Saturday, 10 October 2009

ലുബ്നയുടെ ഡൈവോഴ്സ്‌ - ഒരു ഫ്ലാഷ്‌ ബാക്ക്‌

( പൊടിപ്പും തൊങ്ങലും- ബിലാത്തി മലയാളീ ജൂണ്‍ 2008)

ബ്രസീലിയന്‍ നോവലിസ്റ്റ്‌ പൗലോ കൊയ്‌ലോയ്ക്ക്‌ ദുബായ്ക്കാരി ലുബ്നാ ലത്തീഫിന്റെ ഡൈവോഴ്സിലുള്ള പങ്കെന്താണ്‌? വിവാഹേതരബന്ധം, വയസ്സുകാലത്തെ ഒരു റൊമാന്‍സ്‌ എന്നൊക്കെ നമ്മുടെ മലയാളിത്തലകള്‍ പുകയുന്നതിനു മുന്‍പ്‌ ലുബ്നയെക്കുറിച്ചു പറയാം.


ലുബ്ന - പേരു പോലെ ആള്‍ സുന്ദരിയാണ്‌. ദുബായില്‍ ജനിച്ച്‌, അമേരിക്കയില്‍ പഠിച്ച്‌, ഇപ്പോള്‍ ലണ്ടന്റെ സബര്‍ബകളില്‍ ജീവിക്കുന്ന നാല്‍പതുകാരി ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു "ഗ്ലോബല്‍ സിറ്റിസണ്‍" ഫ്രഞ്ച്‌ പെര്‍ഫ്യൂമിന്റെ നറുമണത്തോടൊപ്പം ആത്മവിശ്വാസത്തിന്റെയും പ്രസരിപ്പിന്റെയും തിളക്കം എപ്പോഴും ലുബ്നയെ പൊതിഞ്ഞു നില്‍ക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്‌.


പതിനഞ്ചു വര്‍ഷം നീണ്ടു നിന്ന വിവാഹജീവിതത്തിനു ശേഷം മൂന്നു പിള്ളേരും രണ്ട്‌ നായക്കുട്ടികളുമായി (ടോട്ടല്‍ മക്കള്‍ 5 എന്ന ലുബ്ന) ഡൈവോഴ്സ്‌ സെറ്റില്‍മെന്റായി ഭര്‍ത്താവ്‌ 'സമ്മാനിച്ച' വലിയൊരു വീട്ടില്‍ താമസിക്കുന്ന കാലത്താണ്‌ ഞാന്‍ ലുബ്നയെ പരിചയപ്പെടുന്നത്‌. സ്വന്തമായി തുടങ്ങിയ ഒരു ഈവന്റ്‌ കമ്പനി പച്ചപിടിപ്പിക്കാനുള്ള ഓട്ടങ്ങള്‍ക്കിടയിലായിരുന്നു അന്ന്‌ ലുബ്ന.


വല്ലപ്പോഴും ഇ-മെയില്‍ ഫോര്‍വേഡ്‌ ചെയ്യുന്ന 'വുമന്‍സ്‌ ഒണ്‍ലി' ജോക്കുകളും 'സൗന്ദര്യക്കുറിപ്പുകളും' ആണ്‌ ഇപ്പോഴും ഞങ്ങളുടെ പ്രധാന കമ്മ്യൂണിക്കേഷന്‍. പിന്നെ ചിക്കന്‍ ടിക്ക മസാലയുടെയും നവരത്ന കുറുമയുടേയും, മച്ച്‌ ബൂസിന്റെയും റെസിപ്പികളും അതുകൊണ്ട്‌ ലുബ്ന എന്റെ ആത്മാര്‍ത്ഥസുഹൃത്താണെന്ന വാചകത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.


