Thursday, 31 December 2009
ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം
മറ്റുള്ളവര്‍ പറഞ്ഞു കേട്ടതും, വായിച്ച്ചരിഞ്ഞതും വച്ച് നമ്മള്‍ പലപ്പോഴും പാശ്ചാത്യരെ ഹൃദയമില്ലാത്തവരായോ, ഹൃദയം ശരിക്കുമുള്ള സ്ഥലത്തില്ലാത്തവരായോ ഒക്കെ ചിത്രീകരിക്കാറുണ്ട്.
അച്ഛനമ്മമാരേ വൃദ്ധസദനത്തിലേക്ക് തള്ളിവിടുന്ന വില്ലന്മാര്‍ ആരാ?
പാശ്ചാത്യര്‍.
കുട്ടികളേക്കാള്‍ പട്ടികളെ സ്നേഹിക്കുന്നവര്‍ ആരാ?
പാശ്ചാത്യര്‍.
ലോകത്തിലെ സകല ദുര്‍ഗുണങ്ങള്‍ക്കും (മലയാളികള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ശീലങ്ങള്‍ക്കും ചിന്താരീതികള്‍ക്കും വിപരീതമായി ചിന്തിക്കുന്ന എല്ലാവരും ഈ കൂട്ടത്തില്‍പെടും) കാരണഭൂതര്‍ ആരാ?
പാശ്ചാത്യര്‍.
വിദേശ സംസ്കാരത്തിന്റെ കടന്നുകയറ്റത്തിനെപറ്റിയും അതിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും ഇനി വരുന്ന തലമുറയെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേള്‍ക്കാത്ത മാതാപിതാക്കള്‍ ചുരുങ്ങും.
അമേരിക്കയും ബ്രിട്ടനും ഗള്‍ഫും നമുക്ക് ആവശ്യമാണ്. പൈസ ഉണ്ടാക്കാനും കേരളത്തിനേക്കാള്‍ മികച്ച സാഹചര്യങ്ങളില്‍ ജീവിക്കുവാനും. അവരുടെ സ്കൂളുകളും ആശുപത്രികളും നമുക്ക് ദേവാലയങ്ങളാണ്. പക്ഷേ, അവരുടെ ജീവിത രീതിയും ഭക്ഷണവും വസ്ത്രധാരണ രീതികളുമോ? ഛേയ്, അതു പാടില്ല, അതെല്ലാം വൈദേശികം. അനുകരിക്കാന്‍ പാടില്ലാത്തത്. കാരണം? സഭ്യമില്ലായ്മ. അപ്പോള്‍, സ്കുളില്‍ പോകുന്ന കൊച്ചു കുഞ്ഞങ്ങളെ വരെ തുറിച്ചു നോക്കുന്ന നമ്മുടെ സംസ്കാരമാണോ സഭ്യതയുള്ളത്?
ഇങ്ങനെയുള്ള കുറെ പ്രൊപ്പഗാന്റായുടെ ഭാഗമായി വിദേശ സംസ്കാരത്തിലുള്ള ചില നല്ലരീതികളെ നമ്മള്‍ കാണാതെ പോവുന്നുണ്ടോ? പറഞ്ഞു വരുന്നത് "ഗ്രാനി ഫ്ലാറ്റി" ന്റെ കാര്യമാണ്. വീടിന്റെ ഭാഗമായി, എന്നാല്‍ ഒരു ഔട്ട്-ഹൗസിന്റെ സൗകര്യത്തോടെ ഒരുക്കിയ ഒരു ഗ്രാനി ഫ്ലാറ്റ് എനിക്കു കാണിച്ചു തന്നത് എന്റെ വര്‍ക്ക്-മേറ്റ് പൗളിന്‍ ആണ്.
75 വയസ്സില്‍ വിധവയായ അമ്മായിഅമ്മയാണ് പൗളിന്റെ ഗ്രാനി ഫ്ലാറ്റിന്റെ ഉടമസ്ഥ. ആരോഗ്യപരമായി യാതൊരു പ്രശ്നങ്ങളുമില്ലാത്തവരാണ് മിസ്സിസ് പ്രൈസ്. വീടിനോടു ചേര്‍ന്ന്, ഗാരേജിനു മുകളില്‍ ഒരു ചെറിയ സിറ്റിംഗ്‌റൂമും, ബെഡ്‌റൂമും, ബാത്‌റൂമും മിസ്സിസ് പ്രൈസിന്റെ ഇഷ്ടപ്പെട്ട ഇളംവയലറ്റ് നിറത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ആവശ്യം വരുമ്പോള്‍ വീടിന്റെ മുഖ്യ അടുക്കളയിലേക്ക് ഇറങ്ങിവരാതെ തന്നെ ഒരു ചായ കുടിക്കാനോ, ടോസ്റ്റ് കഴിക്കാനോ സൗകര്യത്തിനു കെറ്റിലും സ്റ്റൗവും, ഫ്രിഡ്ജും അടങ്ങിയ ഒരു കിച്ചനെറ്റ് സ്വന്തമായുണ്ട് ആ ഗ്രാനി ഫ്ലാറ്റില്‍.
ഇതു ഞങ്ങളുടെ നാട്ടിലെ ജോയിന്റ് ഫാമിലി സമ്പ്രദായം പോലെയെന്ന് ഞാന്‍ അത്ഭുതംകൂറി. സ്വന്തം വീട്ടില്‍ തന്നെ ഒരുമുറി ഒരുക്കാത്തതിന് കാരണം പൗളിന്‍ വിശദീകരിച്ചു തന്നപ്പോള്‍ "ഇതു കൊള്ളാമല്ലോ" എന്നാണ് എനിക്കു തോന്നിയത്. പതിനാലും പതിനാറും വയസ്സുള്ള കുരങ്ങ?ാര്‍ തോറ്റു പോവുന്ന സ്വഭാവത്തോടുകൂടിയ രണ്ട് ആണ്‍പിളേളരും ജൂലിയാ റോബര്‍ട്ട്സിനും, നയോമി കാംപെല്ലിനും പഠിക്കുന്ന ഒരു ടീനേജ് പെണ്‍കുട്ടിയുമാണ് ഭര്‍ത്താവിനെ കൂടാതെ പൗളിന്റെ വീട്ടില്‍ അന്തേവാസികള്‍. പിള്ളേരും അവരുടെ കൂട്ടുകാരും സ്വാഭാവികമായും ഉണ്ടാക്കുന്ന ബഹളങ്ങളും വീടൊരു "മിനി ഗെയിം പാര്‍ക്ക്" ആണെന്നു പൗളിന്‍. ഈ തിരക്കില്‍ നിന്നും മാറി കുറച്ചു നേരം സ്വസ്ഥമായി വിശ്രമിക്കാനും, പ്രാര്‍ത്ഥിക്കാനും, കൂട്ടുകാരിയുമായി ചീട്ടുകളിക്കാനുമൊക്കെ അവര്‍ തന്നെ തിരഞ്ഞെടുത്തതാണ് ഗ്രാനി ഫ്ലാറ്റ്. വീട്ടിലെ മറ്റംഗങ്ങള്‍ ജോലിക്കും സ്കൂളിലേക്കുമായി പുറത്തു പോവുമ്പോള്‍, വലിയൊരു വീട്ടില്‍ ഒറ്റപ്പെട്ടെന്നുള്ള തോന്നല്‍ ഉണ്ടാകുന്നില്ലെന്ന് മിസ്സിസ് പ്രൈസ്. ഒപ്പം ഇത്ര വലിയൊരു വീടിന്റെ ചുമതലകള്‍ തന്നെ ഒട്ടും ബാധിക്കുന്നില്ല എന്ന തികഞ്ഞ സന്തോഷവും. വലിയൊരു കുടുംബത്തിനുവേണ്ടി അലക്കിയും ഭക്ഷണം പാകം ചെയ്തും ഇനി മരുമകള്‍ കഷ്ടപ്പെടട്ടെ എന്ന ദുഷിച്ച ചിന്താഗതിയാണ് തനിക്കെന്ന് പൗളിന്റെ തോളില്‍ ചെറുതായടിച്ച്, കണ്ണിറുക്കി മിസ്സിസ് പ്രൈസ് പറഞ്ഞു നിര്‍ത്തി. വയസ്സായ അമ്മായി അമ്മക്ക് എന്തെഗിലും സംഭവിച്ചാലോ, അസുഖം വന്നാലോ കുടുംബാംഗങ്ങള്‍ അടുത്തുന്ടെന്ന ആശ്വാസം വലുതാണെന്ന് പൌളിന്‍ .
അടുക്കളയുടെ ഭരണാവകാശത്തിനായി തവിയും ചട്ടുകവും മുറുക്കി അമ്മായിയമ്മയും മരുമകളും രംഗത്തിറങ്ങുന്ന നമ്മുടെ കേരളത്തില്‍ ഇതെത്രമാത്രം പ്രാവര്‍ത്തികമാണെന്ന് എനിക്കറിയില്ല. പക്ഷേ, വൃദ്ധസദനങ്ങളേക്കാള്‍ എന്തുകൊണ്ടും നമുക്കനുകരിക്കാവുന്ന മാതൃക ഗ്രാനി ഫ്ലാറ്റുകള്‍ തന്നെയാണെന്നു തോന്നുന്നു.
