണ വിഭവം'' കോമ്പറ്റീഷനില്‍ കൈയടി നേടും.


ബീറ്റ്റൂട്ട് അരിഞ്ഞെടുത്തു വേവിച്ച്, തേങ്ങയും പച്ചമുളകും കടും തൈരും അരച്ച് ചേര്‍ത്ത് കടുകു വറത്താല്‍ അവിയല്‍ സുന്ദരിക്ക് ബദലായി ബീറ്റ്റൂട്ട് പച്ചടിയെ സൌന്ദര്യ മത്സരത്തിനിറക്കാം. ഇനിയിപ്പോ ബീറ്റ്റൂട്ടിനു പകരം കാരറ്റോ, വെള്ളരിയോ ഒക്കെ തരം പോലെയാവാമെന്ന് അമ്മാളു. ഒരു ടിപ്പും തരാം, ട്ടോ.


ഒരു പായ്ക്കറ്റ് പുളി പിഴിഞ്ഞ്, കുറച്ച് കടുകു വറുത്ത്, പിശുക്കില്ലാതെ ഇഞ്ചിയും പച്ചമുളകും വഴറ്റി, പുളിവെള്ളവും കായവും ഉപ്പും ചേര്‍ത്ത് മുറുക്കിയെടുത്താല്‍ അടിപൊളി പുളിയിഞ്ചി ആയല്ലോ. കൂട്ടത്തില്‍, "കറുകറുത്തൊരു പെണ്ണാണ്.......'' എന്നൊരു പാട്ടും പാടി അമ്മാളു.


ഓണ നാരങ്ങ ചെറുതായരിഞ്ഞ്, ഉപ്പും മുളകുപൊടിയും, കായവും ചേര്‍ത്ത് കടുകും ഉലുവയും വറുത്തിട്ടപ്പോള്‍ നാരങ്ങ അച്ചാര്‍ അമ്മാളുവിനെ നോക്കി, നാണിച്ചു ചുവന്ന് നുണക്കുഴി വിരിയിച്ചു.
ഏഷ്യന്‍ കടയില്‍ നിന്നു വാങ്ങിയ നല്ല ഗുരുവായൂര്‍ വലിയ പപ്പടവും, ചെറിയ പപ്പടവും തൈരു മുളകും കൊണ്ടാട്ടവുമൊക്കെ വറത്തു കോരി, പായ്ക്കറ്റ് പൊട്ടിച്ച് ചിപ്സിന്റെ കൂടെ നിരത്തിയപ്പോള്‍ വിഭവങ്ങളുടെ എണ്ണം കൂടുന്നത് കണ്ട് അമ്മാളുവിനും വന്നു ഒരു പുഞ്ചിരി.


പണ്ട് കുളിച്ച് ഊണു കഴിക്കാന്‍ വന്ന് നൂറ്റി ഒന്നു കറികള്‍ ആവശ്യപ്പെട്ട വരരുചിക്ക് ഒരു മിടുക്കിപ്പെണ്ണ് ഉണ്ടാക്കി കൊടുത്തുവത്രേ, കട്ടത്തൈരും, കാന്താരി പച്ചമുളകും, ധാരാളം ഇഞ്ചിയും ചേര്‍ന്ന ഉശിരന്‍ ഇഞ്ചിത്തൈര്. അതോടെ വരരുചി വലയിലായെന്ന് ഐതിഹ്യം. അമ്മാളുവും ഉണ്ടാക്കി അസ്സല്‍ ഇഞ്ചിത്തൈര്. എന്നു വച്ച് കൂടെ കൊണ്ടു പോവാമെന്ന് വിചാരിച്ച് വരരുചി മൂപ്പര്‍ അടുപ്പത്തു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചോട്ടെ. പുള്ളിയുടെ കൂടെ നാടു തെണ്ടി, ആശിച്ചു മോഹിച്ചു വാങ്ങിയ 'ജിമ്മി ചൂ'വിന്റെ സോള്‍ തേക്കാനൊന്നും അമ്മാളു, "സിംപ്ളി നോട്ട് ഇന്ററസ്റഡ്!''


സാമ്പാര്‍ എവിടെയെന്ന് സംശയം ചോദിക്കുന്ന മലയാളി മങ്കമാരും മങ്കന്‍മാരും ഒന്നുകില്‍ ഒരു പായ്ക്കറ്റ് സാമ്പാര്‍പൊടി വാങ്ങി, അതിന്റെ പിന്നിലുള്ള റെസിപ്പി നോക്കി പാചകം ചെയ്യുക, അല്ലെങ്കില്‍, Sambhaar എന്നോ, Saambar എന്നോ ഇഷ്ടം പോലെ കടുപ്പം കൂട്ടിയോ കുറച്ചോ ഗൂഗിളില്‍ ടൈപ്പ് ചെയ്യുക; കിട്ടുന്ന റെസിപ്പി നോക്കി അസ്സലായി ഉണ്ടാക്കുക. മലയാളി ആയിട്ടും സാമ്പാര്‍ ഉണ്ടാക്കാനറിയില്ല, അല്ലേ? ഛേയ്, ലജ്ജാവഹം! അവിയല്‍ പോലെ ചറപറാ കഷണങ്ങള്‍ അരിഞ്ഞിട്ട് അവസാനം "സാമ്പവിയല്‍'' ആകരുതേയെന്ന് പണ്ടുള്ളവര്‍ പറയും. കഷണം കുറച്ചും, പരിപ്പു കൂടുതലും എന്നു സാരം.


സാമ്പാറിനു പരിപ്പു വേവിക്കുമ്പോള്‍ കുറച്ചു പരിപ്പെടുത്തു നീക്കി വെച്ചാല്‍ സ്റൈലായി പരിപ്പും നെയ്യും വിളമ്പാം, എക്സ്ട്രാ എഫര്‍ട്ട് ഇല്ലാതെ.


പിന്നെയും അരക്കപ്പ് പരിപ്പെടുത്ത് ഒന്നു രണ്ടു തക്കാളിയും അല്പം സാമ്പാര്‍ പൊടിയും, കായവും ചേര്‍ത്ത് കടുകു വറത്താല്‍ രസവുമായി.


"ഇനിയിപ്പോ പായസ തലവേദനക്ക് നില്‍ക്കണ്ടന്നേ'' എന്നു സ്നേഹത്തോടെ പുള്ളിക്കാരന്‍ പറഞ്ഞപ്പോള്‍, അമ്മാളുവും വിചാരിച്ചു ഒരു റെഡിമെയ്ഡ് പായസം പായ്ക്കറ്റ് വാങ്ങി, ഹോം മെയ്ഡ് ടച്ചിനായി ഒരല്പം പാലൊഴിച്ച് തിളപ്പിച്ച് വിളമ്പുന്നതില്‍ കുറ്റബോധമൊന്നും ഫീല്‍ ചെയ്യേണ്ട കാര്യമൊന്നുമില്ലല്ലോയെന്ന്. അല്ല, ഇനിയിപ്പോ പായസം ഉണ്ടാക്കിയേ തീരു എന്നാണെങ്കില്‍, ഒരു പായ്ക്കറ്റ് സേമിയാ പാലില്‍ വേവിച്ച് മുറുക്കിയെടുത്ത് അണ്ടിപരിപ്പും മുന്തിരിയും നെയ്യില്‍ മൊരിച്ചിടാം. നമ്മള്‍, എന്‍. ആര്‍. ഐ. മലയാളികള്‍ക്ക് അത്രയൊക്കെയേ പറഞ്ഞിട്ടുള്ളൂ എന്നൊരു ഡയലോഗും പറഞ്ഞ് കൂട്ടത്തില്‍ ഒരു നെടുവീര്‍പ്പു വിടാം.