ഒരു ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ നിന്ന്‌ ദുബായിലെത്തിയ ലുബ്നയെ എന്റെ ഒരു സഹപ്രവര്‍ത്തകയുടെ വീട്ടില്‍ വച്ചാണ്‌ ഞാന്‍ കണ്ടുമുട്ടുന്നത്‌. അറേബിയന്‍ ഊധിയന്റെ കുത്തുന്ന സുഗന്ധത്തിനിടയില്‍ ഈന്തപ്പഴങ്ങള്‍ നുണഞ്ഞ്‌, ആണുങ്ങള്‍ക്കു പ്രവേശനമില്ലാത്ത അന്തപ്പുരത്തില്‍, ഉല്ലസിച്ചാര്‍ക്കുന്ന അറേബിയന്‍ വനിതകള്‍ക്കു നടുവില്‍, പരിചയമില്ലാത്ത ഭാഷക്കും സംസ്കാരത്തിനുമിടയിലിരുന്ന്‌ വീര്‍പ്പുമുട്ടുന്നതിനിടയിലാണ്‌ ലുബ്ന എന്റെ അടുത്തെത്തുന്നത്‌ എത്രയോ കാലങ്ങളായി പരിചയമുള്ളവരെപ്പോലെ ലുബ്ന എന്നോട്‌ ഇടപഴകി. കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക്‌ ലുബ്നയുടെ ഭര്‍ത്താവും വിഷയമായി.


കുടുംബത്തെ സ്നേഹിക്കുന്ന വര്‍ഷത്തിലൊരിക്കല്‍ യൂറോപ്പിലോ, ബഹാമാസിലോ, കുടുംബവുമൊത്ത്‌ ടൂറു പോകുന്ന, ലുബ്നയുടെ ഓരോ പിറന്നാളിനും ഡയമണ്ടുകളും, പുത്തന്‍ കാറുകളും സമ്മാനിക്കുന്ന ഒരു പാവം 'ബോറന്‍' ഭര്‍ത്താവ്‌. മണി പവറും മസില്‍ പവറുമുള്ള ഒരു ലെബനീസ്‌ കുടുംബത്തിലെ അംഗം. പൊതുവേ അറബ്‌ വംശജരില്‍ കാണാറുള്ള 'എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ്‌' ഒന്നുമില്ലാത്ത ഒരു പാവത്താന്‍ 'എ ജെം ഓഫ്‌ എ മാന്‍' എന്ന്‌ ലുബ്ന.


പിന്നെന്തേ ഒരു ഡൈവോഴ്സ്‌ എന്നു ഞാന്‍ കണ്ണുമിഴിച്ചപ്പോള്‍ ലുബ്ന കൂളായി മൊഴിഞ്ഞു. "പൗലോ കൊയ്‌ലോ" ഇതുവരെ ഒരു മാധ്യമങ്ങളും കണ്ടെത്താത്ത ഒരു സ്കൂപ്പിന്റെ മണം പിടിച്ച്‌ ഞാന്‍ ഒന്നു ഉഷാറായി ചോദിച്ചു. "പറയൂ. പൗലോ കൊയ്‌ലോയെ എങ്ങനെയാണു പരിചയം?"
ഗോസിപ്പ്‌ ആന്റീനയുടെ ഫോക്കസ്‌ മനസ്സിലാക്കിയാവണം, ലുബ്ന ചിരിയോടെ പറഞ്ഞു. "പൗലോവിനെ എനിക്കു പരിചയമില്ല. പുള്ളിയുടെ ആല്‍ക്കെമിസ്റ്റ്‌ എന്ന പുസ്തകമാണ്‌ ഡൈവോഴ്സിനു കാരണം."


തനിക്കുള്ളതെല്ലാം വിറ്റ്‌ സ്വപ്നത്തില്‍ കണ്ട നിധിയെ തേടി (ആത്മസാക്ഷാത്കാരം എന്നു സിമ്പോളിസം) ഈജിപ്തിലേക്കു പോയ സാന്റിയാഗോ എന്ന ആട്ടിടയന്റെ കഥയാണ്‌ ആത്മീയതയും. സിംബോളിസവും, മിസ്റ്റിസിസവുമെല്ലാം ഇഴമെനയുന്ന ആല്‍ക്കെമിസ്റ്റ്‌ ആ ആട്ടിടയനായി സ്വയം സങ്കല്‍പ്പിച്ച്‌ തന്റെ സ്വപ്നങ്ങളെ പിന്‍തുടരാന്‍ തീരുമാനിച്ചു ലുബ്ന.


സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്‌, മറ്റു പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ടിനെയും വിവാഹത്തെയും പറ്റി സ്വപ്നം കാണുമ്പോള്‍, സ്വന്തമായി ഒരു ബിസിനസ്സ്‌ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയായിരുന്നു ലുബ്ന സ്വപ്നം കണ്ടത്‌. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനടിമപ്പെട്ട്‌ ഒരു ദിവസം അവര്‍ കണ്ടുപിടിച്ച ഒരാളുടെ മണവാട്ടിയായെന്നു മാത്രം വളരെ യാഥാസ്ഥിതികമായ ഭര്‍ത്താവിന്റെ കുടുംബത്തില്‍ ലുബ്ന ഒരു വീട്ടമ്മയായി ഒതുങ്ങേണ്ടി വന്നു.


15 വര്‍ഷമായി അടിച്ചമര്‍ത്തിയ ആ മോഹങ്ങളും സ്വപ്നങ്ങളും നിരാശകളുമാണ്‌ ആല്‍ക്കെമിസ്റ്റ്‌ എന്ന അഗ്നിപര്‍വ്വതമായി പൊട്ടിയത്‌. പ്രതീക്ഷിച്ചതു പോലെ തന്നെ ലുബ്നയുടെ ബിസിനസ്സ്‌ മോഹങ്ങള്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അത്ര പിടിച്ചില്ല വാശിയുടെയും ഈഗോയുടെയും തന്ത്രികള്‍ മുറുകിയപ്പോള്‍ ആല്‍ക്കെമിസ്റ്റ്‌ ഒരു നിമിത്തമായി അവര്‍ സന്തോഷത്തോടെ വഴി പിരിഞ്ഞു.


ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്‌ എന്നു പറഞ്ഞ്‌ ലുബ്ന കഥ നിര്‍ത്തിയപ്പോള്‍ ഒരു ഉഗ്രന്‍ പരദൂഷണ വിഷയം കാറ്റുപോയ ബലൂണ്‍ പോലെ ആയിപ്പോയതോര്‍ത്ത്‌ ഞാന്‍ തളര്‍ന്നിരുന്നു.
ലുബ്ന സ്വപ്നങ്ങളെ പിന്‍തുടര്‍ന്ന്‌ തന്റെ ജീവിതം ലക്ഷ്യം കണ്ടെത്തിയോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല ഉണ്ടാവാം ഉണ്ടാവാതിരിക്കാം, അത്‌ അവരുടെ പേഴ്സണല്‍ കാര്യം.


ഈ കഥയ്ക്ക്‌ ഒരു വിശ്വസനീയത ഇല്ലല്ലോ എന്ന സംശയക്കണ്ണട എടുത്തു മൂക്കില്‍ വയ്ക്കുന്നവരേ ഇതു കഥയല്ലല്ലോ. ജീവിതമല്ലേ. ജീവിതത്തെ നമുക്കു നിര്‍വചിക്കാന്‍ പറ്റുമോ എന്നു ഞാനൊരു മറുചോദ്യം ചോദിക്കട്ടെ, നിങ്ങളോട്‌.


ഒന്നു പറയാം. ഇവര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടെങ്കില്‍ അത്‌ പൗലോ കൊയ്‌ലോ മാത്രമാണ്‌. വര്‍ഷങ്ങള്‍ കുറെക്കഴിഞ്ഞിട്ടും. ലുബ്നയോ ഭര്‍ത്താവോ വേറെ വിവാഹം കഴിച്ചിട്ടില്ല.
ഭര്‍ത്താവിന്റെ കൂര്‍ക്കംവലിയും ഭാര്യയുടെ ഷൂ ഷോപ്പിംഗും വരെ ഡൈവോഴ്സിനു കാരണമാകുന്ന ഈ വിചിത്ര ലോകത്തില്‍ തന്റെ നോവലും ഒരു വിവാഹബന്ധത്തിന്‌ കത്തിവെച്ച കാര്യം പൗലോ കൊയ്‌ലോ അറിഞ്ഞോ ആവോ?


