Wednesday, 9 September 2009

വാര്‍ദ്ധക്യമേ ഞാന്‍ "ബിസി''യാ

പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളീ മേയ്‌ 2008)

ഉദയ സൂര്യന്റെ മുഴുവന്‍ ഉന്മേഷവും ഏറ്റുവാങ്ങി, പൂച്ചയോടും, പ്രാവിനോടും, എന്നു വേണ്ട റോഡില്‍ കാണുന്ന സകല ജീവജാലങ്ങളോടും കുശലം ചോദിച്ച്, കമ്മ്യൂണിറ്റി കോളേജിലേക്ക് കൈ കോര്‍ത്ത് നടന്നു പോകുന്ന മൈക്കിളും മാര്‍ത്തയും അടുത്ത കാലത്തായി ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാതദൃശ്യങ്ങളില്‍ ഒന്നാണ്.

ഷേവ് ചെയ്ത് തുടുത്ത മുഖം. ഹെയര്‍ ജെല്‍ തേച്ച് ചീകി വച്ച മുടി. സ്വര്‍ണ്ണക്കണ്ണട. വയ്പ് പല്ല് കാണിച്ചുള്ള ചിരി. മൈക്കിള്‍ ഒരു സുന്ദരനാണെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ. പൊക്കം കുറഞ്ഞ് അല്പമൊരു മുടന്തോടെ ബ്യൂട്ടി പാര്‍ലറില്‍ പോയി ബ്ളോ ഡ്രൈ ചെയ്തെടുത്ത വെള്ളിത്തലമുടിയും ഔട്ട് ഓഫ് ഫാഷനായ വെല്‍ വെറ്റ് കോട്ടുകളും മാച്ചിംഗ് ഷൂസും തിളങ്ങുന്ന കണ്ണുകളും കൂടി ആകപ്പാടെ ഒരു "വിന്റേജ്'' ലുക്കോടെ മാര്‍ത്ത.

"ആ വയസ്സനും വയസ്സിയും'' എന്ന് ഞങ്ങള്‍ ഒരല്പം ക്രൂരതയോടെയും, പഴുത്ത ഇലയെ നോക്കി ചിരിക്കുന്ന പച്ച ഇലയുടെ പുഛത്തോടും കൂടി വിശേഷിപ്പിക്കാറുള്ള ഇവരുടെ യാത്രകള്‍ കുറെക്കാലം ഞങ്ങളുടെ സ്പെക്കുലേഷന്‍സിനും അസ്സിമിലേഷന്‍സിനും വിഷയമായിരുന്നു.

ക്യൂരിയോസിറ്റി അവസാനം ക്യാറ്റിനെ കൊല്ലുമെന്നായപ്പോള്‍ ഞങ്ങള്‍ തന്നെ മുന്‍ കൈയെടുത്ത് വാതിലില്‍ നിന്ന് പുറത്തേയ്ക്ക് തലനീട്ടി ഒരു "ഹലോ'' പറഞ്ഞു നോക്കി. തിരിച്ചു വന്നത് 1,000 വാട്ടുള്ള രണ്ടു "ഹലോ''. ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം തന്നെ തന്നതു പോലെ.

ബ്രിട്ടീഷ്കാരന്റെ സ്വന്തമായ റിസര്‍വേഷന്‍സ് ("ജാട'' എന്നു വേണമെങ്കില്‍ നമുക്ക് റഫായി ട്രാന്‍സലേറ്റ് ചെയ്യാം) ഒന്നുമില്ലാതെ മൈക്കിളും മാര്‍ത്തയും ഞങ്ങളുടെ കൂട്ടുകാരായി.


ഒന്നാന്തരം ഒരു "ഹാന്‍ഡിമാന്‍-കം-കാര്‍പെന്റര്‍'' ആണ് മൈക്കിള്‍. മാര്‍ത്ത റിട്ടയര്‍ ചെയ്ത സ്കൂള്‍ ടീച്ചര്‍. മക്കള്‍ മൂന്നു പേരും സ്വന്തം കൂടുകള്‍ ഉണ്ടാക്കി പറന്നു പോയതോടെ പ്രാരാബ്ധങ്ങള്‍ എല്ലാം ഒഴിഞ്ഞു കിട്ടിയ വയസ്സുകാലം സന്തോഷത്തോടെ ആഘോഷിക്കുന്ന ദമ്പതികള്‍. വളരെ പോസിറ്റീവ് ആയ ഒരു അപ്രോച്ച്. ഒത്തിരി പ്രകാശവും, നിറങ്ങളും പ്രസാദവും നിറഞ്ഞ ലോകം.