ഇങ്ങനെ "അമ്മാളു സ്പെഷ്യല്‍ റെസിപ്പി'' നോക്കി ഒരു ചെറിയ സദ്യവട്ടം ഒരുക്കുമ്പോള്‍ "അയ്യോ, ഇതില്‍ ഉപ്പ് ഇടാന്‍ പറഞ്ഞിട്ടില്ലല്ലോ, സ്റൌ കത്തിക്കാന്‍ പറഞ്ഞില്ലല്ലോ, കടുക് എത്ര മണി വറുത്തിടണം എന്നൊക്കെ ചോദിക്കാന്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?


ഒരു കാര്യം ചെയ്യുക, നേരെ പബില്‍ പോയി, ഫിഷ് ആന്‍ഡ് ചിപ്സ് കഴിച്ച്, "വാട്ട് ഓണം!'' എന്ന് ബ്രിട്ടീഷ് ആക്സന്റില്‍ ചോദിച്ച് നമ്മള്‍ മലയാളികള്‍ ആണെന്ന് അങ്ങോട്ടു മറന്നു കളയുക.


വഴിവക്കിലെ ഉപ്പിലിട്ട നെല്ലിക്കയുടെ ഇളം ചവര്‍പ്പും, സ്കൂളിനു മുമ്പിലെ പെട്ടിക്കടയിലെ 'തേന്‍ നിലാവിന്റെ' കടും മധുരവും, ഉത്രാട നിലാവും, കൊതുകിന്റെ സംഗീത കച്ചേരിയും, പെയ്യാതെ പോയ ഇടവപ്പാതിയും, പവ്വര്‍ കട്ടുകളും, തട്ടുകടകളും, നൊസ്റാള്‍ജിയ ആയി കൊണ്ടു നടക്കാത്ത മലയാളിയെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി ഫ്ളൈറ്റും പിടിച്ച് കാശു മുടക്കി, മാവേലി അങ്കിള്‍ എന്തായാലും വരാന്‍ പോവുന്നില്ല, പ്രത്യേകിച്ച് ഈ റിസഷന്‍ കാലത്ത്.


മലയാളിയുടെ മലയാളിത്തമില്ലായ്മ കണ്ട് അമ്മാളുവിന് കുറേശ്ശെ ദേഷ്യം വരുന്നുണ്ടേ...

Monday 24 August 2009

അങിനെ ഞാനും ‘ഫെമിനിസ്റ്റാ‘യി.

''നിങ്ങളുടെ ബൂലോഗം ഓണ്‍ലൈനില്‍' ഇനി ഞാനും.. ബ്ലോഗും ബ്ലോഗറും എന്ന പംക്തിയില്‍. ബ്ലോഗിലെ പുലികള്‍ക്കൊപ്പം ഈ തുടക്കക്കാരിക്കും ഒരു അവസരം തന്നതിന് ബൂലോഗത്തിനു പ്രത്യേക നന്ദി.

ഇന്റര്‍വ്യൂ വായിച്ചാല്‍ നമ്മുടെ ടീ വീ ആന്കെര്‍മ്മാര്‍ക്ക് കുറെ ഐഡിയാ കിട്ടും , മലയാളം എങ്ങിനെ ഇനിയും വിക്രിതമാക്കം എന്ന്. അത്രയും അക്ഷരതെറ്റുകള്‍. ബൂലോഗം ഓണ്‍ലൈന്‍ കാര്‍ കുറെ കഷ്ടപ്പെട്ട് കാണണം, to make some sense out of it. റി്ടയെഡ് മലയാളം റ്റീച്ചറ് ആയ എന്റെ അമ്മ ഇതു കണ്ടാല്‍‍ എപ്പൊ നടന്നു കൊലപാതകം എന്നു ചോദിച്ചാ‌ല്‍ ‍ മതി. ‘’കീ മാന്‍‍‘’ റ്റ്യിപ്പിങ് ശരിയായി വരുന്നേ ഉള്ളൂ എന്നൊന്നും പറഞാല്‍ അവിടെ ജാമ്യം കിട്ടുമെന്നു തോന്നുന്നില്ല.

പ്രിയപ്പെട്ട കൂട്ടുകാരേ, മലയാളം ‘കൊരച്ചു കൊരക്കാതെ’ തന്നെ അറിയാം, അക്ഷരതെറ്റുകള്‍ ഓഫീസിലുരുന്നു റ്റയിപ്പു ചെയ്തപ്പൊള്‍‍ വന്നതാണു. (അല്ലാതെ വീട്ടിലെവിടെ ഇതിനൊക്കെ സമയം?).എന്തായാലും ക്ഷമിക്കു.

ലിങ്ക് ഇവിടെ: http://boolokamonline.blogspot.com/2009/08/blog-post_9276.html

Friday 14 August 2009

ഗോസിപ്പുകളുടെ ഇഴ കീറുമ്പോള്‍

പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളീ മാര്‍ച്ച് 2009)


എന്റെ ഒരു സുഹൃത്ത്‌ ഡൈവോഴ്സിനു ശ്രമിക്കുകയാണ്‌ - കാരണം ഭര്‍ത്താവില്‍ നിന്നു ചിലവിനു കിട്ടുന്നില്ല. സാമ്പത്തികമായി അത്ര മെച്ചമൊന്നുമല്ലാത്ത ഒരു കുടുംബമാണവരുടേത്‌. അവള്‍ ജോലിക്കു പോവുന്നതുകൊണ്ടു വേണം ബില്ലുകള്‍ അടക്കാനും കുട്ടിക്ക്‌ സ്കൂള്‍ ഫീസ്‌ കൊടുക്കാനും വീട്ടിലെ മറ്റു ചിലവുകള്‍ നടത്താനും. ജോലിക്കു പോകാതെ വീട്ടിലിരിക്കുന്നു എന്നു വച്ച്‌ നമ്മുടെ ഭര്‍ത്താവ്‌ ഒരു വില്ലനൊന്നുമല്ല, കേട്ടോ. മഹാസാധു. പച്ചവെള്ളത്തിനു തീ പിടിച്ച ഒരു മട്ട്‌. ആരും ജോലിയൊന്നും തരുന്നില്ല, പിന്നെ ഞാനെന്തു ചെയ്യും എന്നാണ്‌ ലോജിക്ക്‌. നാട്ടുകാര്‍ക്ക്‌ വേണ്ടപ്പെട്ടവന്‍ - കാരണം ഉത്സവത്തിനോ, പെരുന്നാളിനോ, പാര്‍ട്ടി ഫണ്ടിനോ സംഭാവനയ്ക്കു ചെന്നാല്‍, ഭാര്യയുടെ ഹാന്‍ഡ്‌ ബാഗില്‍ നിന്നും കട്ടിട്ടാണെങ്കിലും ഒരു തുക കൊടുക്കും. അതു പറ്റിയില്ലെങ്കില്‍ തേങ്ങാക്കാരനില്‍ നിന്നോ, മില്‍ക്ക്‌ ഡയറിയില്‍ നിന്നോ അഡ്ജസ്റ്റ്‌ ചെയ്തായാലും കൊടുക്കേണ്ടത്‌ കൊടുത്തിരിക്കും. പാവം പെണ്ണ്‌, തേങ്ങാക്കാരനില്‍ നിന്ന്‌ കിട്ടുന്നതു മോനു സ്കൂള്‍ ഫീസ്‌, പാലു വിറ്റു കിട്ടുന്നത്‌ മോള്‍ക്ക്‌ ഉടുപ്പു വാങ്ങാന്‍ എന്നൊക്കെ ബഡ്ജറ്റ്‌ ഉണ്ടാക്കി, പ്രതീക്ഷിച്ചത്ര കിട്ടാതാവുമ്പോള്‍ തേങ്ങാക്കാരനെ ചോദ്യം ചെയ്യുമ്പോളാവും അഡ്വാന്‍സ്‌ നന്ദിസമേതം ഭര്‍ത്താവ്‌ കൈപറ്റിയിതിന്റെ കാര്യം പുറത്താവുന്നത്‌.