Monday, 21 December 2009
Thursday, 10 December 2009
ഒരു കൊലപാതകം
ഒരു കൊലപാതകത്തിന്റെ പോസ്റ്മാര്ട്ടം
"ഗ്ളബ്, ഗ്ളം, ഗ്ളബ്, ഗ്ളം''
അതായിരുന്നു ജെയ്മിയുടെ അവസാന വാക്കുകള്. എന്നിട്ടവന് പതിയെ, പതിയെ വെള്ളത്തിലേക്ക് താഴ്ന്നുപോയി. മരണത്തിലേക്കൊരു മുങ്ങല്.
ബാത്ത്ടബ്ബിന്റെ ഓരത്ത് ഞാന് അവനെ നോക്കിയിരിക്കുകയായിരുന്നു. അവനുവേണ്ടി ഞാന് ആ ബാത്ത്റൂം പ്രത്യേകമായൊരുക്കിയിരുന്നു. അവനിഷ്ടപ്പെട്ട ചുവന്ന റോസാദലങ്ങളും, വാനിലയുടെ സുഗന്ധമുള്ള മെഴുകുതിരികളും, പ്രണയസുരഭില സംഗീതവും ആ ബാത്ത്റൂമിനെത്തന്നെ ഒരു സ്വര്ഗ്ഗമാക്കി മാറ്റി. അവന് മരിക്കുമ്പോള് സന്തോഷവാനായിരിക്കണമെന്നെനിക്കു നിര്ബന്ധമുണ്ടായിരുന്നു. കാരണം ഞാന് അവനെ അപ്പോളും സ്നേഹിച്ചിരുന്നു - ക്രൂരമെന്നു നിങ്ങള് വിളിക്കാവുന്ന ആ കൊലപാതകം നടത്തിയപ്പോഴും.
ഇത്ര പൈശാചികമായി എന്റെ ഭര്ത്താവിനെ കൊലപ്പെടുത്തിയെന്നു വച്ച് ഞാനൊരു കൊലപാതകപ്രവണതയുള്ള സ്ത്രീയൊന്നുമല്ല കേട്ടോ. അവനെ ഞാന് കൊന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. വര്ഷങ്ങളായി സ്വന്തം ജീവനേക്കാള് വിലകൊടുത്ത് സ്നേഹിച്ച ഭര്ത്താവ് മറ്റൊരുത്തിയുമായി പ്രണയത്തിലാണെന്നറിഞ്ഞാല് ഏതു ഭാര്യയും ഇങ്ങനെയൊക്കെയല്ലേ ചെയ്യൂ.
കുറച്ചുനാളുകളായി ഞാന് കൊണ്ടു നടന്നിരുന്ന ഒരു സംശയത്തിന്റെ പരിസമാപ്തിയായിരുന്നത്. അവന് എന്നില് നിന്ന് അകന്നു പോകുന്നതായി കുറച്ചു നാളുകളായി എനിക്കു തോന്നിയിരുന്നു. എന്തൊക്കെയോ മറന്നതു പോലെയുള്ള അവന്റെ നടത്തവും, ഊറിച്ചിരിയുമൊക്കെ കണ്ടാലറിഞ്ഞുകൂടെ പുള്ളിക്കെന്തോ കേസുകെട്ട് തടഞ്ഞിട്ടുണ്ടെന്ന്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അവന്റെ കോട്ടിന്റെ പോക്കറ്റില് നിന്ന് ആ ക്രെഡിറ്റ് കാര്ഡ് ബില് എനിക്കു കിട്ടുന്നത്. ഏതോ ഒരു മിസ്. അനബല് ലീക്ക് പുഷ്പങ്ങള് അയച്ചതിന്റെ രസീത്. അതും കുറച്ചൊന്നുമല്ല, നൂറു പൌണ്ടിന്.
ഞാനന്ന് കുറെ ആലോചിച്ചു, എന്താ ഇവനിങ്ങനെ തോന്നാന് എന്ന്. അവനെ കണ്ടുമുട്ടിയതു മുതല് ഇന്നുവരെ 'ഭര്ത്താവേ ദൈവം' എന്നൊരു സ്റൈ ലില് ആയിരുന്നില്ലേ ഞാന്. 'ഇന്നത്തെക്കാലത്ത് ഇങ്ങനെയുണ്ടോ ഒരു ശീലാവതി' എന്നെന്റെ കൂട്ടുകാര് കളിയാക്കി ചോദിച്ചിരുന്നു. അവനു ചുറ്റും കറങ്ങുന്ന ഒരു ദാസിയായിരുന്നു ഞാന്. എന്നിട്ടും, കുറച്ചൊരു തൊലിമിനുപ്പും ചോരത്തുടിപ്പും കണ്ടപ്പോള് എന്നെ വിട്ട് അവന് അങ്ങോട്ടു ചാഞ്ഞു.
ഞാന് ജെയ്മിയെ കണ്ടുമുട്ടുന്നത് പതിനഞ്ചു വര്ഷം മുന്പുള്ളൊരു ക്രിസ്തുമസ് രാത്രിയിലാണ്. പതിവുപോലെ ഏകയായി വീടിനടുത്തുള്ള കോഫീ ഹൌസില് ഒരു ചോക്കലേറ്റ് നുണയാനെത്തിയതായിരുന്നു ഞാന്. റോഡാകെ ഒരു ഉത്സവലഹരിയില് ഉണര്ന്നിരുന്നു. കേയ്ക്കുകളുടെയും, പൈകളുടെയും കൊതിപ്പിക്കുന്ന സുഗന്ധവും, ക്രിസ്തുമസ് കരോളുകളും, പൂമഴയായ് പെയ്തിറങ്ങുന്ന നനുനനുത്ത വെളുത്ത മഞ്ഞും. അതിനിടയില് ചുണ്ടിന്റെ കോണിലൊരു മന്ദസ്മിതമൊളിപ്പിച്ചു വച്ച് മനോഹരമായ രോമക്കുപ്പായങ്ങളും കോട്ടുമണിഞ്ഞ സ്വര്ണ്ണത്തലമുടിയുള്ള പെണ്കിടാങ്ങളും, അവളുടെ സ്വപ്നങ്ങളേറ്റു വാങ്ങി സ്വര്ഗ്ഗം കൈപ്പിടിയിലാക്കി നടന്നു പോവുന്ന യുവകോമളന്മാരും. ഇതെല്ലാം കണ്ട്, ആരും തിരിഞ്ഞു നോക്കാനില്ലാതെ, യൌവനം കൈവിട്ടു തുടങ്ങിയ ശുഷ് ക്കിച്ച കവിളുകളും, വരണ്ട തൊലിയുമായി ഈ ഞാനും.
ഒരു പ്രണയമോ, വിവാഹമോ ചിന്തയില് പോലും കടന്നുവരാത്ത ആ രാവിലെപ്പോളോ ആണ് ജെയ്മി എന്റെ മുന്നിലെത്തുന്നത്. ഗ്രീക്ക് ദേവന്മാരെ വെല്ലുന്ന ആകാരഭംഗിയും, നടത്തത്തിലെ പൌരുഷവുമാണ് ഞാന് ആദ്യം ശ്രദ്ധിച്ചത്. അയാളുടെ പിന്നില് കഫേയിലേക്കു കയറിവരാന് സാദ്ധ്യതയുള്ള സുന്ദരിയെ, അത് ഭാര്യയോ ഗേള്ഫ്രണ്ടോ ആവട്ടെ, തിരയുകയായിരുന്നു എന്റെ കണ്ണുകള് അലസമായ്.
ജെയ്മി വന്നു നിന്നത് എന്റെ മേശക്കരികിലായിരുന്നു. കനത്ത ഗ്ളാസിനടിയില് കുഴിഞ്ഞു പോയ എന്റെ കണ്ണില് നോക്കി അവന് എന്നോടു ചോദിച്ചു, 'ഹായ് സുന്ദരി, ഞാന് ഇവിടെ ഇരുന്നോട്ടെ?'
അതായിരുന്നു തുടക്കം. പിന്നീട് ഞങ്ങള് ഇണപിരിയാത്ത ആത്മാക്കളായി. യാതൊരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത എന്നില് ജെയ്മി എന്താണു കണ്ടതെന്ന് ഞാന് പലപ്രാവശ്യം അവനോടു ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവന് പറയുമായിരുന്നു "നിന്റെ സൌന്ദര്യമുള്ള മനസ്സാണ് എന്നെ വീഴ്ത്തിയത്'' എന്ന്.
സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്. അഥവാ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല് തന്നെ അതെല്ലാം ബന്ധുക്കളില് നിന്നും, കൂട്ടുകാരില് നിന്നും മറച്ചു വയ്ക്കാന് ഞാന് ശ്രദ്ധിച്ചു. അങ്ങനെ ചികഞ്ഞു നോക്കാനെനിക്ക് അടുത്തു കൂട്ടുകാരോ ബന്ധുക്കളോ ഒന്നും ഉണ്ടായിരുന്നുമില്ലല്ലോ. എല്ലാവരിലും അസൂയ ഉണര്ത്തുന്ന തരം ഒരു ബന്ധമാണ് ഞങ്ങള് തമ്മിലുള്ളതെന്നു വരുത്തിത്തീര്ക്കാന് ഞാന് കഥകള് മെനയാന് തുടങ്ങിയത് അക്കാലത്താണ്. ജെയ്മി എനിക്കു തരാറുള്ള വിലപിടിപ്പുള്ള ആഭരണങ്ങളെപ്പറ്റിയും, ഞങ്ങളുടെ യാത്രകളെപ്പറ്റിയുമൊക്കെ ഓഫീസിലും ഫോണിലും ഞാന് വാചാലയായി. അസൂയ നിറഞ്ഞ നോട്ടങ്ങള് എന്റെ നേരെ നീളുമ്പോള് ഞാന് സന്തോഷിച്ചു. എന്നേയും ജെയ്മിയേയും ചൊല്ലി എത്ര ഭാര്യമാര് ഭര്ത്താക്കന്മാരുമായി വഴക്കിട്ടു കാണും.
എന്റെ ലോകത്തില് ജെയ്മി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകാര്ക്കോ ബന്ധുക്കള്ക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല. അതിന് എനിക്ക് അടുപ്പമുള്ളവര് ആരും ഉണ്ടായിരുന്നില്ലല്ലോ.
ഇപ്പോള് തിരിഞ്ഞു നോക്കുമ്പോള് എനിക്ക് മനസ്സിലാവുന്നുണ്ട്, സമൂഹത്തിലെ ഉന്നതരായ അച്ഛനമ്മമാര്ക്കു പിറന്ന ഞാന് എങ്ങനെ ഒറ്റപ്പെട്ടു പോയി എന്ന്. സൌന്ദര്യമോ, ബുദ്ധിയോ, വിവരമോ ഇല്ലാത്ത ഒരു മകള് എങ്ങനെ ഞങ്ങള്ക്കുണ്ടായി എന്ന് അച്ഛനുമമ്മയും അടക്കം പറയുന്നത് ഞാന് എത്രയോ തവണ കേട്ടിരിക്കുന്നു. 'ചേച്ചിയെ കണ്ടു പഠിക്ക്,' 'നോക്ക്, നിന്റെ അനുജത്തി എത്ര മിടുക്കിയാ'
ഈ ഡയലോഗ് ഒക്കെ കുറെ പ്രാവശ്യം കേട്ടാല് മണ്ടിയാണെങ്കിലും നിങ്ങള്ക്കും വരില്ലേ വിഷമം.
അങ്ങനെയങ്ങനെ ഞാന് ഓരോരുത്തരേയായി ഒഴിവാക്കിത്തുടങ്ങി. അതിനു പകരം അവിടെ കണ്ണാടി ചെരുപ്പു പോയ സിന്ഡ്രെല്ലയേയും, പേക്കാച്ചിത്തവളയെ ഉമ്മ വച്ച രാജകുമാരിയേയും പിടിച്ചിരുത്തി. നാടോടിക്കഥകളിലെ സുന്ദരിയായ രാജകുമാരിയായി ഞാന് സ്വയം അവരോധിച്ചു. എന്റെ രാജകുമാരന് വെള്ളക്കുതിരപ്പുറത്തേറി വരുമെന്നാലോചിച്ചു സന്തോഷിച്ചു. റിച്ചാര്ഡ് ഗിയറിനെപ്പോലെയോ, ടോം ഹാങ്ക്സിനെപ്പോലെയോ ഒരു സുന്ദരന് എന്റെ ജീവിതത്തിലേക്കൊരു സ്പോര്ട്ട്സ് കാറോടിച്ചെത്തുന്നത് ആലോചിക്കാന് തന്നെ നല്ല രസമല്ലേ.
അങ്ങനെ എന്റേതായ ഒരു മനോഹര ലോകത്തില് ഞാന് ജീവിക്കുന്ന കാലത്താണ് ആ കഥയില് വച്ച് ജെയ്മി എന്റെ ജീവിതത്തിലേക്കു കയറി വന്നത്. എന്നെ സ്നേഹിച്ചു സ്നേഹിച്ച് സന്തോഷത്തിന്റെ കൊടുമുടിയിലിരുത്താന്, എന്നിട്ട് എന്നെ ഒറ്റ തള്ളു തള്ളി വേറൊരു പെണ്ണിന്റെ പിന്നാലെ പോവാന്. അവനെ ഞാന് കൊല്ലുന്നതില് കുറഞ്ഞെന്തു ചെയ്യാനാണ്?
njaaന് ശരിക്കും പ്ളാന് ചെയ്തു നടത്തിയൊരു കൊലപാതകമായിരുന്നു അത്. അന്ന് വൈകിട്ട് അവനേറ്റവും ഇഷ്ടമുള്ള സ്ട്രോഗനോഫ് ആണ് അത്താഴത്തിന് ഞാനുണ്ടാക്കിയത്. ഒപ്പം സ്ട്രോബറി ചീസ് കേക്കും. സ്ഫടിക ചഷകത്തിലെ സ്വര്ണ്ണനിറമുള്ള വിസ്ക്കിയില് ഉറക്കഗുളികകള് കലര്ത്തുമ്പോഴോ, അവനെ ബാത്ത്ടബ്ബില് റിലാക്സ് ചെയ്യാന് നിര്ബന്ധിക്കുമ്പോഴോ എനിക്ക് പതര്ച്ച തീരെയില്ലായിരുന്നു. വിസ്ക്കിയുടെയും ഗുളികയുടെയും ആലസ്യത്തിന്റെ കെട്ടില് നിന്ന് മോചിതനാകാതെ, എന്നാല് മരണം തൊട്ടടുത്ത് എത്തിയെന്ന തിരിച്ചറിവില്, 'രക്ഷി ക്കൂ' എന്ന് മൌനമായി എന്നോടു യാചിച്ച ആ നീലക്കണ്ണുകളിലെ നിസ്സഹായത എനിക്കിപ്പോഴും ഓര്മ്മയുണ്ട്.
പിറ്റേ ദിവസമെപ്പോഴോ ആണ് അവര് എന്നെ ഇവിടെയെത്തിച്ചത്. ജയിലും, കോടതിയുമൊക്കെ ഞാന് പ്രതീക്ഷിച്ചതു തന്നെയാണല്ലോ.
കയ്യില് കുറെ കടലാസുകളുമായി ആ തടിച്ചി കയറി വന്നപ്പോള്, ജെയ്മിയുടെ ശവസംസ്കാരത്തിന് എന്തു വേഷമണിയണം എന്ന കണ്ഫ്യൂഷനില് ആയിരുന്നു ഞാന്.
'നോക്കൂ, ഈ കറുപ്പു സ്കര്ട്ടാണോ, അതോ ചാരപാന്റാണോ എനിക്കു ചേരുന്നത്?'
ഞാനൊരു കുശലം ചോദിച്ചു. തടിച്ചി അതു കേട്ടതായി ഭാവിച്ചില്ല.
"നീയൊരു കൊലപാതകിയൊന്നുമല്ല'' - കടലാസുകള് മേശപ്പുറത്തു വച്ച് എന്റെ കണ്ണുകളിലേക്കു തുറിച്ചു നോക്കി തടിച്ചി.
'ഏ?' ഞാന് അമ്പരന്നു പോയി. ജെയ്മി മരിച്ചില്ലേ? എന്നായി എന്റെ ആശങ്ക.
'ജെയ്മി എന്നൊരാള് ഇല്ല'' എന്നായി തടിച്ചി. എന്റെ ചുളിഞ്ഞ നെറ്റിയും, ചുവക്കാന് തുടങ്ങിയ മൂക്കും കണ്ടാവണം തടിച്ചി വീണ്ടും പറഞ്ഞത്.
'ജെയ്മി നിന്റെ ഭാവനയുടെ സൃഷ്ടിയാണ്'
'ഏ?' നിനക്കെന്താ ഭ്രാന്തായോ എന്നമട്ടില് ഞാന് തടിച്ചിയേ നോക്കി.