ഒരു നോര്‍മല്‍ സെമിഡിറ്റാച്ഡിന്റെ പടി കടന്നെത്തുമ്പോള്‍ പേരക്കുട്ടികളുടെ ചിരിക്കുന്ന ഫോട്ടോകള്‍ക്കു നടുവില്‍ ചുവരില്‍ വലുതായി ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന വാചകം - "Life is too short to cry over'' - ഇതാണ് ഞങ്ങളുടെ ഫിലോസഫിയെന്ന് കുണുങ്ങി ചിരിയോടെ മൈക്കിള്‍.

ലിവിംഗ് റൂമില്‍ നിരത്തി വച്ചിരിക്കുന്ന ക്യൂറിയോസ്, ജഗ്സ്, ധാരാളം പെയിന്റിംഗ്സ്, സ്റാമ്പ് ആല്‍ബങ്ങള്‍, റ്റീപോയ് നിറഞ്ഞു കവിയുന്ന മാഗസിനുകള്‍, ഒരു സൈഡ് ടേബിളില്‍ ഒതുങ്ങിയിരിക്കുന്ന വയലിന്‍, പ്രൌഢിയോടെ പിയാനോ, നിലയ്ക്കാതെ പാടുന്ന ഗ്രാമഫോണ്‍, ബ്രസീലിയന്‍ കാട് അപ്പാടെ പറിച്ചു നട്ട പോലെ പച്ച പിടിച്ച കണ്‍സര്‍വേറ്ററി, അടുക്കളയില്‍ നിന്നും ഒഴുകിയെത്തുന്ന കൊതിപ്പിക്കുന്ന സുഗന്ധം - മൈക്കിളിന്റെയും മാര്‍ത്തയുടെയും മനോഹര ലോകം.

ചെറുപ്പത്തിന്റെ തിരക്കുകളിലും, സാമ്പത്തിക ഞെരുക്കങ്ങളിലും നടക്കാതെ പോയ താല്പര്യങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നു ഇവര്‍ ദിവസം മുഴുവനും. ഓരോ വര്‍ഷവും ഒരു പുതിയ സ്കില്‍ പഠിക്കുക - മനസ്സിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ ഒരു മൈക്കിള്‍-ടിപ്പ്. മൈക്കിള്‍ ഈ വര്‍ഷം പഠിക്കുന്നത് ബാള്‍ റൂം ഡാന്‍സിംഗ്. മാര്‍ത്തയുടെ ഇന്ററസ്റ് കര്‍ട്ടന്‍ മെയ്ക്കിംഗ്.

അടുത്തുള്ള കുറച്ചു കുട്ടികളുടെ വയലിന്‍ ട്യൂട്ടര്‍, ഹോസ്പിറ്റലിലെ വാര്‍ഡുകളില്‍ രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്ന വോളണ്ടീയര്‍, ചര്‍ച്ച് ക്വയറിലെ ആക്ടീവ് മെംബര്‍... മാര്‍ത്തയ്ക്ക് ദിവസങ്ങള്‍ക്ക് നീളം കുറവായ കുഴപ്പമേയുള്ളൂ. കുക്കിംഗും, കാര്‍ മെക്കാനിസവും, സ്റാമ്പ് കളക്ഷന്‍, ഡോഗ് ബ്രീഡിംഗ് എന്നീ ഹോബികളും കുറച്ച് ഫ്രീലാന്‍സ് കാര്‍പെന്ററി വര്‍ക്കും കൂടി ആവുമ്പോള്‍ മൈക്കിളും വെരി ബിസി. തിരക്കുകള്‍ക്കിടയ്ക്ക് "ഓള്‍ഡ് ഏജിനു'' കൊടുക്കാന്‍ തല്ക്കാലം അപ്പോയ്ന്റ് മെന്റില്ല എന്നു മൈക്കിള്‍.