അങ്ങനെ വീട്ടിലേക്ക്‌ കൊള്ളാത്ത, എന്നാല്‍ നാട്ടിലേക്ക്‌ വേണ്ടപ്പെട്ട ഒരു നല്ല മനുഷ്യനെ ഇവള്‍ക്കെങ്ങനെ ഡൈവോഴ്സ്‌ ചെയ്യാന്‍ പറ്റുന്നു എന്നതാണ്‌ ഇപ്പോള്‍ കുറച്ചു ദിവസമായി അവളുടെ അയല്‍ക്കാരുടെ ചര്‍ച്ചാവിഷയം. ഒന്നുമില്ലെങ്കിലും ആണൊരുത്തനല്ലേ, കള്ളു കുടിച്ച്‌ അവളെ തല്ലുന്നില്ലല്ലോ എന്നൊരു വശം, അവള്‍ ജോലിക്കു പോകുന്നിടത്ത്‌ വല്ലവന്റേയും വലയില്‍ പെട്ടുപോയിട്ടുണ്ടാവും എന്ന്‌ മറ്റൊരു വശം. എന്തായാലും "കല്ലായാലും കണവന്‍, പുല്ലായാലും പുരുഷന്‍" എന്നു പറഞ്ഞ്‌ ഭര്‍ത്താവു ദൈവത്തെ തലയിലെടുത്ത്‌ പൂജിക്കാത്ത പെണ്ണിനാണിവിടെ വില്ലന്‍ വേഷം എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. അല്‍പം കൂടി "ഫൂച്യറിസ്റ്റിക്‌ മൈന്‍ഡ്‌ സെറ്റ്‌" ഉള്ള ഒരു സ്ട്രാറ്റജിക്‌ അനാലിസ്റ്റ്‌ ഇത്രയും കൂടി പറഞ്ഞു - "ഇനിയിപ്പോ കല്യാണം കഴിക്കുകയാണെങ്കില്‍ കുട്ടികളുള്ള രണ്ടാംകെട്ടുകാരനെ നോക്കിക്കോട്ടെ, അതാ നല്ലത്‌." എങ്ങനെയാ അത്‌ നല്ലതാവുന്നതെന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടിയിട്ടില്ല ഇതുവരെ.


വെറുതെ ഇരിക്കുന്ന പെണ്ണുങ്ങളുടെ കുശുമ്പും കുന്നായ്മ പറച്ചിലും എന്നു പറഞ്ഞു ഗോസിപ്പിനൊരു സ്ത്രീ സ്വഭാവം വരുത്താന്‍ പുരുഷ കേസരികള്‍ക്ക്‌ വല്ലാത്തൊരു ത്വരയുണ്ട്‌. എന്നാല്‍ മുകളില്‍ പറഞ്ഞ പരദൂക്ഷണം മുഴുവനും ആണുങ്ങളുടെ സംഭാവനയായിരുന്നു. ആലിന്‍ ചുവട്ടിലോ, റോഡ്‌ കവലകളിലോ, നേരം പോക്കാനിരിക്കുന്ന തൊഴില്‍രഹിതരല്ല അവര്‍. നല്ല ജോലിയും കുടുംബവുമായി സമൂഹത്തില്‍ നിലയും വിലയും ഉള്ളവര്‍. പെണ്ണുങ്ങളും ഒട്ടും മോസമാനെന്നല്ല പറഞ്ഞു വരുന്നതു.

ഗോസ്സിപ്പുകള്‍ക്ക്‌ മനുഷ്യനോളം തന്നെ പഴക്കമുണ്ടെന്നു വേണം ഊഹിക്കാന്‍. ശ്രീരാമന്‍ സീതയെ അഗ്നി പരീക്ഷയ്ക്ക്‌ വിധിച്ചത്‌ ഇത്തരമൊരു ഗോസിപ്പുമൂലമല്ലേ? മറ്റു മഹാകാവ്യങ്ങളിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട - മുട്ടിനു മുട്ടിനാണ്‌ ഗോസ്സിപ്പുകള്‍ കാരണം രാജ്യം ഉപേക്ഷിക്കുന്നവരും, ഭാര്യയെ ഉപേക്ഷിക്കുന്നവരും, യുദ്ധത്തിനു ചാടി പുറപ്പെടുന്നവരുമൊക്കെ. അങ്ങനെ നോക്കുമ്പോള്‍, ഒരാളെ സമൂഹം എങ്ങനെ കാണുന്നു എന്നതിന്റെ പ്രതിഫലനമാണോ ഗോസിപ്പുകള്‍?


ഗോസിപ്പിന്റെ മനഃശാസ്ത്രം എന്താണെന്നു പലര്‍ക്കും പല അഭിപ്രായമാണ്‌. എന്തായാലും ഒരു "നെസസ്സറി ഈവിള്‍" ആയി ഇതിനെ പല കോര്‍പറേറ്റ്‌ ഭീമന്മാരും മനഃശാസ്ത്രജ്ഞന്മാരും വരെ അംഗീകരിച്ചിട്ടുമുണ്ട്‌. നിരുപദ്രവ കരമായ ഗോസ്സിപ്പ്‌ ആവാം എന്നു പല സ്റ്റാഫ്‌ മാനുവലുകളിലും പറയുന്നുണ്ട്‌ എന്നറിഞ്ഞു.


പക്ഷേ ഉപദ്രവകരവും, നിരുപദ്രവകരവും എന്നു ഗോസിപ്പിനെ വേര്‍തിരിക്കാന്‍ നമുക്ക്‌ വ്യക്തമായ മാര്‍ഗ്ഗരേഖകളുണ്ടോ?


ഗോസിപ്പുകളെ പറ്റി ശാസ്ത്രീയമായ പഠനമൊക്കെ നടന്നിട്ടുണ്ടെന്നാണ്‌ വിക്കിപീഡിയാ തപ്പിയപ്പോള്‍ മനസ്സിലായത്‌. ഒറ്റനോട്ടത്തില്‍ ഗോസ്സിപ്പുകള്‍ പലതുണ്ട്‌. വളരെ നിരുപദ്രവമായവ. ഒരു സമയം കൊല്ലി എന്നു മാത്രമേ അതിനുദ്ദേശമുള്ളൂ. കുറച്ചൊന്നു ചിരിക്കാന്‍ വക നല്‍കുന്ന കൊച്ചു കൊച്ചു നുണകളും സത്യങ്ങളും. കാലത്തു തന്നെ ടാര്‍ജറ്റ്‌ തികക്കാത്തതിന്‌ ബോസ്‌ ദേഷ്യപ്പെട്ട്‌ ചീത്ത വിളിച്ചപ്പോള്‍, ഒലിച്ചിറങ്ങുന്ന വിയര്‍പ്പു തുടച്ചു, സുന്ദരനൊരു ചിരിയോടെ ചുറ്റിനും നോക്കി, "പുള്ളിയിന്നു ഭാര്യയോട്‌ തെറ്റിയിട്ടാ വീട്ടില്‍ നിന്നിറങ്ങി വന്നതെന്ന്‌" പറയുന്നവര്‍. പറയുന്നവനും കേള്‍ക്കുന്നവനും അറിയാം, അതില്‍ സത്യമൊന്നുമില്ലെന്ന്‌.


കടിത്തുമ്പ പോലെ ചൊറിച്ചില്‍ ഉളവാക്കുന്നവയാണ്‌ ചില ഗോസിപ്പുകള്‍. നന്നായി ഒരുങ്ങി, ആത്മവിശ്വാസത്തോടെ ഓഫീസില്‍ വരുന്ന സുന്ദരിയെ നോക്കി. "ഓ, അവളും നമ്മുടെ മറ്റേ അവനും...." എന്നു തുടങ്ങുന്ന വര്‍ത്തമാനം പറയുന്ന ചില പഞ്ചാരക്കിളവന്മാര്‍ . എനിക്കു കിട്ടാത്തത്‌ കാക്ക കൊത്തി പോട്ടെ എന്ന ഒരു മനോഭാവം.