അവള് ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരുന്നു - 'മെന്റല് ഡിസ് ഓര്ഡര്,' 'ഹലൂസിനേഷന്' എന്നൊക്കെ ഇടക്കിടെ പറഞ്ഞുകൊണ്ട് അവള് സ്ഥാപിക്കാന് ശ്രമിച്ചത് ഞാനൊരു മനോരോഗിയാണെന്നും, ജെയ്മിയുമായുള്ള എന്റെ വിവാഹവും, പിന്നെ അവന്റെ കൊലപാതകവുമൊക്കെ എന്റെ ഭാവനയുടെ സൃഷ്ടി ആണെന്നുമൊക്കെയാണ്. ഇതൊക്കെ കേട്ടാല്, നിങ്ങളും ചെയ്തു പോകുന്നതേ ഞാനും ചെയ്തുള്ളൂ, അടുത്തിരിക്കുന്ന ടെലിഫോണ് എടുത്ത് തടിച്ചിയുടെ തലക്കിട്ടൊരു അടി കൊടുത്തു.
അങ്ങനെ അവരെന്നെ പിടിച്ച് ഈ മാനസികാശുപത്രിയിലെ ഒരു പ്രത്യേകം മുറിയില് തനിച്ചു പൂട്ടിയിട്ടു. കഴിഞ്ഞ 10 കൊല്ലമായി ഞാനിവിടെയായിട്ട്. പക്ഷേ ഞാന് ഇപ്പോള് ഭയങ്കര ഹാപ്പിയാണ് കേട്ടോ. ആ രഹസ്യം നിങ്ങളോടു മാത്രം ഞാന് പറയാം. എനിക്കിപ്പോള് ജെയ്മിയേക്കാള് ഉഗ്രന് ഒരു ബോയ്ഫ്രണ്ടിനെ കിട്ടിയിട്ടുണ്ട് ഇവിടെ - കെവിന്.
ആരും ഇല്ലാത്തപ്പോള്, ഈ മുറിയുടെ കോണിലുള്ള ഓട്ടയില് നിന്നും അവന് ഇറങ്ങി വരും. ഞങ്ങള് ഉടനെതന്നെ കല്യാണം കഴിക്കാനും ആലോചിക്കുന്നുണ്ട്.
Monday, 19 October 2009
പ്രണയത്തിന്റെ റഷ്യന്‍ നിറം
(ബിലാത്തി മലയാളി ജൂലൈ 2008)
അടുത്ത കാലത്ത് ഗോസിപ്പ് ചാനലിലൂടെ ചാനലിലൂടെ കടല്‍ കടന്നു വന്ന ഒരു വാര്‍ത്ത. കഥാ(സംഭവ)പാത്രങ്ങളെ നമുക്കു പലര്‍ക്കും പരിചയമുള്ളതുകൊണ്ട് അവരുടെ യഥാര്‍ത്ഥ പേരുകള്‍ വെളിപ്പെടുത്തുന്നില്ല.
തോമസ് ജേക്കബ് എന്ന ടോമി ചേട്ടനാണ് ഇതിലെ നായകന്‍. നമ്മുടെ ചേട്ടന്‍ ആളൊരു പശു, അഥവാ, നിരുപദ്രവ ജീവിയാണെന്നാണ് പൊതുവേയുള്ള ഇംപ്രഷന്‍. ആരോടും അടുപ്പമോ സ്നേഹമോ ഇല്ലാതെ, സ്വന്തം കാര്യം സിന്ദാബാദായി നടക്കുന്ന അസംഖ്യം ഗള്‍ഫ് മലയാളി കോടീശ്വരന്മാരില്‍ ഒരാള്‍. ഒരു കുവൈത്തി സ്ളാംഗ് ഉപയോഗിച്ചാല്‍ "വാങ്ക് വിളിക്കു മുന്നേ എത്തിയ ആളാണ്'' ചേട്ടന്‍ കുവൈത്തില്‍ എത്തിയിട്ട് കാലം കുറെയായി എന്നര്‍ത്ഥം. കുവൈത്തി ദീനാറിന്റെ മൂല്യം അറിയാനും, ഭക്ഷണം കഴിക്കാനുമല്ലാതെ പുള്ളിക്കാരന്‍ വായ് തുറക്കാറില്ലെന്ന് ജനസംസാരം.
മാന്യദേഹം കാലത്തെണീക്കും. അര മണിക്കൂര്‍ നടക്കാന്‍ പോകും. തിരിച്ചു വന്ന് മിസസ്സ് വിമലാ തോമസ് ചൂടാറാതെ ടേബിളില്‍ എടുത്തു വച്ച നാല് ഇഡ്ഢലിയോ, ഒരു കുറ്റി പുട്ടോ അകത്താക്കും. വടി പോലെ തേച്ച ഷര്‍ട്ടും, പാന്റ്സും ടൈയും അണിഞ്ഞ് കൃത്യ സമയത്ത് കാറില്‍ കയറി ഓഫീസില്‍ പോകും. വൈകിട്ടു കുറെ നേരം ടി.വി. കാണും. പിന്നെ, രണ്ടു ചപ്പാത്തിയും, കുടമ്പുളിയിട്ടു വച്ച മീന്‍ കറിയും കഴിച്ച് നേരെ കിടക്കാന്‍ പോകും. പ്രോഗ്രാം ചെയ്ത റോബോട്ട് പോലെ ഒരു ജീവിതം.
'കറി കുറച്ചു കൂടി വേണോ?' 'സ്കൂള്‍ ഫീസ് കൊടുക്കാന്‍ സമയമായി' തുടങ്ങിയ ഡയലോഗുകള്‍ക്ക് (സോറി മോണലോഗ്) മുതല്‍ 'കൊച്ചിന് പനിയാണ്, ഹോസ്പിറ്റലില്‍ പോവണം' എന്ന എമര്‍ജന്‍സി കോളിനു വരെ ഒരു മൂളലായിരിക്കും മറുപടി. കുറ്റം പറയരുതല്ലോ. ഭക്ഷണത്തിനോ മറ്റ് ലക്ഷ്വറികള്‍ക്കോ ഭാര്യയ്ക്കും മക്കള്‍ക്കും യാതൊരു പഞ്ഞവുമില്ല. "നീ ഉണ്ടില്ലെങ്കിലും....'' എന്ന് 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്യാണ സമയത്ത് അച്ചനും കര്‍ത്താവിനും നല്‍കിയ വാക്ക് തെറ്റാതെ പാലിക്കുന്നുമുണ്ട്. അതിനുപരി സ്നേഹം, വാത്സല്യം തുടങ്ങിയ വികാര പ്രകടനങ്ങളൊന്നും ടോമിച്ചേട്ടന്‍ ചെറുപ്പത്തിലേ കണ്ടു ശീലിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇനി അതൊക്കെ ഒന്നു പരീക്ഷിച്ചു കളയാമെന്ന് ആഗ്രഹവുമില്ല. ഭക്ഷണവും വസ്ത്രവും കൊടുക്കാമെന്നല്ലേ ദൈവത്തോടുള്ള കരാറിലും പറയുന്നുള്ളൂ.
ഈ നിര്‍വികാരത കണ്ട് ആദ്യമൊക്കെ കണ്ണു നനക്കാറുള്ള വിമലച്ചേട്ടത്തി പിന്നെ പിന്നെ "ഉള്ളില്‍ സ്നേഹമില്ലാതിരിക്കുമോ'' എന്നു തന്നോടുതന്നെ പറഞ്ഞു സമാധാനിച്ചു. വല്ലാതെ സഹികെടുമ്പോള്‍ അതിയാന്റെ തലയാണെന്നു സങ്കല്പിച്ച് കണ്ണാടിപാത്രങ്ങള്‍ എറിഞ്ഞുടച്ചും, ഉളളിയും സബോളയും മൂര്‍ച്ചയുളള കത്തി വച്ച് കുനുകുനെ വെട്ടിയരിഞ്ഞും പുള്ളിക്കാരി ദേഷ്യത്തിന് അടുക്കളയില്‍ ഒരു ഔട്ട്ലെറ്റ് തുറന്നു.
അങ്ങനെ ടോമി ചേട്ടനും വിമല ചേടത്തിയും തങ്ങളുടേതായ ഓരോ മധുര, മനോജ്ഞ, സുരഭില ലോകത്തില്‍ ജീവിക്കുന്ന കാലത്താണ് ഈ സംഭവം. ചേടത്തി ഡ്രൈവറുടെയോ, പോസ്റ്മാന്റെയോ കൂടെ ഒളിച്ചോടി പോയിട്ടുണ്ടാവും എന്ന ഒരു സ്വാഭാവിക ക്ളൈമാക്സ് പ്രതീക്ഷിക്കുന്ന വായനക്കാര്‍ക്ക് തെറ്റി.