നമ്മള്‍ മലയാളികളുടെ ഒരു ടിപ്പിക്കല്‍ വീക്ഷണ ആംഗിളില്‍ കൂടി നോക്കിയാല്‍, ഈ വയസ്സു കാലത്ത് ഇവര്‍ക്കു വല്ല നാമവും ജപിച്ചിരുന്നു കൂടെ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. ചെറുപ്പകാലം മുഴുവന്‍ കഷ്ടപ്പെട്ടു, കാലത്തു മുതല്‍ രാത്രി വരെ ജോലി ചെയ്ത്, കുട്ടികളെ പഠിപ്പിച്ച് അവരെ കല്യാണം കഴിച്ചു കൊടുത്തു കഴിഞ്ഞാല്‍, "ഇനിയെന്തു ജീവിതം'' എന്നൊരു തണുപ്പന്‍ മട്ടല്ലേ പൊതുവെ നമുക്ക്.

അയല്‍പക്കക്കാരനെക്കാള്‍ ഒരു നൂറു സ്ക്വയര്‍ ഫീറ്റെങ്കിലും വലുതാക്കി കെട്ടി ഉയര്‍ത്തിയ കൊട്ടാരത്തില്‍ സുഖസൌകര്യങ്ങള്‍ക്കു നടുവില്‍, "കണ്‍സ്ട്രക്റ്റീവ്'' ആയോ, "ക്രിയേറ്റീവ്'' ആയോ യാതൊന്നിലും താല്പര്യം ഇല്ലാതെ, "വയസ്സായില്ലേ, ഇനി എന്തു ജീവിതം'' എന്ന പോളിസിയുമായി ജീവിക്കുന്ന ധാരാളം വൃദ്ധദമ്പതികളെ കാണാറുണ്ട് നാട്ടില്‍ ചെല്ലുമ്പോളൊക്കെ.

ഒരു ടിപ്പിക്കല്‍ കുശലാന്വേഷണം ഇങ്ങനെയായിരിക്കും.
"എന്താ സൂസി ആന്റീ, സുഖമല്ലേ?''
"ഓ, എന്തു സുഖം. ഇങ്ങനെ ജീവിച്ചു പോകുന്നു, മരിക്കുന്നതുവരെ''
"അയ്യോ ആന്റീ, അത്രയ്ക്കു വയസ്സൊന്നുമായില്ലല്ലോ. അസുഖം വല്ലതും?''
"ഓ, അസുഖം മനസ്സിനാണെന്നേ''
"വീട്ടില്‍ കാര്യങ്ങള്‍ ഒക്കെ?''
"ഓ, പണിക്ക് ആളൊക്കെയുണ്ട്; അവര്‍ കാലത്തു തന്നെ എന്തെങ്കിലും വച്ചുണ്ടാക്കി തരും. കഴിക്കാന്‍ ആര്‍ക്കാ താല്പര്യം?''
"ആന്റീ, മക്കള്‍ക്ക് എപ്പോഴും അടുത്തിരിക്കാന്‍ പറ്റുമോ? അവര്‍ക്കും ജോലി ഉള്ളതല്ലേ?''
"അതു ശരിയാ''
"അപ്പോള്‍ പിന്നെ ആന്റിക്കും, അങ്കിളിനും പുറത്തൊക്കെ പോയി പണ്ടത്തെ കൂട്ടുകാരെയൊക്കെ കണ്ടു വന്നുകൂടേ? ഇടയ്ക്കൊക്കെ ഒരു ഔട്ടിംഗ് ഒക്കെ ആയാല്‍ ഒരു സന്തോഷമല്ലേ? കാറും ഡ്രൈവറും ചുമ്മാ കിടക്കുകയല്ലേ?''
"ഓ, എന്തോന്ന് ഔട്ടിംഗ്? മനസ്സിനൊരു സന്തോഷവുമില്ലെന്നേ''
"ആന്റീ, മനസ്സിനു സന്തോഷം നമ്മള്‍ ഉണ്ടാക്കുന്നതല്ലേ, ഇങ്ങിനെ വീട്ടില്‍ അടച്ചിരുന്നാല്‍ സന്തോഷം ഉണ്ടാവുമോ?
"ഓ, ഇത്ര വയസ്സായിലല്ലേ?''

ബാക്ക് ടു പവലിയണ്‍.