അതിലും കുറച്ചു കൂടിയ പടിയാണ്‌ "അവനങ്ങനെ വലിയ ആളു കളിക്കേണ്ട" എന്ന ലക്ഷ്യം വച്ച്‌ പടച്ചിടുന്ന ഗോസ്സിപ്പുകള്‍. അത്‌ പലപ്പോഴും വ്യക്തി ഹത്യവരെ എത്തി നില്‍ക്കാറുണ്ട്‌. ഭാഗ്യം കൊണ്ടും, അധ്വാനം കൊണ്ടും ചിലര്‍ നല്ല നിലയിലാവുമ്പോള്‍, "ഓ, അവനേതാണ്ട്്‌ കള്ളക്കടത്തു പണി" എന്നൊക്കെ പടച്ചു വിടും ചിലര്‍. അത്തരക്കാരുടെ കുടുംബചരിത്രം വരെ ചികഞ്ഞു നോക്കി. "ഓ, അവന്റെ അഛന്റെ അഛന്റെ അഛന്‍ എന്റെ വീട്ടിലെ കാള പൂട്ടുകാരനായിരുന്നു - എന്നിട്ടിപ്പോള്‍ അവന്റെ ഒരു ഗമ കണ്ടില്ലേ" എന്നു നാട്ടുകാരെ അറിയിക്കാനായിരിക്കും മറ്റു ചില ഹിസ്റ്റോറിയന്‍സിന്റെ ശ്രമം.


ഒരു സ്ത്രീയുടെ മരണത്തില്‍ കൊണ്ടെത്തിച്ച ഗോസ്സിപ്പ്‌ കേട്ടിരുന്നു. ഭര്‍ത്താവ്‌ ഗള്‍ഫിലായതിനാല്‍ സ്വന്തം സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉത്തരവാദിത്വങ്ങള്‍ക്ക്‌ ഓടി നടക്കുന്ന വീട്ടമ്മ. പല നേരത്തും അവര്‍ക്ക്‌ ഫോണ്‍ കോളുകള്‍ വരുന്നത്‌ സ്വാഭാവികം. ആ ഫോണ്‍ കോളുകള്‍ മുഴുവനും അവരുടെ കാമുക?ാ‍രുടേതാണെന്നും, അവര്‍ ചരക്കെടുക്കാന്‍ പോകുന്നത്‌ മറ്റു വഴിവിട്ട പ്രവര്‍ത്തികള്‍ക്കാണെന്നും നാടു മുഴുവന്‍ പറഞ്ഞു പരത്തിയത്‌ വേറാരുമല്ല, സഹായത്തിനായി ഭര്‍ത്താവ്‌ ഏര്‍പ്പെടുത്തിക്കൊടുത്ത, വകയില്‍പ്പെട്ട ഒരു സ്ത്രീ. അവര്‍ അങ്ങനെ പറഞ്ഞു നടന്നതിനു കാരണമോ - സ്വന്തം വീട്ടിലുണ്ട്‌ കെട്ടുപ്രായം എത്തിയ ഒരു മോള്‍. എന്തെങ്കിലുമൊക്കെ കേട്ട്‌ ഭര്‍ത്താവ്‌ സ്ത്രീയെ ഉപേക്ഷിച്ചാല്‍, പിന്നെ അടുത്ത ചാന്‍സ്‌ ആര്‍ക്കാ, മുറപ്പെണ്ണായ സ്വന്തം മോള്‍ക്ക്‌, കൂട്ടത്തിലൊരു സൂപ്പര്‍മാര്‍ക്കറ്റും. എന്തായാലും കള്ളക്കഥകള്‍ കേട്ടു വിശ്വസിച്ച ഭര്‍ത്താവ്‌ ഡൈവോഴ്സ്‌ നോട്ടീസ്‌ അയച്ചപ്പോള്‍ അപമാനിതയായ സ്ത്രീത്വം പകരം വീട്ടിയത്‌ ഒരു സാരിത്തുമ്പിലായിരുന്നു. സ്വന്തം അമ്മയുടെ ദുഷ്ടതരത്തില്‍ മനംനൊന്ത്‌ സത്യങ്ങള്‍ മുഴുവന്‍ വിളിച്ചു പറഞ്ഞത്‌ പ്രതിശ്രുത വധുവായി അവരോധിക്കപ്പെട്ട പെണ്‍കുട്ടിയും.

ഏതായാലും , നല്ലൊരു സമയം കൊല്ലിയാണെന്നതിനാല്‍ ഗോസിപ്പുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണെന്നതല്ലേ സത്യം?

പിന്നെ, എന്ത് പറയാം എന്ത് പറയരുത് എന്നൊക്കെ ഓരോരുത്തരുടെയും പേര്‍സണല്‍ ആയ കാര്യമാണല്ലോ.

Tuesday 11 August 2009

സ്മിത്തും, പട്ടേലും, പിന്നെ മലയാളികളും

ഇവിടെയൊക്കെ വന്നിട്ടുണ്ട്:
പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളി ജൂലൈ 2009)
പുഴ.കോം
മുഖരേഖ ഓഗസ്റ്റ്‌ 2009

യു.കെ.യിലും യു.എസ്‌.എ.യിലും ഓരോ നൂറുപേരിലും ഒരാള്‍ ഒരു "സ്മിത്ത്‌" ആണത്രെ. കുറെ കാലമായി അങ്ങനെ കിരീടം വയ്ക്കാത്ത രാജാവായി വിരാജിച്ചിരുന്ന "സ്മിത്ത്‌" യു.കെ.യിലെ ഒന്നാം നമ്പര്‍ സ്ഥാനത്തു നിന്ന്‌ ഔട്ട്‌ ആയി, അടുത്ത കാലത്ത്‌ - പകരക്കാരനായി കയറിയത്‌ നമ്മുടെ സ്വന്തം ഗുജു 'പട്ടേല്‍'.

എന്തിലും, ഏതിലും ഒന്നാം സ്ഥാനം കൈയ്യടക്കണമെന്ന്‌ ആഗ്രഹമുള്ള മലയാളിക്കു പക്ഷേ, ഇവിടെ വലിയ സ്കോപ്പില്ല. കാരണം, രണ്ടു "ഫസ്റ്റ്‌ നെയിംസ്‌" ഉള്ള ദൈവത്തിന്റെ സ്വന്തം മക്കളല്ലേ നമ്മള്‍. മലയാളി രീതിയനുസരിച്ച്‌ ഭര്‍ത്താവിന്റെ ആദ്യപേര്‌ ഭാര്യയുടെ സെക്കന്‍ഡ്‌ (സര്‍) നെയിം ആകുമെന്ന്‌ പലരേയും പറഞ്ഞു മനസ്സിലാക്കാന്‍ പെടാപ്പാടു കുറെ പെട്ടിട്ടുണ്ടു ഞാന്‍. ഇപ്പോ പിന്നെ, നിയമത്തിന്റെ നൂലാമാലകളൊന്നുമില്ലാത്ത അവസ്ഥയാണെങ്കില്‍ 'റിച്ചാര്‍ഡ്‌' എന്നത്‌ ഫസ്റ്റ്‌ നെയിമോ, സര്‍നെയിമോ ആകാമെന്ന ലോജിക്‌ വച്ച്‌ ഭര്‍ത്താവിന്റെ ഫസ്റ്റ്‌ നെയിം എന്റെ "മെയ്ഡന്‍ നെയിം" ആണെന്നു പറഞ്ഞ്‌ തലയൂരുകയാണ്‌ പതിവ്‌.

ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാര്‍ പൊതുവേ ഭര്‍ത്താവിന്റെ സര്‍നെയിം സ്വന്തം പേരിനോടു ചേര്‍ക്കുമ്പോള്‍ കേരളത്തില്‍ മാത്രമെന്തേ അതില്ലാതെ പോയത്‌? മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി മലയാളി വനിതയ്ക്ക്‌ വിവാഹ ശേഷവും സ്വന്തം കുടുംബത്തില്‍ സ്ഥാനമുള്ളതുകൊണ്ടാണോ? വിവാഹശേഷം, ഭര്‍ത്താവു മാത്രം മതി, പുള്ളിയുടെ കുടുംബം വേണ്ട എന്ന അണുകുടുംബ മനഃസ്ഥിതികൊണ്ടാണോ? അറിയില്ല. നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ന്മാര്‍ ഇതിനു വല്ല തിയറിയും കണ്ടുപിടിച്ചിട്ടുണ്ടോ? വായനക്കാര്‍ക്കറിയാമെങ്കില്‍ ഒന്നു പങ്കുവെച്ചാല്‍ നന്നായിരുന്നു.

അതുപോലെ തന്നെ വളരെ വിചിത്രമായ മറ്റൊരു രീതിയാണ്‌, ആരും കേള്‍ക്കാത്ത പേരിന്റെ സ്റ്റാറ്റസ്‌ സിമ്പല്‍. അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത്‌ പേരിടീല്‍ ആണ്‌ ഒരു രീതി. വളരെ വിചിത്രമായ ചില കുട്ടി പേരുകള്‍ കേള്‍ക്കുമ്പോള്‍, സത്യമായും ആലോചിക്കും, ഇതിനു മാത്രം ഈ കുഞ്ഞെ ന്തു തെറ്റു തന്റെ മാതാപിതാക്കളോട്‌ ചെയ്തു എന്ന്‌. (ഒരു പക്ഷേ മുന്‍ജനമത്തിലെ പകതീര്‍ക്കുന്നതും ആവാം, അല്ലേ? കഴിഞ്ഞ ജനമത്തിലെ ശത്രുവാണ്‌ ഈ ജനമത്തിലെ പുത്രനായി ജനിക്കുന്നത്‌ എന്നൊരു വിശ്വാസമുണ്ടല്ലോ). കൃഷ്ണനും മിനിക്കും കുട്ടിയുണ്ടായപ്പോള്‍ 'കൃമി' എന്നു വിളിക്കാമെന്ന്‌ ഒരു സുഹൃത്ത്‌. കുട്ടിയുടെ ഭാഗ്യത്തിന്‌ (അതോ നിര്‍ഭാഗ്യത്തിനോ?) പരിഷ്ക്കരിച്ച്‌ ഇട്ടത്‌ ഒരു ഇംഗ്ലീഷ്‌ പേര്‌ - ക്രീം.

നോക്കിയ 365, നോക്കിയ 367, നോക്കിയ N90 എന്ന്‌ മാനുഫാക്ചറിംഗ്‌ യൂണിറ്റുകള്‍ പേരിടുന്നതു പോലെ മക്കള്‍ക്ക്‌ പേരിടുന്നതും ഒരു കാലത്ത്‌ ഫാഷനായിരുന്നു. (ഇടയ്ക്കൊക്കെ ഇപ്പോഴും ഈ പ്രൊഡക്ഷന്‍ സീരീസ്‌ തല പൊക്കാറുണ്ട്‌). നാണു, നേണു, നിണു, നോണു, നുണു... എന്നു മക്കള്‍ക്ക്‌ പേരിട്ടതിനെ ചുറ്റി പറ്റി കുറെ നാളായി കറങ്ങി നടക്കുന്ന ഒരു ടങ്ങട ജോക്ക്‌ നിങ്ങളെല്ലാവരും കണ്ടു കാണുമല്ലോ. ഭാഗ്യത്തിന്‌ ഇംഗ്ലീഷ്‌ വൗവ്വല്‍സ്‌ അഞ്ചു മാത്രമായതു കൊണ്ട്‌ കൂടുതല്‍ 'പെര്‍മൂട്ടേഷന്‍സ്‌' ഇവിടെ വേണ്ടി വന്നില്ല.

പത്തിരുപതു വര്‍ഷം മുമ്പ്‌ 'എ'യില്‍ ആരംഭിക്കുന്ന പേരുകള്‍ക്ക്‌ ഭയങ്കര ഡിമാന്‍ഡായിരുന്നു എന്നു കേട്ടിട്ടുണ്ട്‌. ഒരു ക്ലാസ്സില്‍ പത്ത്‌ അഞ്ജലിയും, എട്ട്‌ ആനന്ദും, പന്ത്രണ്ട്‌ ആല്‍ബര്‍ട്ടും ഒക്കെ ഉണ്ടാകുമായിരുന്നത്രെ. നമ്മുടെ കുട്ടി അറ്റന്‍ഡന്‍സ്‌ രജിസ്റ്ററിലും ഒന്നാമനാകട്ടെ എന്ന്‌ അച്ഛനമ്മമാര്‍ കരുതുന്നതില്‍ തെറ്റില്ലല്ലോ. പക്ഷേ, കുറെ കഴിയുമ്പോഴല്ലേ മനസ്സിലാവുന്നത്‌, അത്രയൊന്നും ambitious അല്ലാത്ത സഹപാഠികള്‍ 'ഞൊണ്ടന്‍ അബി,' 'മൊട്ട അബി,' 'കണ്ണട അഞ്ജു' എന്നൊക്കെ വളരെ അരുമയോടെ മക്കള്‍ക്ക്‌ ജീവിതകാലം മുഴുവനും പതിഞ്ഞു കിടക്കുന്ന 'ഐഡന്റിറ്റി' ചാര്‍ത്തി കൊടുക്കാറുണ്ടെന്ന്‌. ഏതായാലും, പ്രൈമറി സ്കൂള്‍ മുതല്‍ ഇന്റര്‍വ്യൂ ബോര്‍ഡ്‌ വരെ ഇപ്പോള്‍ സര്‍നെയിം അനുസരിച്ചാക്കി രജിസ്റ്റര്‍ എന്നതില്‍ പണ്ടത്തെ അഭിലാഷുമാര്‍ക്കും, ആനന്ദുമാര്‍ക്കും ഇപ്പോള്‍ വലിയ ഡിമാന്‍ഡ്‌ ഇല്ലത്രെ. പക്ഷേ ഇക്കൂട്ടര്‍ക്ക്‌ ആശയ്ക്ക്‌ വകയുണ്ട്‌ ഇപ്പോഴും, ഒരു കുഞ്ഞു ജനിച്ച്‌ അവനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര്‌ 'എ'യില്‍ തുടങ്ങിയതുകൊണ്ട്‌ കുട്ടിക്ക്‌ അറ്റന്‍ഡന്‍സ്‌ രജിസ്റ്ററില്‍ തുടക്കത്തില്‍ തന്നെ സ്ഥാനം ഉറപ്പിക്കാമല്ലോ.

കൗതുക പേരുകളോട്‌ മലയാളിക്കുള്ള കമ്പം അത്ര പുതിയതൊന്നുമല്ല. അമ്മയുടെ ഹൈസ്ക്കൂള്‍ കാലത്തുണ്ടായിരുന്ന ഒരു കൂട്ടുകാരിയായിരുന്നു, "ഇന്ദിരാ ഗാന്ധി." സിനിമയിലും, രാഷ്ട്രീയത്തിലും തിളങ്ങുന്ന നക്ഷത്രങ്ങളുടെ പേരുകള്‍ മക്കള്‍ക്കായി കണ്ടെത്തുന്ന അച്ഛനമ്മമാര്‍, പക്ഷേ, പേരിനൊപ്പം താരത്തിന്റെ "സര്‍ നെയിം" കൂടി കടമെടുത്താലോ?