നാട്ടില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന മൂത്ത മകന് പ്രോജക്ട് വര്‍ക്ക് ചെയ്യാന്‍ വാങ്ങി ഇപ്പോള്‍ പൊടി പിടിച്ചിരിക്കുന്ന കംപ്യൂട്ടര്‍ ടോമി ചേട്ടന്റെ ഓഫീസിലേക്ക് പ്രമോഷനോടു കൂടി സ്ഥലം മാറിപ്പോയത് അക്കാലത്താണ് 'ദീപിക' പേപ്പര്‍ വായിക്കാതെ ഉറക്കം വരാത്ത ഇദ്ദേഹം പത്രം വരുത്തുന്നതു നിര്‍ത്തി അല്പം മോഡേണ്‍ ആയി ഇന്റര്‍നെറ്റ് എഡിഷന്‍ വായിക്കാന്‍ ആരംഭിച്ചു. വാര്‍ത്ത ചൂടാറാതെ വായിക്കുകയുമാവാം. ഒപ്പം പത്രത്തിനു കൊടുക്കുന്ന പൈസയും ലാഭം എന്ന ഒരു സാദാ അച്ചായന്‍സ് സെന്‍സ് ആന്റ് സെന്‍സിബിലിറ്റി മാത്രമേ ടോമി ചേട്ടന് തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളൂ.മിഡില്‍ ഈസ്റിലെ കടുത്ത ഐറ്റി സെന്‍സര്‍ഷിപ്പുകള്‍ക്കിടയിലും ഒളിഞ്ഞും, തെളിഞ്ഞും. മാടി വിളിക്കുന്ന ചാറ്റ് സുന്ദരികള്‍ പതിയെ പതിയെ ടോമി ചേട്ടനെയും സൈബര്‍വലയില്‍ വീഴ്ത്തി. അങ്ങനെ ഒരു ദിവസം എപ്പോളോ ആണ് റഷ്യന്‍ സുന്ദരി (പുള്ളിക്കാരിയുടെ പേര് എനിക്കറിയില്ല ടോള്‍സ്റോയിയോട് ക്ഷമ ചോദിച്ചു കൊണ്ട് തല്‍ക്കാലം നമുക്ക് അവളെ അന്ന എന്നു വിളിക്കാം) അന്ന ടോമി ചേട്ടന്റെ ചാറ്റ്മേറ്റ് ആകുന്നത്. അന്നക്കുട്ടിയുടെ പഞ്ചാരകൊഞ്ചലുകള്‍ ടോമി ചേട്ടന്റെ മനസ്സില്‍ കയറി കൂടിയതും മണി എക്സ്ചേഞ്ച് വഴി കുവൈറ്റി ദിനാറുകള്‍ റഷ്യയിലേക്കു പറക്കുന്നതും പതിവിലുമേറെ നേരം ടിയാന്‍ കംപ്യൂട്ടറിനു മുന്നില്‍ തപസ്സിരിക്കുന്നതും ചുണ്ടത്തു മൂളിപ്പാട്ടും. കണ്ണുകളില്‍ തിളക്കവുമായി തേരാപാരാ നടക്കുന്നതും എന്തുകൊണ്ടോ വിമല ചേടത്തി അറിയാതെ പോയി.
പിള്ളേരെ കാണാന്‍ നാട്ടില്‍ പോയി ചെമ്മീന്‍ അച്ചാറും, കരിമീന്‍ ഫ്രൈയുമായി തിരിച്ചെത്തിയ ചേടത്തി ഫ്ളാറ്റിന്റെ വാതില്‍ തുറന്നപ്പോള്‍ സോഫായില്‍ നിറഞ്ഞിരിക്കുന്ന ഒരു സര്‍വ്വാംഗ സുന്ദരി കുവൈറ്റിലെ അധിനിവേശത്തിനും, കൂട്ടക്കൊലക്കും ശേഷം ധാരാളം പ്രേതങ്ങള്‍ ജാതി, മത, ദേശ വ്യത്യാസങ്ങളില്ലാതെ പലരേയും സന്ദര്‍ശിക്കാറുണ്ടെന്നു കേട്ടിട്ടുള്ളതുകൊണ്ട് താലിയില്‍ കോര്‍ത്തിട്ടിരിക്കുന്ന കുരിശു പൊക്കി കാണിക്കുകയാണ് വിമല ചേടത്തി ആദ്യം ചെയ്തത്. കുരിശു കണ്ടിട്ടും ഈ കുരിശ് പോകുന്നില്ലെന്നു കണ്ടപ്പോളാണ് ചേടത്തിക്ക് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടിയത്.
ടോമി ചേട്ടന്‍ പതിവു നിര്‍വികാരതയോടെ നയം വ്യക്തമാക്കി. "എനിക്കിനി അന്നക്കുട്ടി മതി. നീ നാട്ടില്‍ പൊയ്ക്കോ. നിനക്കും പിള്ളേര്‍ക്കുമുള്ളത് ഞാന്‍ നാട്ടിലേക്ക് അയച്ചു തരാം.''
വൈകി വന്ന വസന്തത്തിനെ വന്ന വഴിയെ തിരിച്ചയക്കാന്‍ നാട്ടുകാരും കൂട്ടുകാരും, എന്തിന് പള്ളീലച്ചനും വരെ ശ്രമിച്ചിട്ടും ടോമി ചേട്ടന്‍ സമ്മതിച്ചില്ലാത്രേ.അന്നക്കുട്ടിയും ടോമി ചേട്ടനും ഫ്ളാറ്റില്‍ സസുഖം വാഴുന്നു എന്നാണ് ലേറ്റസ്റ് റിപ്പോര്‍ട്ട്. വിമല ചേട്ടത്തിക്കും പിള്ളേര്‍ക്കും എന്തു പറ്റിയെന്നറിയില്ല. നല്ല കാലത്ത് കാരണവരും, പിന്നെ ടോമി ചേട്ടനും ധാരാളം സമ്പാദിച്ചിട്ടുള്ളതിനാല്‍ പൈസയ്ക്കു ബുദ്ധിമുട്ടുണ്ടാവില്ലെന്ന് നമുക്കാശ്വസിക്കാം.
ടോമി ചേട്ടന്‍ പണ്ടേ ആളു പിശകാണെന്നും, വിമല ചേടത്തി വഴക്കാളിയാണെന്നും അന്നക്കുട്ടി ടോമി ചേട്ടനെ ബ്ളാക്ക്മെയ്ല്‍ ചെയ്തെന്നുമൊക്കെ പല അനുബന്ധ അനാലിസിസുകളും നമ്മുടെ അമച്വര്‍ മനഃശാസ്ത്രജ്ഞര്‍ നടത്തുന്നുണ്ട്. സത്യം എന്താണെന്ന് ഏതായാലും എനിക്കറിയില്ല.
ഒന്നു രണ്ടു മാസം മുന്‍പ് ഒരു കൊച്ചു മിടുക്കി പ്രതിശ്രുത വരന്‍ സൊള്ളാനായി സമ്മാനിച്ച മൊബൈലില്‍ കൂടി മറ്റൊരാളെ ലൈനടിച്ചതും ഓടി പോയി കല്യാണം കഴിച്ചതുമൊക്കെ കേട്ട് ഷോക്കടിച്ച പുരുഷ പ്രജകള്‍ ഇപ്പോള്‍ 'ഉരുളക്കുപ്പേരി' എന്നു പറഞ്ഞു സന്തോഷിക്കുന്നുണ്ടാവും.
ചതിയിലും ഒരു ആണ്‍-പെണ്‍ സമത്വം വേണമല്ലോ.
Saturday, 10 October 2009
ലുബ്നയുടെ ഡൈവോഴ്സ് - ഒരു ഫ്ലാഷ് ബാക്ക്
( പൊടിപ്പും തൊങ്ങലും- ബിലാത്തി മലയാളീ ജൂണ്‍ 2008)
ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്‌ലോയ്ക്ക് ദുബായ്ക്കാരി ലുബ്നാ ലത്തീഫിന്റെ ഡൈവോഴ്സിലുള്ള പങ്കെന്താണ്? വിവാഹേതരബന്ധം, വയസ്സുകാലത്തെ ഒരു റൊമാന്‍സ് എന്നൊക്കെ നമ്മുടെ മലയാളിത്തലകള്‍ പുകയുന്നതിനു മുന്‍പ് ലുബ്നയെക്കുറിച്ചു പറയാം.
ലുബ്ന - പേരു പോലെ ആള്‍ സുന്ദരിയാണ്. ദുബായില്‍ ജനിച്ച്, അമേരിക്കയില്‍ പഠിച്ച്, ഇപ്പോള്‍ ലണ്ടന്റെ സബര്‍ബകളില്‍ ജീവിക്കുന്ന നാല്‍പതുകാരി ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു "ഗ്ലോബല്‍ സിറ്റിസണ്‍" ഫ്രഞ്ച് പെര്‍ഫ്യൂമിന്റെ നറുമണത്തോടൊപ്പം ആത്മവിശ്വാസത്തിന്റെയും പ്രസരിപ്പിന്റെയും തിളക്കം എപ്പോഴും ലുബ്നയെ പൊതിഞ്ഞു നില്‍ക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്.