ഇന്ത്യയും യൂറോപ്പും തമ്മിലുള്ള കള്‍ച്ചറല്‍ ഡി ഫറന്‍സ് എന്നൊക്കെ കാരണങ്ങള്‍ നിരത്താമെങ്കിലും നമ്മള്‍ മാര്‍ത്തയെയും, മൈക്കിളിനെയും പോലെ ആവണോ, അതോ സൂസി ആന്റിയെപ്പോലെ ആവ ണോ എന്നു തീരുമാനിക്കുന്നത് നമ്മള്‍ തന്നെയല്ലേ?

14 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സീമാ,

നല്ല വിവരണവും നിരീക്ഷണവും.സോഷ്യൽ ലൈഫ്( സാമൂഹിക ജീവിതം)ത്തിന്റെ അഭാവമാണു പ്രായമെറുമ്പോൾ മനുഷ്യനെ ഒറ്റപ്പെടുത്തുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട്.ചെറുപ്പകാലങ്ങളിൽ സ്വന്തം കാര്യം മാത്രം നോക്കി, സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നവർ വേഗം നിരാശരായി മാറുന്നു.നമ്മുടെ രാഷ്ട്രീയ നേതാക്കളെ നോക്കു.മറ്റെന്തൊക്കെ കുറ്റങ്ങൾ നമ്മൾ അവരിൽ ആരോപിച്ചാലും 80 -85 വയസ്സിൽ പോലും അവരിൽ മിക്കവരും ഊർജ്ജസ്വലരും ചിന്താശേഷി ഉള്ളവരുമാണ്.ജനങ്ങളുമായി ഒട്ടി നിന്നുള്ള ഒരു ജീവിതമാണ് അതിനവരെ പ്രേരിപ്പിക്കുന്നത്.

നമ്മുടെ ജീവിത വീക്ഷണങ്ങളിൽ മാറ്റം വരേണ്ടിയിരിക്കുന്നു.

bhoolokajalakam said...

good work

അരുണ്‍ കായംകുളം said...

സീമാ, നന്നായിരിക്കുന്നു.നല്ല വായനാ സുഖം ഉണ്ട്

Seema Menon said...

സുനില്‍ കൃഷ്ണാ.. നന്ദി. സോഷ്യല്‍ ലൈഫില്‍ നിന്നും അകന്നു പോകുന്നത് ഒരു പ്രശ്നമാണ്. പക്ഷെ നമ്മള്‍ തന്നെ അത് മനസ്സിലാക്കി അതിന് പരിഹാരം കാണണം അല്ലേ?
ബൂലൊഗജാലകം:നന്ദി.
അരുൺ: നന്ദി.
എല്ലവരൊടും: നാട്ടിൽ പൊവുകയാണു നാളെ. ഇനി കുറച്ചു ദിവസത്തേക്കു ഇവിടെ ആളനക്കം കാണില്ല ട്ടൊ.

മാണിക്യം said...

ഇന്ന് പുറത്ത് പോകണമായിരുന്നു അല്‍പ്പം ദൂരെയാണ് രണ്ടു ബസ്സ് മാറികയറി ഒന്നര മണിക്കുര്‍ യാത്ര തിരികെ വരുമ്പോള്‍ മിനിറ്റു വിത്യസത്തില്‍ ഒരു ബസ്സ് പോയി എന്റെ അടുത്ത ബസ്സ് വരാന്‍ അരമണിക്കുര്‍... ബസ്സ് വന്നു നില്‍കുന്നത് ഒരു പാര്‍ക്കിനു നാലുവശത്തുമായിട്ടാണ് ഓരോ സ്ഥലത്തേയ്ക്കുമുള്ള ബസ്സ് നമ്പര്‍ പ്രകാരം നിര്‍ത്തിയിടും സ്റ്റോപ്പില്‍ ബസ്സിന്റെ ഒരു ദിവസത്തെ യാത്രാ സമയം കുറിച്ചിരിക്കും എല്ലാ 30 മിനിട്ടും, തിരക്കുള്ള പ്രഭതത്തിലും സായാഹ്നത്തിലും എല്ലാ 15 മിനിട്ടിനും ബസ്സുണ്ട്
ഞാന്‍ അവിടെ എത്തിയപ്പോള്‍ എതാണ്ടുച്ചസമയം.
പാര്‍ക്കിലെ ബഞ്ചുകള്‍ നിറയെ ആളുകള്‍ ഒരു വശത്ത് ഒരു കൂട്ടം ആളുകള്‍ നിന്ന് ഗിത്താറും ഡ്രമ്മും ഒക്കെയായി പാടുന്നു. പാട്ട് കേട്ടിരിക്കുന്നതോ ഒക്കെയും 65 മുതല്‍ മുകളിലെക്ക് പ്രായമുള്ള സീനിയര്‍ സിറ്റിസണ്സ്!! .. ചെറിയ കുട്ടികളെ പോലെ സന്തോഷമായി ചിരിച്ചു പ്രസന്ന വദനരായി ..മറ്റൊന്നു അവര്‍ക്കും ചുറ്റും ധാരാളം പ്രാവുകള്‍ ചിലര്‍ അവയ്ക്ക് തീറ്റയും ഇട്ടു കൊടുക്കുന്നു. എനിക്ക് ആ പാര്‍ക്ക് മുറിച്ചു കടക്കണമായിരുന്നു. കടന്നു പോകുമ്പോള്‍ എല്ലാവരും തന്നെ "ഹലോ ഹൌ ആര്‍ യൂ?" .. "എ വെരി നൈസ് ഡേയ്!" എന്നൊക്കെ അഭിവാദനം ചെയ്തു കൊണ്ടെ ഇരുന്നു...