കാലവും ശാസ്ത്രവും പുരോഗമിക്കുന്നതിനനുസൃതമായി മലയാളിയുടെ അന്ധവിശ്വാസങ്ങളും പുരോഗമിക്കുന്നതുകൊണ്ട്‌ ഇപ്പോള്‍ മിക്കവാറും ആളുകള്‍ പേരുകള്‍ തിരഞ്ഞെടുക്കുന്നതിന്‌ കൂട്ടുപിടിക്കുന്നത്‌ സംഖ്യാശാസ്ത്രത്തെയാണ്‌. കൂടാതെ പഴമയിലേക്കുള്ള തിരിച്ചുപോക്കും ഇപ്പോള്‍ ശക്തമായിട്ടുണ്ട്‌ - വിചിത്ര പേരുകള്‍ ചുമന്ന്‌ അവശരായ പുതുതലമുറയിലെ മാതാപിതാക്കന്മാര്‍ കുറെകൂടി കണ്‍സര്‍വേറ്റീവ്‌ ആയ ഒരു അപ്രോച്‌ ആണ്‌ മക്കളുടെ പേരിടീല്‍ കാര്യത്തില്‍ അനുവര്‍ത്തിച്ചു വരുന്നത്‌.

മക്കള്‍ക്ക്‌ മറ്റാരും ഇടാത്ത പേരു കണ്ടുപിടിക്കാന്‍ നെട്ടോട്ടമോടുന്നവര്‍ ലൈസി, ക്ലംസി, ക്ലാമ്മി തുടങ്ങിയ പേരുകള്‍ ഇടുന്നതിനു മുമ്പ്‌ ഒരു ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു ഒന്നു നോക്കിയാല്‍, ഓടിചാടി നടക്കുന്ന സുന്ദരിപെണ്ണിനെ "ലൗസി" എന്നോ, "ലെതാര്‍ജി" എന്നോ വിളിക്കേണ്ടി വരില്ല നമുക്കാര്‍ക്കും.

കാര്യമെന്തായാലും വിചിത്രപേരുകാര്‍ വിഷമിക്കേണ്ട - ജൂലിയറ്റ്‌ കൂട്ടിനുണ്ടല്ലോ. ‘‘What’s in a name? That which we call a rose by any other name would smell as sweet’’?? പറഞ്ഞത്‌ ഷേക്സ്പിയര്‍ ആയതുകൊണ്ട്‌ നാടന്‍ സായിപ്പുമാര്‍ക്ക്‌ മാത്രമല്ല, ഒറിജിനല്‍ സായിപ്പിനും ഉണ്ടാവാനിടയില്ല പരാതി.

Monday 3 August 2009

കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍

പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളീ ഏപ്രില്‍ 2009 )

കേരളത്തിനുള്ളില്‍ മാത്രമേ ഒരു സാധാരണ മലയാളിക്കു തനതായ ഐഡന്റിറ്റി ഉള്ളൂ. 'നമ്മുടെ വടക്കേലെ മാധവനും,' ' കുന്നിന്‍പുറത്തെ കേശവനും,' 'പള്ളിക്കടുത്ത വീട്ടിലെ ഗിവര്‍ഗീസും' ഒക്കെ പശ്ചിമഘട്ടം കയറിയാല്‍ 'മലയാളി'യും, അറബിക്കടല്‍ കടല്‍ കടന്നാല്‍ 'ഇന്ത്യനും' ആയി മാറും. അതോടൊപ്പം നമ്മുടെ ഭാഷയും, സംസ്ക്കാരവും, രുചികളും, ശീലങ്ങളും ജനറലൈസ്ഡ്‌ ആവുകയായി.

എല്ലാ നാട്ടുകാരുടെ ഗതിയും ഇതു തയൊവണം. അതുകൊണ്ടല്ലേ, പരിചയമുള്ള ഒന്നോ രണ്ടോ ആള്‍ക്കാരെ വച്ച്‌ നമ്മള്‍ മറ്റുള്ള നാട്ടുകാരെ "ജനറലൈസ്‌" ചെയ്യുന്നതും. തമിഴനു വൃത്തിയില്ല, പാക്കിസ്ഥാനി വെള്ളിയാഴ്ച മാത്രമേ കുളിക്കു എു‍മൊക്കെ വളരെ ധൈര്യമായി പറഞ്ഞു നടക്കുവരല്ലേ നമ്മള്‍. തിരിച്ചു മലയാളികള്‍ എല്ലാം മൂക്കില്‍ വിരല്‍ ഇടുന്നവര്‍ ആണെന്നും , തലയില്‍ തേച്ച എണ്ണ കഴുകി കളയാത്ത പിശുക്കന്മാരനെന്നുമൊക്കെ മറുനാട്ടുകാരും നമ്മളെ പറ്റപറയുു‍ണ്ടാവണം.

ചുരുക്കത്തില്‍, അന്യനാട്ടില്‍ ജീവിക്കുന്ന നമ്മള്‍ ഓരോരുത്തരും നമ്മുടെ നാടിന്റെ സംസ്ക്കാരത്തിന്റെ, ബ്രാന്‍ഡ്‌ "അംബാസഡര്‍ മാര്‍" ആണ്‌. നമ്മുടെ ഓരോ ചലനങ്ങളും കേരളത്തിന്റെ, ചിലപ്പോള്‍ ഇന്ത്യയുടെ തന്നെ പ്രതീകമായി ചിത്രീകരിക്കപ്പെടുവാന്‍ ഇടയുണ്ട്‌. അത് കൊണ്ടു തന്നെ കേരളത്തില്‍ ജീവിക്കുന്ന കേരളീയനെക്കാള്‍, നമ്മുടെ സംസ്ക്കാരവും കുലീനതയും കാത്തു സൂക്ഷിക്കാന്‍ ഓരോ NRI(K) ക്കും ബാധ്യത ഉണ്ട്‌.

അതൊക്കെ പോട്ടെ, കേരളത്തില്‍ നിന്നു സ്റ്റുഡന്റ്‌ വിസയിലെത്തി, ലണ്ടനില്‍ ജോലി നോക്കു ഒരു 'ബ്രാന്‍ഡ്‌ അംബാസഡറി'നെ പറ്റി കേള്‍ക്കണോ? അതിന് മുന്പ് സു‌സനെ ഒന്നു പരിചയപ്പെടാം.

ലണ്ടനില്‍ പോസ്റ്റ്‌-ഗ്രാജുവേഷനു പഠിക്കുന്ന ഒരു കൂട്ടുകാരിയെ കാണാന്‍ പോയപ്പോഴാണ്‌ ഞങ്ങള്‍ സൂസനെ കണ്ടത്‌. നാട്ടിലെ ഹോസ്റ്റല്‍ മുറികളുടെ ഓര്‍മ്മ ഉണര്‍ത്തു വലിയൊരു മുറിയില്‍ തലങ്ങും വിലങ്ങും ഇട്ടിരിക്കുന്ന കട്ടിലുകള്‍ക്കിടയില്‍ കുശലാന്വേഷണങ്ങള്‍ക്കും കൊക്കോകോളയ്ക്കും ശേഷം "ഇനി എന്ത്‌" എ്‌ ആലോചിക്കുതിനിടയ്ക്കാണ്‌ സൂസന്‍ കയറി വത്‌.