പതിനഞ്ചു വര്‍ഷം നീണ്ടു നിന്ന വിവാഹജീവിതത്തിനു ശേഷം മൂന്നു പിള്ളേരും രണ്ട് നായക്കുട്ടികളുമായി (ടോട്ടല്‍ മക്കള്‍ 5 എന്ന ലുബ്ന) ഡൈവോഴ്സ് സെറ്റില്‍മെന്റായി ഭര്‍ത്താവ് 'സമ്മാനിച്ച' വലിയൊരു വീട്ടില്‍ താമസിക്കുന്ന കാലത്താണ് ഞാന്‍ ലുബ്നയെ പരിചയപ്പെടുന്നത്. സ്വന്തമായി തുടങ്ങിയ ഒരു ഈവന്റ് കമ്പനി പച്ചപിടിപ്പിക്കാനുള്ള ഓട്ടങ്ങള്‍ക്കിടയിലായിരുന്നു അന്ന് ലുബ്ന.
വല്ലപ്പോഴും ഇ-മെയില്‍ ഫോര്‍വേഡ് ചെയ്യുന്ന 'വുമന്‍സ് ഒണ്‍ലി' ജോക്കുകളും 'സൗന്ദര്യക്കുറിപ്പുകളും' ആണ് ഇപ്പോഴും ഞങ്ങളുടെ പ്രധാന കമ്മ്യൂണിക്കേഷന്‍. പിന്നെ ചിക്കന്‍ ടിക്ക മസാലയുടെയും നവരത്ന കുറുമയുടേയും, മച്ച് ബൂസിന്റെയും റെസിപ്പികളും അതുകൊണ്ട് ലുബ്ന എന്റെ ആത്മാര്‍ത്ഥസുഹൃത്താണെന്ന വാചകത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.
ഒരു ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ നിന്ന് ദുബായിലെത്തിയ ലുബ്നയെ എന്റെ ഒരു സഹപ്രവര്‍ത്തകയുടെ വീട്ടില്‍ വച്ചാണ് ഞാന്‍ കണ്ടുമുട്ടുന്നത്. അറേബിയന്‍ ഊധിയന്റെ കുത്തുന്ന സുഗന്ധത്തിനിടയില്‍ ഈന്തപ്പഴങ്ങള്‍ നുണഞ്ഞ്, ആണുങ്ങള്‍ക്കു പ്രവേശനമില്ലാത്ത അന്തപ്പുരത്തില്‍, ഉല്ലസിച്ചാര്‍ക്കുന്ന അറേബിയന്‍ വനിതകള്‍ക്കു നടുവില്‍, പരിചയമില്ലാത്ത ഭാഷക്കും സംസ്കാരത്തിനുമിടയിലിരുന്ന് വീര്‍പ്പുമുട്ടുന്നതിനിടയിലാണ് ലുബ്ന എന്റെ അടുത്തെത്തുന്നത് എത്രയോ കാലങ്ങളായി പരിചയമുള്ളവരെപ്പോലെ ലുബ്ന എന്നോട് ഇടപഴകി. കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക് ലുബ്നയുടെ ഭര്‍ത്താവും വിഷയമായി.
കുടുംബത്തെ സ്നേഹിക്കുന്ന വര്‍ഷത്തിലൊരിക്കല്‍ യൂറോപ്പിലോ, ബഹാമാസിലോ, കുടുംബവുമൊത്ത് ടൂറു പോകുന്ന, ലുബ്നയുടെ ഓരോ പിറന്നാളിനും ഡയമണ്ടുകളും, പുത്തന്‍ കാറുകളും സമ്മാനിക്കുന്ന ഒരു പാവം 'ബോറന്‍' ഭര്‍ത്താവ്. മണി പവറും മസില്‍ പവറുമുള്ള ഒരു ലെബനീസ് കുടുംബത്തിലെ അംഗം. പൊതുവേ അറബ് വംശജരില്‍ കാണാറുള്ള 'എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ്' ഒന്നുമില്ലാത്ത ഒരു പാവത്താന്‍ 'എ ജെം ഓഫ് എ മാന്‍' എന്ന് ലുബ്ന.
പിന്നെന്തേ ഒരു ഡൈവോഴ്സ് എന്നു ഞാന്‍ കണ്ണുമിഴിച്ചപ്പോള്‍ ലുബ്ന കൂളായി മൊഴിഞ്ഞു. "പൗലോ കൊയ്‌ലോ" ഇതുവരെ ഒരു മാധ്യമങ്ങളും കണ്ടെത്താത്ത ഒരു സ്കൂപ്പിന്റെ മണം പിടിച്ച് ഞാന്‍ ഒന്നു ഉഷാറായി ചോദിച്ചു. "പറയൂ. പൗലോ കൊയ്‌ലോയെ എങ്ങനെയാണു പരിചയം?"
ഗോസിപ്പ് ആന്റീനയുടെ ഫോക്കസ് മനസ്സിലാക്കിയാവണം, ലുബ്ന ചിരിയോടെ പറഞ്ഞു. "പൗലോവിനെ എനിക്കു പരിചയമില്ല. പുള്ളിയുടെ ആല്‍ക്കെമിസ്റ്റ് എന്ന പുസ്തകമാണ് ഡൈവോഴ്സിനു കാരണം."
തനിക്കുള്ളതെല്ലാം വിറ്റ് സ്വപ്നത്തില്‍ കണ്ട നിധിയെ തേടി (ആത്മസാക്ഷാത്കാരം എന്നു സിമ്പോളിസം) ഈജിപ്തിലേക്കു പോയ സാന്റിയാഗോ എന്ന ആട്ടിടയന്റെ കഥയാണ് ആത്മീയതയും. സിംബോളിസവും, മിസ്റ്റിസിസവുമെല്ലാം ഇഴമെനയുന്ന ആല്‍ക്കെമിസ്റ്റ് ആ ആട്ടിടയനായി സ്വയം സങ്കല്‍പ്പിച്ച് തന്റെ സ്വപ്നങ്ങളെ പിന്‍തുടരാന്‍ തീരുമാനിച്ചു ലുബ്ന.
സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്, മറ്റു പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ടിനെയും വിവാഹത്തെയും പറ്റി സ്വപ്നം കാണുമ്പോള്‍, സ്വന്തമായി ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയായിരുന്നു ലുബ്ന സ്വപ്നം കണ്ടത്. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനടിമപ്പെട്ട് ഒരു ദിവസം അവര്‍ കണ്ടുപിടിച്ച ഒരാളുടെ മണവാട്ടിയായെന്നു മാത്രം വളരെ യാഥാസ്ഥിതികമായ ഭര്‍ത്താവിന്റെ കുടുംബത്തില്‍ ലുബ്ന ഒരു വീട്ടമ്മയായി ഒതുങ്ങേണ്ടി വന്നു.
15 വര്‍ഷമായി അടിച്ചമര്‍ത്തിയ ആ മോഹങ്ങളും സ്വപ്നങ്ങളും നിരാശകളുമാണ് ആല്‍ക്കെമിസ്റ്റ് എന്ന അഗ്നിപര്‍വ്വതമായി പൊട്ടിയത്. പ്രതീക്ഷിച്ചതു പോലെ തന്നെ ലുബ്നയുടെ ബിസിനസ്സ് മോഹങ്ങള്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അത്ര പിടിച്ചില്ല വാശിയുടെയും ഈഗോയുടെയും തന്ത്രികള്‍ മുറുകിയപ്പോള്‍ ആല്‍ക്കെമിസ്റ്റ് ഒരു നിമിത്തമായി അവര്‍ സന്തോഷത്തോടെ വഴി പിരിഞ്ഞു.
ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ് എന്നു പറഞ്ഞ് ലുബ്ന കഥ നിര്‍ത്തിയപ്പോള്‍ ഒരു ഉഗ്രന്‍ പരദൂഷണ വിഷയം കാറ്റുപോയ ബലൂണ്‍ പോലെ ആയിപ്പോയതോര്‍ത്ത് ഞാന്‍ തളര്‍ന്നിരുന്നു.
ലുബ്ന സ്വപ്നങ്ങളെ പിന്‍തുടര്‍ന്ന് തന്റെ ജീവിതം ലക്ഷ്യം കണ്ടെത്തിയോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല ഉണ്ടാവാം ഉണ്ടാവാതിരിക്കാം, അത് അവരുടെ പേഴ്സണല്‍ കാര്യം.
ഈ കഥയ്ക്ക് ഒരു വിശ്വസനീയത ഇല്ലല്ലോ എന്ന സംശയക്കണ്ണട എടുത്തു മൂക്കില്‍ വയ്ക്കുന്നവരേ ഇതു കഥയല്ലല്ലോ. ജീവിതമല്ലേ. ജീവിതത്തെ നമുക്കു നിര്‍വചിക്കാന്‍ പറ്റുമോ എന്നു ഞാനൊരു മറുചോദ്യം ചോദിക്കട്ടെ, നിങ്ങളോട്.
ഒന്നു പറയാം. ഇവര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടെങ്കില്‍ അത് പൗലോ കൊയ്‌ലോ മാത്രമാണ്. വര്‍ഷങ്ങള്‍ കുറെക്കഴിഞ്ഞിട്ടും. ലുബ്നയോ ഭര്‍ത്താവോ വേറെ വിവാഹം കഴിച്ചിട്ടില്ല.