എന്തായാലും, ഭാര്യമാരെക്കൊണ്ടു പൊറുതിമുട്ടിയെന്ന്‌ മുട്ടിനു മുട്ടിനു പരാതി പറയുന്ന ഭര്‍ത്താക്കന്മാരേ അവസാനത്തെ അടവായി, ആല്‍ക്കെമിസ്റ്റിന്റെ ഒരു കോപ്പി വാങ്ങി ഭാര്യക്ക്‌ സമ്മാനമായി കൊടുത്ത്‌ ഭാഗ്യം പരീക്ഷിക്കാം പാവം ഭാര്യമാര്‍ രക്ഷപെടട്ടെ!

27 comments:

Seema Menon said...

ലുബ്നയും പൌലൊയും ആട്ടിടയനും..

നിഷാർ ആലാട്ട് said...

ഈ കര്യം മനസിലുണ്ടായിരുന്നു

ഇപ്പൊഴാന്നു നേരറിഞ്ഞത്


നന്ദിയുണ്ട്

ആലാടൻ

ചാറ്റല്‍ said...

കളിയായാലും കാര്യമായാലും സാന്തിയാഗോയുടെ ബാധ കയറിയവര്‍ ഇനിയുമുണ്ടെന്നത് സന്തോഷംതന്നെ

മാണിക്യം said...

ലുബ്നയുടെ കഥ ഇതിനു മുന്നെ വായിച്ചിരുന്നു ......
കുറെ ഒക്കെ സത്യം തന്നെ "പൗലോ കൊയ്‌ലൊയുടെ ആല്‍‌‍ക്കെമിസ്റ്റ്" ഭാര്യമാര്‍ക്ക് ഇനി സമ്മാനമായി വാങ്ങിക്കൊടുക്കാന്‍ എത്രപേര്‍ക്ക് ഇനി ധൈര്യം വരും?

വിന്‍സ് said...

ഹോ ഭാഗ്യം...ഭാര്യയെ ഒഴിവാക്കണം എന്നു തോന്നിയാ ഇനി ഈ ബുക്കൊരെണ്ണം വാങ്ങിച്ചു കൊടുത്താ മതിയല്ലോ.

യാരിദ്‌|~|Yarid said...

ആ ഭർത്താവ് രക്ഷപ്പെട്ടെന്ന് പറയുന്നതായിരിക്കും കൂടുതൽ ചേർച്ച...;)

മാഹിഷ്‌മതി said...

കൊയ്ലോയുടെ ബൂക്കെരെണ്ണം ഇന്നലെ വാങാൻ നോക്കിയിരുന്നു ഭാഗ്യം രക്ഷപ്പെട്ടു

അനിലന്‍ said...

അതു കലക്കി :)
കൊയ്ലോയുടെ വായിച്ച പുസ്തകങ്ങളൊന്നും അത്രയ്ക്കങ്ങ് ഇഷ്ടമായില്ല.
ആല്‍ക്കെമിസ്റ്റാണു കുറച്ചെങ്കിലും പിടിച്ചത്. അതൊരു അറബ് നാടോടിക്കഥയുടെ വികസിതരൂപമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

ചില നേരത്ത്.. said...

ഞാനെന്റെ ഭാര്യയ്ക്ക് സൽമയുടെ നോവൽ ‘ രണ്ടാം യാമങ്ങളുടെ കഥയാണ് വായിക്കാൻ കൊടുത്തത്. ഇങ്ങിനെയും ജീവിതങ്ങൾ വികസിക്കുന്നുണ്ടെന്ന മുൻ‌‌കുറിപ്പോടെ :)

Sureshkumar Punjhayil said...

Appo bharthakkanmaro..!

Manoharam, ashamsakal...!!!

ബിനോയ്//HariNav said...