ഉറക്കം ബാക്കി നില്‍ക്കു ഇളംചുവപ്പുള്ള കണ്ണുകള്‍ ഒു‍കൂടി കറപ്പിച്ച്‌, ഒരു വട്ടം കൂടി 'ലിപ്‌ ഗ്ലോസ്സ്‌' പുരട്ടി, മഹാഗണി നിറമുള്ള സൂസന്‍ അടുത്തു വപ്പോള്‍ ഞാന്‍ അറിയാതെ എണീറ്റ്‌ പോയി. സഹമുറിയത്തിയുടെ കൂട്ടുകാരിയാണ്‌ എന്ന് പരിചയപ്പെടുത്തിയപ്പോള്‍, "എവിടെ നിന്നാ ?" എന്ന് ആദ്യചോദ്യം. 'കേരളം' എന്ന് പേരു കേട്ടപ്പോഴോ, അഭിമാന പുളകിതമാകണമന്തരംഗം എൊരു സ്റ്റെയില്‍.

ആഫ്രിക്കയിലെവിടെയോ ജനിച്ച്‌, ഇപ്പോള്‍ ലണ്ടനില്‍ ജീവിക്കു ഈ കറുമ്പിക്ക്‌ "കേരളം"എന്ന പേരു കേട്ടപ്പോള്‍ എന്താ ഇളക്കം എന്ന് പതുക്കെ കൂട്ടുകാരിയോടു ചോദിച്ചപ്പോഴാണ്‌ വിചിത്രമായ ഒരു പ്രണയകഥ പുറത്തു വരുന്നതു.

സൂസനൊരു ബോയ്‌ ഫ്രണ്ട്‌ ഉണ്ട്‌. കേരളത്തില്‍ നിന്നു പഠിക്കാനെത്തിയ ഒരു വിദ്യാര്‍ത്ഥി. പഠനമൊക്കെ പേരിനേ ഉള്ളൂ. നിയമം അനുവദിക്കു 20 മണിക്കൂര്‍ പോയിട്ട്‌, ആഴ്ചയില്‍ 169-ാ‍മതൊരു മണിക്കൂറുണ്ടെങ്കില്‍ അതും ജോലി ചെയ്ത്‌ ഒറ്റ പൈസ കുറയാതെ നാട്ടിലേക്ക്‌ ചവിടുന്ന ഒരു വിരുതന്‍. ദാഹിച്ചാല്‍ കുടിക്കാന്‍ വെള്ളം വാങ്ങിയാല്‍ 50 പെന്‍സ്‌ X 79 = 38 രൂപാ പോവില്ലേ എന്നാലോചിച്ചു "ഛേയ്‌, വെള്ളത്തിനൊക്കെ എന്തൊരു ചുവ" എന്ന് പറഞ്ഞ്‌, ബെല്‍റ്റ്‌ ഒന്നു കൂടി മുറുക്കി ജീവിക്കുന്നആളാണ്‌ കക്ഷി.

നമ്മുടെ വിരുതന്‍ ശങ്കുവിനെ ജോലി ചെയ്യു പെട്രോള്‍ പമ്പില്‍ വച്ചാണത്രേ സൂസന്‍ പരിചയപ്പെടുത്‌. ലഞ്ച്‌ പോലും കഴിക്കാതെ ജോലി ചെയ്യു പുള്ളിയുടെ ജോലിയോടുള്ള സിന്‍സിയറിറ്റി ആണത്രേ സൂസന്‌ ആദ്യം ഇഷ്ടപ്പെട്ടത്‌. പതിയെ പതിയെ ശങ്കുവിനു ഭക്ഷണം കൊടുക്കു ചുമതലയും സൂസന്‍ ഏറ്റെടുത്തു. അതോടെ വിരുതന്‌ ആ ഇനത്തില്‍ ആഴ്ചയില്‍ ഒരു 30 പൗണ്ട്‌ ലാഭം.

പിന്നെ എപ്പോളോ ആണ്‌ ശങ്കുവിന്റെ മലയാളി ബുദ്ധിയില്‍ ഒരു "ഐഡിയ" മിന്നിയത് - പെണ്ണിനെ അങ്ങ്‌ പ്രേമിച്ചാലെന്താ? വെറും പ്രേമമല്ല, ആത്മാര്‍ത്ഥ പ്രണയം. പ്രണയം മൂത്ത്‌ ഒരു ദിവസം ശങ്കുമൊഴിഞ്ഞു, "മോളേ, കരിവീട്ടി, നിനക്കുവേണ്ടി ഞാന്‍ നാട്ടില്‍ ഒരു കൊട്ടാരം പണിയട്ടെ? പണി കഴിഞ്ഞാല്‍ നമുക്കു രണ്ടുപേര്‍ക്കും അവിടെ പോയി രാപ്പാര്‍ക്കാം." കേട്ടപാതി, കേള്‍ക്കാത്ത പാതി പ്രണയിനിക്കു പെരുത്ത സന്തോഷം. പാവം പെണ്ണ്‌ പൈസക്കാരുടെ വീട്ടില്‍ ബാത്ത്‌ റൂം ക്ലീന്‍ ചെയ്തും, ബാക്കി കിട്ടു നേരം പെട്രോള്‍ പമ്പില്‍ പണി ചെയ്തും സ്വരുക്കൂട്ടിയ പൗണ്ടുകള്‍ വിരുതന്റെ സേവിംഗ്സ്‌ ബാങ്കിലെത്താന്‍ അധികനേരം വേണ്ടി വന്നില്ല .

പ്ലാനുകള്‍ പലതു മറിഞ്ഞതോടെ, ശങ്കുവിന്റെ വീട്ടുവാടക കൊടുക്കലും, ഭക്ഷണത്തിനുള്ള അരി എത്തിച്ചു കൊടുക്കലും തുടങ്ങി പുള്ളിയെ മുഴുവനായി പുള്ളിക്കാരി സ്പോസര്‍ ചെയ്യാന്‍ തുടങ്ങി. പ്രണയലോലുപനായ നായകന്റെ സ്വന്തം നാട്ടുകാരിയെ സ്നേഹമാണ്‌ ആദ്യം കണ്ടപ്പോള്‍ എന്റെ നേരെ കാണിച്ച ഇളക്കം.

ആകെ അഞ്ചിടങ്ങളിലായി - രണ്ടു ഗ്രോസറി സ്റ്റോറുകള്‍, ഒരു പെട്രോള്‍ പമ്പ്‌, രണ്ടു വീടുകള്‍ - ദിവസത്തില്‍ 18-19 മണിക്കൂര്‍ ജോലി ചെയ്ത്‌ പാവം പെണ്ണ്‌ ഉണ്ടാക്കുന്ന പൈസ നേരെ പോകുതോ, ശങ്കുവിന്റെ savings അക്കൗണ്ടിലേക്കും.

ശങ്കുവിന്‌ നാട്ടില്‍ വേറൊരു ഭാര്യയും അതില്‍ രണ്ടു മക്കളുമുണ്ട്‌ കൂടി ആയാലേ കഥ പൂര്‍ത്തിയാവൂ എന്ന് കൂട്ടുകാരി. സൂസന്‌ അതും പ്രശ്നമല്ലത്രേ. ആരും അറിയാതെ രണ്ടാം ഭാര്യയായി പുതിയ വീട്ടില്‍ താമസിപ്പിച്ചോളാം എന്ന് ശങ്കു വാക്കു തന്നിട്ടുണ്ടല്ലോ.

രണ്ടു പെട്ടിക്കടയും, ഒരു കള്ളുഷാപ്പും, ഒരു എസ്സ്‌.റ്റി.ഡി. ബൂത്തും ഉള്ള നമ്മുടെ നാട്ടു കവലകലോന്നില്‍ പുസ്തകക്കെട്ടുകളോ, ബാഗോ, മാറോടണച്ച്‌, ആകെ ചൂളിപ്പിടിച്ച്‌ മണ്ണിനെ നോവിക്കാതെ നടന്നു നീങ്ങുന്ന എണ്ണ മയിലികള്‍ക്കിടയില്‍, തലയില്‍ ചുറ്റികെട്ടിയ ബഹുവര്‍ണ്ണ സ്കാര്‍ഫും മിനി സ്കേര്‍ട്ടുമായി, ഒരു കൊച്ചുഭൂമി കുലുക്കം പോലൊരു ആമസോണ്‍ സുന്ദരി - ആ രംഗം ഭാവനയില്‍ കണ്ടപ്പോള്‍ എനിക്കുവന്നത് ചിരിയാണ്‌.