ഭര്‍ത്താവിന്റെ കൂര്‍ക്കംവലിയും ഭാര്യയുടെ ഷൂ ഷോപ്പിംഗും വരെ ഡൈവോഴ്സിനു കാരണമാകുന്ന ഈ വിചിത്ര ലോകത്തില്‍ തന്റെ നോവലും ഒരു വിവാഹബന്ധത്തിന് കത്തിവെച്ച കാര്യം പൗലോ കൊയ്‌ലോ അറിഞ്ഞോ ആവോ?
എന്തായാലും, ഭാര്യമാരെക്കൊണ്ടു പൊറുതിമുട്ടിയെന്ന് മുട്ടിനു മുട്ടിനു പരാതി പറയുന്ന ഭര്‍ത്താക്കന്മാരേ അവസാനത്തെ അടവായി, ആല്‍ക്കെമിസ്റ്റിന്റെ ഒരു കോപ്പി വാങ്ങി ഭാര്യക്ക് സമ്മാനമായി കൊടുത്ത് ഭാഗ്യം പരീക്ഷിക്കാം പാവം ഭാര്യമാര്‍ രക്ഷപെടട്ടെ!
Wednesday, 9 September 2009
വാര്‍ദ്ധക്യമേ ഞാന്‍ "ബിസി''യാ
പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളീ മേയ് 2008)
ഉദയ സൂര്യന്റെ മുഴുവന്‍ ഉന്മേഷവും ഏറ്റുവാങ്ങി, പൂച്ചയോടും, പ്രാവിനോടും, എന്നു വേണ്ട റോഡില്‍ കാണുന്ന സകല ജീവജാലങ്ങളോടും കുശലം ചോദിച്ച്, കമ്മ്യൂണിറ്റി കോളേജിലേക്ക് കൈ കോര്‍ത്ത് നടന്നു പോകുന്ന മൈക്കിളും മാര്‍ത്തയും അടുത്ത കാലത്തായി ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാതദൃശ്യങ്ങളില്‍ ഒന്നാണ്.
ഷേവ് ചെയ്ത് തുടുത്ത മുഖം. ഹെയര്‍ ജെല്‍ തേച്ച് ചീകി വച്ച മുടി. സ്വര്‍ണ്ണക്കണ്ണട. വയ്പ് പല്ല് കാണിച്ചുള്ള ചിരി. മൈക്കിള്‍ ഒരു സുന്ദരനാണെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ. പൊക്കം കുറഞ്ഞ് അല്പമൊരു മുടന്തോടെ ബ്യൂട്ടി പാര്‍ലറില്‍ പോയി ബ്ളോ ഡ്രൈ ചെയ്തെടുത്ത വെള്ളിത്തലമുടിയും ഔട്ട് ഓഫ് ഫാഷനായ വെല്‍ വെറ്റ് കോട്ടുകളും മാച്ചിംഗ് ഷൂസും തിളങ്ങുന്ന കണ്ണുകളും കൂടി ആകപ്പാടെ ഒരു "വിന്റേജ്'' ലുക്കോടെ മാര്‍ത്ത.
"ആ വയസ്സനും വയസ്സിയും'' എന്ന് ഞങ്ങള്‍ ഒരല്പം ക്രൂരതയോടെയും, പഴുത്ത ഇലയെ നോക്കി ചിരിക്കുന്ന പച്ച ഇലയുടെ പുഛത്തോടും കൂടി വിശേഷിപ്പിക്കാറുള്ള ഇവരുടെ യാത്രകള്‍ കുറെക്കാലം ഞങ്ങളുടെ സ്പെക്കുലേഷന്‍സിനും അസ്സിമിലേഷന്‍സിനും വിഷയമായിരുന്നു.
ക്യൂരിയോസിറ്റി അവസാനം ക്യാറ്റിനെ കൊല്ലുമെന്നായപ്പോള്‍ ഞങ്ങള്‍ തന്നെ മുന്‍ കൈയെടുത്ത് വാതിലില്‍ നിന്ന് പുറത്തേയ്ക്ക് തലനീട്ടി ഒരു "ഹലോ'' പറഞ്ഞു നോക്കി. തിരിച്ചു വന്നത് 1,000 വാട്ടുള്ള രണ്ടു "ഹലോ''. ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം തന്നെ തന്നതു പോലെ.
ബ്രിട്ടീഷ്കാരന്റെ സ്വന്തമായ റിസര്‍വേഷന്‍സ് ("ജാട'' എന്നു വേണമെങ്കില്‍ നമുക്ക് റഫായി ട്രാന്‍സലേറ്റ് ചെയ്യാം) ഒന്നുമില്ലാതെ മൈക്കിളും മാര്‍ത്തയും ഞങ്ങളുടെ കൂട്ടുകാരായി.
ഒന്നാന്തരം ഒരു "ഹാന്‍ഡിമാന്‍-കം-കാര്‍പെന്റര്‍'' ആണ് മൈക്കിള്‍. മാര്‍ത്ത റിട്ടയര്‍ ചെയ്ത സ്കൂള്‍ ടീച്ചര്‍. മക്കള്‍ മൂന്നു പേരും സ്വന്തം കൂടുകള്‍ ഉണ്ടാക്കി പറന്നു പോയതോടെ പ്രാരാബ്ധങ്ങള്‍ എല്ലാം ഒഴിഞ്ഞു കിട്ടിയ വയസ്സുകാലം സന്തോഷത്തോടെ ആഘോഷിക്കുന്ന ദമ്പതികള്‍. വളരെ പോസിറ്റീവ് ആയ ഒരു അപ്രോച്ച്. ഒത്തിരി പ്രകാശവും, നിറങ്ങളും പ്രസാദവും നിറഞ്ഞ ലോകം.
ഒരു നോര്‍മല്‍ സെമിഡിറ്റാച്ഡിന്റെ പടി കടന്നെത്തുമ്പോള്‍ പേരക്കുട്ടികളുടെ ചിരിക്കുന്ന ഫോട്ടോകള്‍ക്കു നടുവില്‍ ചുവരില്‍ വലുതായി ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന വാചകം - "Life is too short to cry over'' - ഇതാണ് ഞങ്ങളുടെ ഫിലോസഫിയെന്ന് കുണുങ്ങി ചിരിയോടെ മൈക്കിള്‍.
ലിവിംഗ് റൂമില്‍ നിരത്തി വച്ചിരിക്കുന്ന ക്യൂറിയോസ്, ജഗ്സ്, ധാരാളം പെയിന്റിംഗ്സ്, സ്റാമ്പ് ആല്‍ബങ്ങള്‍, റ്റീപോയ് നിറഞ്ഞു കവിയുന്ന മാഗസിനുകള്‍, ഒരു സൈഡ് ടേബിളില്‍ ഒതുങ്ങിയിരിക്കുന്ന വയലിന്‍, പ്രൌഢിയോടെ പിയാനോ, നിലയ്ക്കാതെ പാടുന്ന ഗ്രാമഫോണ്‍, ബ്രസീലിയന്‍ കാട് അപ്പാടെ പറിച്ചു നട്ട പോലെ പച്ച പിടിച്ച കണ്‍സര്‍വേറ്ററി, അടുക്കളയില്‍ നിന്നും ഒഴുകിയെത്തുന്ന കൊതിപ്പിക്കുന്ന സുഗന്ധം - മൈക്കിളിന്റെയും മാര്‍ത്തയുടെയും മനോഹര ലോകം.
ചെറുപ്പത്തിന്റെ തിരക്കുകളിലും, സാമ്പത്തിക ഞെരുക്കങ്ങളിലും നടക്കാതെ പോയ താല്പര്യങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നു ഇവര്‍ ദിവസം മുഴുവനും. ഓരോ വര്‍ഷവും ഒരു പുതിയ സ്കില്‍ പഠിക്കുക - മനസ്സിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ ഒരു മൈക്കിള്‍-ടിപ്പ്. മൈക്കിള്‍ ഈ വര്‍ഷം പഠിക്കുന്നത് ബാള്‍ റൂം ഡാന്‍സിംഗ്. മാര്‍ത്തയുടെ ഇന്ററസ്റ് കര്‍ട്ടന്‍ മെയ്ക്കിംഗ്.
അടുത്തുള്ള കുറച്ചു കുട്ടികളുടെ വയലിന്‍ ട്യൂട്ടര്‍, ഹോസ്പിറ്റലിലെ വാര്‍ഡുകളില്‍ രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്ന വോളണ്ടീയര്‍, ചര്‍ച്ച് ക്വയറിലെ ആക്ടീവ് മെംബര്‍... മാര്‍ത്തയ്ക്ക് ദിവസങ്ങള്‍ക്ക് നീളം കുറവായ കുഴപ്പമേയുള്ളൂ. കുക്കിംഗും, കാര്‍ മെക്കാനിസവും, സ്റാമ്പ് കളക്ഷന്‍, ഡോഗ് ബ്രീഡിംഗ് എന്നീ ഹോബികളും കുറച്ച് ഫ്രീലാന്‍സ് കാര്‍പെന്ററി വര്‍ക്കും കൂടി ആവുമ്പോള്‍ മൈക്കിളും വെരി ബിസി. തിരക്കുകള്‍ക്കിടയ്ക്ക് "ഓള്‍ഡ് ഏജിനു'' കൊടുക്കാന്‍ തല്ക്കാലം അപ്പോയ്ന്റ് മെന്റില്ല എന്നു മൈക്കിള്‍.