വായനാശീലം കുറച്ചൂടെയൊക്കെ ഇമ്പ്രൂവ് ചെയ്യണം‌ന്ന് നല്ലപാതിയെ ഒന്ന് ഉപദേശിക്കാനിരുന്നതാ. നിര്‍ത്തി! :))

ഇട്ടിമാളു said...
This comment has been removed by the author.
ഇട്ടിമാളു said...

ആല്‍കെമിസ്റ്റ് ഭ്രാന്ത് ഇത്രത്തോളം മൂക്കാമല്ലെ...

ഒരിക്കല്‍ കത്തിവെപ്പിന് മൂച്ഛകൂടിയപ്പോള്‍ ആരെങ്കിലും അങ്ങിനെ പോവുമോ എന്നായി അവസാനത്തെ ചോദ്യം.. മൌനമായിരുന്നു ബാക്കി വന്ന ഉത്തരം ..

(വില്ക്കാന്‍ ആടുകള്‍ ഇല്ലാത്തോണ്ട് ഞാനും മിണ്ടാതിരുന്നു ..:))

പഥികന്‍ said...

സ്വപ്നങളെ തേടി യാത്രതുടങ്ങിയാല്‍ നിമിത്തങ്ങള്‍ അതിലേക്കെത്താനുള്ള വഴികാട്ടിയായെത്തും. പണ്ടെങ്ങോ ആല്‍ക്കമിസ്റ്റ് എന്റെ മനസ്സില്‍ കോറിയിട്ടതാണ് ഈ ചിന്ത. പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമ്പോഴെല്ലാം ആഗ്രഹിക്കുന്ന പരിസമാപ്തി ഉണ്ടാവാറുണ്ട്. ലുബ്നയും ആഗ്രഹിച്ചതു നേടട്ടെയെന്നു ആശംസിക്കുന്നു.

ഹാരിസ് said...

തേടി നടക്കുന്നത് സ്വന്തം കാല്‍ചുവട്ടില്‍ തന്നെയൂണ്ടായിരുന്നു എന്നത് സാന്റിയാഗോയെപ്പോലെ ലുബ്നയും ഒരിയ്ക്കല്‍...

പൗരസ്ത്യ ചിന്താധാരയെ പരിചയമുള്ളവര്‍ക്ക് പവ്ലോ കൊയ്ലൊ പുതുതായൊന്നും നല്‍കിയിട്ടില്ല എന്നാണ് എനിയ്ക്ക് തോന്നുന്നത്

Vinod Nair said...

excellent , well there are many lubnas in society , including me, the problem is courage to take decisions , we cannot judge her decision, i read two books very closely alchemist and the monk who sold his ferrari , both gave me mixed feelings , any ways thaks for sharing such a nice short story

Captain Haddock said...

ദൈവമേ ....ഞാന്‍ എന്‍റെ പെണ്ണിന് എന്തെല്ലാം കിത്താബാ വാങി കൊടുതിരിക്കുനത് എന്ന് നോകട്ടെ ....

(നല്ല പോസ്റ്റ്‌, ചേച്ചി, ഇഷ്ടപ്പെട്ടു )

മയൂര said...

ഗാന്ധിജിയുടെ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ വായിച്ച് മാനസാന്തരപ്പെട്ട് അലയുകയും ശേഷം ജീസസില്‍ അഭയം കണ്ടെത്തുകയും ചെയ്തൊരാളിന്റെ ആത്മകഥ കേട്ടിരുന്നു. ഇത് കേട്ടപ്പോഴും ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പോഴും ലൂക്ക് 15:4 ഓര്‍ത്തു.
“നൂറ് ആടുകള്‍ ഉണ്ടായിരുന്നതില്‍ 1 ന്നെ കാണാതെ പോയാല്‍, ബാക്കി തൊണ്ണൂറ്റി ഒന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട് കാണാതെ പോയ ആ ഒന്നിനെ കണ്ടെത്തും വരെ അന്വേഷിക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്?”

ആട് എന്നത് പലര്‍ക്കും പലതാണെന്ന് മനസിലാക്കുന്നു. നന്ദി :)

വയനാടന്‍ said...