കേരളം പോലൊരു സ്ഥലത്ത്‌ നമ്മള്‍ രണ്ടുവട്ടം കൂടുതല്‍ തുമ്മിയാല്‍ പോലും, "എന്തേ പനി പിടിച്ചോ? എന്ന് ചോദിക്കാന്‍ തലകള്‍ നീട്ടുന്ന അയല്‍ക്കാരുടെ ഇടയില്‍, ഒരാളുടെ രണ്ടാം ഭാര്യയായി, അയാളുടെ കുടുംബം അറിയാതെ ജീവിക്കാമെന്നോക്കെ സ്വപ്നം കണ്ടിരിക്കുന്ന സൂസനെപറ്റി ആലോചിച്ചപ്പോള്‍ "ഇത്രയും പൊട്ടിയാണോ ഇവള്‍" എന്നോര്‍ത്തു കുപ്പിയിലെ കോള മുഴുവനാക്കാതെ ഞാന്‍ മിഴിച്ചിരുന്നു. "പ്രണയത്തിനു കണ്ണു പണ്ടേ ഇല്ലല്ലോ" എന്ന് കൂട്ടുകാരി ഒരു തമാശ പറയാന്‍ നോക്കി.

ഇനിയിപ്പോള്‍ ശങ്കു ചതിക്കുമോ ഇല്ലയോ? ചതിക്കപ്പെടു സൂസന്‍ മറ്റൊരു കണ്ണകി ആവുമോ? ശങ്കു സൂസനെ നാട്ടിലേക്ക്‌ കൊണ്ടു പോകുമോ?

ഉത്തരങ്ങള്‍ക്കായി ഞാനും കാത്തിരിക്കുന്നു.

Thursday 30 July 2009

അവന്‍ കാത്തിരിക്കുകയാണ്, അവളും


കഴിഞ്ഞ വര്‍ഷത്തെ 'കേരളപത്ര'ത്തില്‍ വന്ന ആര്‍ട്ടിക്കിള്‍ .

seema speaking എന്ന കോളത്തില്‍ നിന്ന്‌.


Wednesday 29 July 2009

മഴവില്ലിന്ടേ അറ്റം


മഴവില്ല് ഭൂമിയില്‍ തോടുന്നിടത് നിധിയുണ്ടാവുമെന്നൊരു വിശ്വാസമുണ്ട്‌. അത് ശരിയാനെങ്ങില്‍ ഇപ്പോള്‍ നിധിയിരിക്കുന്നത് എന്റെ ഓഫീസിന്റെ മുകളില്‍. കാര്‍ പാര്‍ക്കില്‍ നിന്നുമൊരു ദൃശ്യം.

Tuesday 28 July 2009

ആത്മാവ്‌

കിതച്ചു കിതച്ചു കയറ്റം കയറി വരുന്ന ശവമടക്ക് വാന്‍ അന്തിവേളിച്ചതില്‍ ഒരു കിഴവന്‍ മാലാഖയെ പോലെ തോന്നിച്ചു.

‘’ഇന്ന് ആരുടെ ശവം കെട്ടിവലിക്കാനാണാവോ ’’ ശൈത്യത്തിന്റെ അളളിപ്പിടുത്തം പൂര്‍ണമായും വിട്ടുമാറാത്ത ബാല്‍ക്കണി റയില്‍ ചാരി നിന്നു ഡെബ്ബി പിറുപിറുത്തു കൊണ്ടേയിരുന്നു.

‘’ഇനിയിപ്പോ ശവമൊക്കെ കൊണ്ടു പോയിക്കഴിഞ്ഞേ ചായ വിളബൊള്ളായിരിക്കും . നല്ല അസ്സല്‍ വിക്ടര്യന്‍ സ്പോന്ജ് കേക്കില്‍ ആപ്രികോട്ടു ജാം തേച്ചു തിന്നാന്‍ വേണ്ടി ഇനി എത്ര നേരം കാത്തിരിക്കണമോ ആവോ . കിഴവന്‍ വര്‍ഗത്തിന് ചാവാന്‍ കണ്ട ഒരു നേരം ’’ കേക്കിന്റെ മണം വല്ലതും വരുന്നുന്ടോ എന്ന് അവര്‍ ഒന്നു കൂടി മൂക്ക് വിടര്‍ത്തി നോക്കി.

അടച്ചിട്ട വാതില്‍ തുറന്നു അപ്പോള്‍ അതാ വൃദ്ധ സദനത്തിന്റെ മാനെങരും വെള്ള കോട്ട് ഇട്ട ഒന്നു രണ്ടു പേരും ഉള്ളില്‍ വരുന്നു . ‘മാനെര്സ് ഇല്ലാത്ത വര്‍ഗം ,ഇവട്ടകല്‍ക്കൊന്നു മുട്ടിയലെന്താ?'' ഡെബ്ബി ഒറ്റ പ്രാക്ക് വെച്ചു കൊടുത്തു .

'പാവം, ഉറക്കമാനെന്നെ തോന്നൂ ’ കിടക്കയില്‍ കിടക്കുന്ന രൂപത്തെ ചൂണ്ടി നേഴ്സ് പറഞ്ഞു .

ചായ ഉടനൊന്നും കിട്ടാന്‍ വഴിയില്ലെന്ന് മനസ്സിലാക്കി ഡെബ്ബി ബാല്‍കണിയില്‍ നിന്നോരു ചാട്ടം വെച്ചു കൊടുത്തു . എന്നിട്ടാ താഴ്വരത്തിലൂടെ പര്രന്നു , പര്രന്നു , അങ്ങിനെ …..

(ഒരു ഇംഗ്ലീഷ് writing ഗ്രൂപ്പിലെ എക്ക്സേര്സയിസിനു വേണ്ടി എഴുതിയത്. ഒറിജിനല്‍ താഴെ .)

Soul


The van bearing the funeral home logo came to a halt at the entrance. Two uniformed men emerged with a stretcher.

‘Wonder whose turn its’ today?’ Debbie wondered, perching on the sill and enjoying the weak winter sun. She hoped that the tea wont get delayed today.

Then the door knobs turned and someone entered. No knocking.

‘Mind your bloody manners’ she felt like yelling.

‘There she is, so peaceful, as if asleep’ the young care assistant whispered, nodding at the figure on bed.

Guessing that tea was going to be very very late, Debbie took off through the window.

Monday 27 July 2009

കുഞ്ഞു കാര്യങ്ങളുടെ തമ്പുരാട്ടി

ഇന്നലെ, ഒത്തിരി തിരക്കുകള്‍ക്കിടയിലും സമയവും പൈസയും മുടക്കി അമേരിക്കയില്‍ നിന്നു വിളിച്ചു ഒരു ബ്ലോഗ് തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ച്‌, എന്റെ പോട്ടത്തരന്ങളൊക്കെ അപാര ക്ഷമയോടെ കേട്ട്‌, വിഡ്ഢി ചോദ്യങ്ങള്‍ക്കൊക്കെ സീരിയസ് ഉത്തരങ്ങള്‍ തന്ന് എന്നെ ഇവിടെ എത്തിച്ച 'പനയോലകളിലെ' റിനിക്ക് സമര്‍പ്പണം.

എന്റെ വാക്കുകളും എഴുത്തും നിങ്ങളെ വേദനിപ്പിച്ചാലോ, irritate ചെയ്താലോ ഒക്കെ പുള്ളിക്കാരിയോട് പറഞ്ഞാല്‍ മതി.

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!