നമ്മള്‍ മലയാളികളുടെ ഒരു ടിപ്പിക്കല്‍ വീക്ഷണ ആംഗിളില്‍ കൂടി നോക്കിയാല്‍, ഈ വയസ്സു കാലത്ത് ഇവര്‍ക്കു വല്ല നാമവും ജപിച്ചിരുന്നു കൂടെ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. ചെറുപ്പകാലം മുഴുവന്‍ കഷ്ടപ്പെട്ടു, കാലത്തു മുതല്‍ രാത്രി വരെ ജോലി ചെയ്ത്, കുട്ടികളെ പഠിപ്പിച്ച് അവരെ കല്യാണം കഴിച്ചു കൊടുത്തു കഴിഞ്ഞാല്‍, "ഇനിയെന്തു ജീവിതം'' എന്നൊരു തണുപ്പന്‍ മട്ടല്ലേ പൊതുവെ നമുക്ക്.
അയല്‍പക്കക്കാരനെക്കാള്‍ ഒരു നൂറു സ്ക്വയര്‍ ഫീറ്റെങ്കിലും വലുതാക്കി കെട്ടി ഉയര്‍ത്തിയ കൊട്ടാരത്തില്‍ സുഖസൌകര്യങ്ങള്‍ക്കു നടുവില്‍, "കണ്‍സ്ട്രക്റ്റീവ്'' ആയോ, "ക്രിയേറ്റീവ്'' ആയോ യാതൊന്നിലും താല്പര്യം ഇല്ലാതെ, "വയസ്സായില്ലേ, ഇനി എന്തു ജീവിതം'' എന്ന പോളിസിയുമായി ജീവിക്കുന്ന ധാരാളം വൃദ്ധദമ്പതികളെ കാണാറുണ്ട് നാട്ടില്‍ ചെല്ലുമ്പോളൊക്കെ.
ഒരു ടിപ്പിക്കല്‍ കുശലാന്വേഷണം ഇങ്ങനെയായിരിക്കും.
"എന്താ സൂസി ആന്റീ, സുഖമല്ലേ?''
"ഓ, എന്തു സുഖം. ഇങ്ങനെ ജീവിച്ചു പോകുന്നു, മരിക്കുന്നതുവരെ''
"അയ്യോ ആന്റീ, അത്രയ്ക്കു വയസ്സൊന്നുമായില്ലല്ലോ. അസുഖം വല്ലതും?''
"ഓ, അസുഖം മനസ്സിനാണെന്നേ''
"വീട്ടില്‍ കാര്യങ്ങള്‍ ഒക്കെ?''
"ഓ, പണിക്ക് ആളൊക്കെയുണ്ട്; അവര്‍ കാലത്തു തന്നെ എന്തെങ്കിലും വച്ചുണ്ടാക്കി തരും. കഴിക്കാന്‍ ആര്‍ക്കാ താല്പര്യം?''
"ആന്റീ, മക്കള്‍ക്ക് എപ്പോഴും അടുത്തിരിക്കാന്‍ പറ്റുമോ? അവര്‍ക്കും ജോലി ഉള്ളതല്ലേ?''
"അതു ശരിയാ''
"അപ്പോള്‍ പിന്നെ ആന്റിക്കും, അങ്കിളിനും പുറത്തൊക്കെ പോയി പണ്ടത്തെ കൂട്ടുകാരെയൊക്കെ കണ്ടു വന്നുകൂടേ? ഇടയ്ക്കൊക്കെ ഒരു ഔട്ടിംഗ് ഒക്കെ ആയാല്‍ ഒരു സന്തോഷമല്ലേ? കാറും ഡ്രൈവറും ചുമ്മാ കിടക്കുകയല്ലേ?''
"ഓ, എന്തോന്ന് ഔട്ടിംഗ്? മനസ്സിനൊരു സന്തോഷവുമില്ലെന്നേ''
"ആന്റീ, മനസ്സിനു സന്തോഷം നമ്മള്‍ ഉണ്ടാക്കുന്നതല്ലേ, ഇങ്ങിനെ വീട്ടില്‍ അടച്ചിരുന്നാല്‍ സന്തോഷം ഉണ്ടാവുമോ?
"ഓ, ഇത്ര വയസ്സായിലല്ലേ?''
ബാക്ക് ടു പവലിയണ്‍.
ഇന്ത്യയും യൂറോപ്പും തമ്മിലുള്ള കള്‍ച്ചറല്‍ ഡി ഫറന്‍സ് എന്നൊക്കെ കാരണങ്ങള്‍ നിരത്താമെങ്കിലും നമ്മള്‍ മാര്‍ത്തയെയും, മൈക്കിളിനെയും പോലെ ആവണോ, അതോ സൂസി ആന്റിയെപ്പോലെ ആവ ണോ എന്നു തീരുമാനിക്കുന്നത് നമ്മള്‍ തന്നെയല്ലേ?
Wednesday, 2 September 2009
വാട്ട് ഗോസ് എറൌണ്ട്.
‘കിച്ചൂ, അമ്മ പോവാട്ടൊ. ബൈ’
‘അമ്മാ, കിസ്സ് കിസ്സ്’
‘ഓകേ കിച്ചു, കിസ്സ് കിസ്സ്. ഇനി നല്ല കുട്ടി ആയി നെറ്സറിയില്‍ പോവാന്‍ നോക്കു’
‘നൊ, അമ്മാ, പ്ലേ വിത് മീ’
‘കിചു, അമ്മക്കു ഓഫ്ഫിസില്‍ പോവാന്‍ നേരായി’
‘നൊ, അമ്മ, ഡൊന്റ് ഗൊ. പ്ലേ വിത് മി’
‘കിചു, പ്ലീസ് നല്ല കുട്ടിയല്ലേ. അമ്മ പോട്ടെ’
‘അമ്മാ, ഗിവ് മെ എ ഹഗ്സി’
‘ഹിയര്‍ യു ഗൊ കിച്ചു. ഇനി പോയി ഫയറ്മാന്‍ സാം കാണൂ’
‘ഗിവ് മി അനതര്‍ കിസ്സ് അമ്മ’
‘കിച്ചൂ’
‘അമ്മാ ഐ ലവ് യു’
‘ഐ ലവ് യു ടൂ മുത്തെ, ബൈ'
‘അമ്മാ അനതര്‍ ഹഗ്സി’
‘ബൈ കിച്ചു, പുറകെ നിന്നു വിളിക്കല്ലെ’
‘അമ്മാ…’
‘അമ്മാ...’
2019
‘കിച്ചു’
'.....'
‘കിച്ചു’
'.......'
‘കിച്ചു, നിനക്കെന്താ ചെവി കെള്ക്കില്ലേ?’
‘ഡൊന്റ് ഡിസ്റ്ററ്ബ് മി’
‘കിച്ചു, ഐ വാന്റ് റ്റു റ്റോക് റ്റു യു’
‘അമ്മ, ഐ ആം ബിസി..’
'കിച്ചു, നീ ഇന്നെന്തു ചെയ്തു സ്കുളില്‍?
‘ .....’
‘കിച്ചു, ഐ അം റ്റൊകിങ് റ്റു യൂ..’
‘അമ്മ, ഞാന്‍ പറഞ്ഞില്ലേ, ഡൊന്റ് ഡിസ്റ്ററ്ബ് മി. ക്ളോസ് ദ ഡോര്‍ വെന്‍ യു ഗൊ ഔറ്റ് ഓഫ് മൈ റൂമ്’ ‘കിച്ചൂ......’
‘കിച്ചൂ ‘
‘ ‘ ' '
നിങലൊക്കെ ഇപ്പൊ വിചാരിക്കുന്നുണ്ടാവും , അമ്മ കിച്ചൂനെ ഇട്ടു ജോലിക്കു പോയതൊണ്ദാ ഇങനൊക്കേന്നു അല്ലെ? അമ്മക്കു കിച്ചൂനേയാ ലോകത്തേക്കും ഇഷ്ടം എന്നു കിച്ചൂനും അറിയാം , അമ്മക്കും അറിയാം . ഇതൊക്കെ എല്ലാ ജനറേഷനിലും നടക്കുന്നതല്ലേ? കിച്ചൂന്റെ ലൈഫിലും ഇതൊക്കെ സംഭവിക്കുമ്പോള്‍ അമ്മേം ചിരിക്കും കൈകൊട്ടി.
About Me
- Seema Menon
- Newcastle Upon Tyne, United Kingdom
- A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!