തലക്കെട്ടു കണ്ട്‌ അദ്ഭുതപ്പെട്ടാണു വായന തുടങ്ങിയതു. വായിച്ചു തീർത്തപ്പോൾ അൽപ്പം പോലും അതിശയോക്തി തോന്നിയില്ലെന്നതാണു സത്യം

പോസ്റ്റിനു നന്ദി

..::വഴിപോക്കന്‍[Vazhipokkan] said...

ഐഡിയ ഈസ് നോട്ട് ബാഡെ..
ബട്ട്, ലെഗ് ഈസ് മൈന്‍.. :)

Seema Menon said...

:)

Seema Menon said...

നിഷാർ, ചാറ്റൽ, മാണിക്കം ചേച്ചി: നന്ദി.വിൻസ്: സൂത്രപ്പണി പറഞതിന്റെ ഗുരുദക്ഷിണ കിട്ടിയില്ലാ..യാരിദ്: കാഴ്ച്പ്പടുകൽ..മാഹിഷ്മതി:എന്താ പേടി തട്ടിയോ? അനിലൻ:പൌലോവിന്റെ പല കൃതികളിലും അറബ്-ഏഷ്യൻ ഇൻഫ്ലുവൻസ് കാണാറുൻണ്ടെന്നു തൊന്നുന്നു.ചില നേര്ത്ത്: നന്ദി. ആ പുസ്തകതിനെ പറ്റി എവിടേയോ കൺദിരുന്നു, വായിക്കാനൊത്തില്ല ഇതു വരെ.സുരേഷ്കുമാർ:നന്ദി.ബിനൊയ്: നന്ദി.അപ്പൊ ബീ പീ കുറേശ്ശേ ഉണ്ടല്ലെ?ഇറ്റിമാളു: നന്ദി.വിൽക്കാൻ ആടുകൾ ഇല്ലെൽങിൽ ആ ഭാരം ഇല്ല എന്നു കരുതിയൽ മതി. ബന്ധനങൽ അത്രയും കുറവ്.പധികൻ:നന്ദി.ഹാരിസ്: നന്ദി. പൌലൊയുദെ പല വീക്ഷണങലും പൌരസ്ത്യ തത്വചിന്തയിൽ നിന്നു ഉരുതിരിഞതു പോലെ തോന്നാറുണ്ട്. ആൽകെമിസ്റ്റിന്റെ ക്ലൈമാക്സ് പാശ്ചാത്യരെ അത്ഭുതപ്പെടുത്തിയ പോലെ നമ്മളെ അത്ഭുദപ്പെടുത്തിയില്ലല്ലോ?വിനോദ്: നന്ദി.ക്യാപ്റ്റൻ: നോക്കു,നോക്കു..നന്ദി.മയൂര, വയനാടൻ: വായനക്കു നന്ദി. വഴിപോക്കന്‍ : നന്ദി.

യൂസുഫ്പ said...

മനുഷ്യ മനസ്സിന്‍റെ ആഴം അളക്കുക അസാധ്യം....

keraladasanunni said...

ശരിയാണ്. ജീവിതത്തെ നിര്‍വചിക്കാന്‍ സാധ്യമല്ല. വളരെ സത്യമായ കാര്യം.
palakkattettan.

Seema Menon said...

യൂസുഫ്പ,കേരൾദാസനുണ്ണി: വായനക്കു നന്ദി.

Santosh said...

രക്ഷപ്പെടല്‍ ഒരു സംഭവമാവുന്നത് ജീവിതം ഒരു തടവറയാവുമ്പോള്‍ അല്ലെ - അക്കരപ്പച്ച തന്നെ... (as long as the decision makes one truly happy & content, it is justified)

ആഹ്... എന്തെന്കിലുമാവട്ടെ... :)
ഞാന്‍ Alchemist വായിച്ചിട്ടുണ്ട്... 2003 il ഓ മറ്റോ... വീട്ടില്‍ ഒരു കോപ്പിയും ഉണ്ട്... :)

Judson Arackal Koonammavu said...

Keep writing

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!