അപ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ കുഴമ്പു മണക്കുന്ന വെട്ടം അരിച്ചെത്തുന്ന കൊച്ചു മുറിയില്‍ ആരേലും കൊണ്ട് കൊടുത്തിട്ട് ഭക്ഷണം കഴിക്കാന്‍ നോക്കിയിരിക്കുന്ന ഇത്രയൊന്നും പ്രായമില്ലത്ത ആള്‍ക്കാരെ ഓര്‍ത്തു ..

ഇവിടെ കാലത്തെ ഇറങ്ങി ടിം-ഹോര്‍ട്ടിനില്‍ പോയി ഒരു കാപ്പി കുടിച്ചു നടന്നു വരും മുത്തശ്ശിമാരും മുത്തശന്മാരും, അതുകൊണ്ട് പരാതിയും പരിഭവവും ഇല്ലാതെ ചിരിച്ചും സംസാരിച്ചും പള്ളിയിലും പാര്‍ക്കിലും ഷോപ്പിങ്ങ് മാളിലും ഏതു നേരവും ജീവിതം ആസ്വദിക്കുന്ന മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നാ മുതിര്‍ന്നവര്‍ :)
Age gracefully!
Be plesent :)
Be happy.:-).
Keep smiling ..:-))


സീമാ നല്ലൊരു അവധിക്കാലം ആശംസിക്കുന്നു

Santosh said...

എനിക്കുണ്ടൊരു ബക്കറ്റ്‌ ലിസ്റ്റ്.
പക്ഷെ ഈ തിരക്ക് പിടിച്ച ജീവിതചര്യ (പരക്കം പാച്ചില്‍) കൊണ്ട് അങ്ങോട്ട്‌ എത്തുമ്പോഴേക്കും അടിച്ചു പോവുമോ എന്ന് മാത്രമാണ് പേടി. ഹ ഹ ഹ

പിന്നെ, കാഴ്ചപ്പാട് മാറേണ്ടത് തന്നെ. കേരളത്തിന്റെ 'സുഷുപ്തി'യില്‍ നിന്നും മാറി ജീവിച്ചവര്‍ക്ക് (ജീവിതത്തിന്റെ നല്ലഭാഗം - പേരക്കുട്ടികളെ നോക്കലല്ല) അതിനു വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് എന്റെ തോന്നല്‍ - ഒരുപക്ഷെ എന്റെ പരിമിതമായ വീക്ഷണം ആവാം.

വിഷ്ണു said...

നല്ല വിവരണം. സാധാരണ ഇതു പോലുള്ളവരുടെ കൂട്ടിനു ഒരു സുന്ദരന്‍ പട്ടി കുട്ടിയും കാണും !!ഒരു ഫോട്ടോ കൂടെ ചേര്‍ക്കാമായിരുന്നു !!

Captain Haddock said...

നല്ല പോസ്റ്റ് ചേച്ചി ‌. എന്‍റെ അച്ഛന്നും അമ്മയും ഏതാണ്ട് ഇതേ മൈകിള്‍ ചുള്ളന്‍ ആന്‍ഡ്‌ മാര്‍ത്ത കുട്ടി ലൈനിലാ ഇപ്പം. അടിപൊളി ലൈഫ്. ഞാന്‍ വയസകാന്‍ കാത്തിരിക്കുന്നു, കുറെ പരിപാടി ലിസ്റ്റില്‍ ഉണ്ട്

bhoolokajalakam said...

ഇതില്‍ നല്ലൊരു സന്ദേശമുണ്ട് അഭിനന്ദനങ്ങള്‍

കുമാരന്‍ | kumaran said...

:)

bilatthipattanam said...

ബിലാത്തി മലയാളിയില്‍ വായിച്ചിരുന്നു.
കൊള്ളാം നല്ല എഴുത്തായിരുന്നു...കുറച്ചു അവതരണഭംഗി കൂടി വരത്താം..കേട്ടോ.......

മുസാഫിര്‍ said...

55 വയസ്സായി റിട്ടയര്‍ ആവുമ്പോഴേക്കും അയ്യോ ജീവിതം കഴിഞ്ഞു,ഇനി മറ്റൂള്ളവര്‍ക്കു ഭാരമാവാതെ അങ്ങു പോയാല്‍ മതി എന്നാണു നാട്ടില്‍‍ ചിലരുടെയെങ്കിലും മനസ്സിലിരിപ്പ്.പക്ഷെ കൃഷി മുതലായ കാര്യങ്ങളില്‍ മനസ്സു ചെലുത്തി ആക്ടീവ് ആയി ജീവിക്കുന്ന ഒരു ചെറിയ ശതമാനവും ഉണ്ട്.നല്ല എഴുത്ത്,സീമ.

ഗുപ്തന്‍ said...

ഹഹഹ.. അപ്പോള്‍ ഇങ്ങനെയൊക്കെ പോണൂന്ന് പറയുന്നത് ഒരു വീക്ക്നെസ്സ് ആണല്ലേ.. യെന്റെയൊരു കാര്യം..

അതു പോട്ടെ. പ്രസക്തമായ കുറിപ്പ്.

*********

ബൂലോകം ഓണ്‌ലൈനിലെ കുറിപ്പ് കണ്ടിരുന്നു. വൈകി. വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. നല്ല വാക്കുകള്‍ക്ക് നന്ദി. ഒരു മെയിലിടാന്‍ നോക്കിയപ്പോള്‍ പറ്റുന്നില്ല. (Saw the messenger link. But couldn't get the mail address)

Seema Menon said...

മാണിക്കം ചേച്ചി: നന്ദി. നമ്മളെ അപേക്ഷിചു ഇവിടത്തെ ആളുകൾ കുറച്ചു കൂടി self reliant ആണെന്നു തോന്നുന്നു, പിന്നെ സമൂഹതിന്റെ മുന്വിധികളും ഇവിടെ കുറവാണല്ല്ലൊ.
സന്തോഷ്: ശരിയാണു. ലോകപരിചയം കൂടും തൊറും പരാതികൾ കുറയും.
വിഷ്ണു: ഞാൻ ഇവിടേ സമാധാനത്തൊടെ ജീവിച്ചു പോവുന്നതു സഹിക്കുന്നില്ല അല്ലെ. ഇനി അവരുടെ ഫോട്ടോ എടുത്തു എന്റെ ബ്ലൊഗിലിട്ടു അവരുടെ പ്രിവസി കളഞു എന്നു പറഞു നാട്ടുകരൊക്കെ കൂടി എന്നെ തല്ല്ലികൊന്നേനെ!.
ക്യാപ്റ്റൺ: വെഗം വയസ്സായി കാര്യപരിപാടികൽ പുറത്തെടുക്കൂ.നന്ദി.
ബൊലോഗജാലകം, കുമാരൺ:നന്ദി
ബിലാത്തിപട്ടബ്ബം: നന്ദി
മുസാഫിർ:‘’സ്വന്തം കാര്യം മാത്രം നൊക്കി ജീവിച്ചു വന്ന ഉദ്യോഗസ്തർരകാണെനു തൊനുന്നു ഒറ്റപ്പെടൾ കൂടുതൽ ഉണ്ടാവുന്നത്. ങനെ അല്ലാത്തവർ ഉണ്ടാവട്ടെ.
ഗുപ്തൻ: നന്ദി. ഇമെയിൽ :seemamenon2005@yahoo.co.uk

വൈകിയതിനു എല്ലാവർക്കും സോറി..നാട്ടിൽ നിന്നും എത്തിയതേ ഉള്ളു...

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!